പാണ്ഡിത്യത്തിന്റെ കിരീടം

  Posted on: February 1, 2014 8:35 pm | Last updated: February 1, 2014 at 8:35 pm

  8

  പണ്ഡിത കേരളത്തിന്റെ അമരക്കാരനും ആത്മീയ കേരളത്തിന്റെ സാരഥിയുമായ ഉള്ളാള്‍ സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ബുഖാരിയുടെ അധ്യാപനത്തിന്റെ മാധൂര്യം ഒന്ന് വേറെ തന്നെയാണ്. ദര്‍സ് നടത്താന്‍ തങ്ങള്‍ പ്രത്യേക തയാറെടുപ്പൊന്നും നടത്താറില്ല. ഓതിക്കൊടുക്കുന്ന കിതാബുകളെല്ലാം അദ്ദേഹത്തിന് ഹൃദിസ്ഥമാണ്. മുന്‍കൂട്ടി തയാറെടുക്കാതെയും റഫര്‍ ചെയ്യാതെയും അധ്യാപനം നടത്തിയാല്‍ വിദ്യാര്‍ഥികളുടെ സംശയങ്ങള്‍ക്കും കുസൃതിച്ചോദ്യങ്ങള്‍ക്കും മറുപടി നല്‍കാന്‍ പലരും പ്രയാസപ്പെടാറുണ്ട്. എന്നാല്‍ തങ്ങള്‍ക്ക് അത്തരമൊരു ഭയമേയില്ല. ശിഷ്യന്മാരുടെ എത്ര സങ്കീര്‍ണമായ ചോദ്യങ്ങള്‍ക്കും യാതൊരു ശങ്കയുമില്ലാതെ, തപ്പിത്തടയലില്ലാതെ തങ്ങള്‍ മറുപടി നല്‍കും. പ്രമാണങ്ങളുടെ പിന്‍ബലത്തോടെയായിരിക്കും ആ മറുപടികളൊക്കെയും. അത്രമാത്രം അഗാധമാണ് അദ്ദേഹത്തിന്റെ ഓര്‍മശക്തിയും ബുദ്ധിവൈഭവവും.
  തങ്ങളിലെ ഈ കഴിവ് തങ്ങളുടെ ഉസ്താദായ ശംസുല്‍ ഉലമാ ഇ കെ അബൂബക്കര്‍ മുസ്‌ലിയാര്‍ നേരത്തെ തന്നെ മനസ്സിലാക്കിയിരുന്നു. തന്റെ ദര്‍സില്‍ പഠിച്ചു കൊണ്ടിരിക്കെ ഒരിക്കല്‍ അദ്ദേഹം തങ്ങളെ വിളിച്ചു പറഞ്ഞു: ‘മുസ്‌ലിം, മുല്ലാജാമി, മഹല്ലി, ചഗ്മീനി, നുഖ്ബ തുടങ്ങിയ കിതാബുകളൊക്കെ തങ്ങള്‍ ഓതിക്കൊടുക്കണം’

  ‘ഞാന്‍ പഠിക്കാന്‍ വന്നതാണല്ലോ. മുല്ലാജാമി ഞാന്‍ കണ്ടിട്ടു പോലുമില്ല. പിന്നെങ്ങനെ ഓതിക്കൊടുക്കും’ എന്നായിരുന്നു തങ്ങളുടെ പ്രതികരണം.
  ‘ഈ കിതാബുകളൊക്കെ നന്നായി ക്ലാസെടുക്കാന്‍ തങ്ങള്‍ക്ക് സാധിക്കും’. ഇ കെ വീണ്ടും പറഞ്ഞപ്പോള്‍ ഗുരുനാഥന്റെ നിര്‍ദേശം പാലിക്കാന്‍ തങ്ങള്‍ സന്നദ്ധനായി. അങ്ങനെ മുല്ലാജാമി അടക്കം താന്‍ മുമ്പ് കണ്ടിട്ടില്ലാത്ത കിതാബുകള്‍ പോലും തങ്ങള്‍ ഭംഗിയായി ക്ലാസെടുത്തു.
  ക്ലാസിലേക്ക് വരുന്നതിന് മുമ്പായി തങ്ങള്‍ രണ്ട് റക്അത്ത് നിസ്‌കിരിക്കും. സലാം വീട്ടി ദുആ കഴിയുമ്പോഴേക്കും വിദ്യാര്‍ഥികള്‍ കിതാബുമായി ക്ലാസില്‍ എത്തിയിരിക്കും. തങ്ങള്‍ വന്ന് ‘ആ വായിക്ക്’ എന്ന് പറയുതോടെ ഏതെങ്കിലുമൊരു വിദ്യാര്‍ഥി കിതാബിലെ വരികള്‍ വായിച്ചു തുടങ്ങും. തങ്ങള്‍, ഇരുന്നും നടന്നും ക്ഷീണിതനാണെങ്കില്‍ കിടന്നും ക്ലാസെടുക്കും. കിതാബ് നോക്കാതെ മനഃപാഠമായി ക്ലാസെടുക്കുന്ന ആ രീതി വിസ്മയജനകമാണെന്ന് ശിഷ്യര്‍ സാക്ഷ്യപ്പെടുത്തുന്നു. കിതാബ് വായനയില്‍ വിദ്യാര്‍ഥിക്ക് പിഴവ് സംഭവിക്കുകയോ, എതെങ്കിലും ഭാഗം വിട്ടു പോവുകയോ ചെയ്താല്‍ അതും തങ്ങള്‍ തിരുത്തിക്കൊടുക്കും. തങ്ങളുടെ ക്ലാസിന്റെ മാധുര്യം ആസ്വദിക്കാന്‍ വിദ്യാര്‍ഥികളല്ലാത്ത ധാരാളം പേര്‍ ഉള്ളാള്‍ കോളജിലെത്താറുണ്ട്. കരുവന്‍തുരുത്തിയില്‍ തങ്ങള്‍ നടത്തുന്ന മാസാന്ത ക്ലാസിനും നൂറുകണക്കിനാളുകളാണ് എത്താറുള്ളത്. തിരക്ക് പിടിച്ച ജീവിതത്തിനിടയിലും തന്റെ ക്ലാസിന് മുടക്കം വരാതിരിക്കാന്‍ പരമാവധി തങ്ങള്‍ ശ്രദ്ധിക്കാറുണ്ട്. സിയാറത്ത് യാത്രയോ, പൊതുപരിപാടികളോ കഴിഞ്ഞ് രാത്രി താമസിച്ചാണ് തങ്ങള്‍ എത്തുന്നതെങ്കിലും പ്രഭാത ക്ലാസിന് മുടക്കം വരാറില്ല. പി എ മുഹമ്മദലി മദനി കല്‍ത്തറ, ഒരനുഭവം എഴുതുന്നു: ‘ഒരു ദിവസം ഉള്ളാള്‍ തങ്ങള്‍ക്ക് ബംഗളൂരുവില്‍ ഒരു പരിപാടിയുണ്ടായിരുന്നു. അസര്‍ നിസ്‌കാരത്തിന് ശേഷമാണ് ഉള്ളാളത്ത് നിന്നദ്ദേഹം പുറപ്പെട്ടത്. പരിപാടി കഴിഞ്ഞ് അന്ന് രാത്രി തന്നെ തിരിച്ചു പുറപ്പെട്ട തങ്ങള്‍ ഉള്ളാള്‍ കോളജില്‍ എത്തുമ്പോള്‍ സുബ്ഹി ബാങ്ക് കൊടുത്തിരുന്നു. അന്ന് രാവിലെ എട്ട് മണിക്ക് തങ്ങള്‍ക്ക് ബൈളാവി ക്ലാസുണ്ട്. രാത്രി ഒട്ടും ഉറങ്ങാത്തത് കൊണ്ട് അന്ന് ക്ലാസിന് തങ്ങള്‍ വരില്ലെന്നായിരുന്നു ഞങ്ങള്‍ കരുതിയത്. എന്നാല്‍ അന്നും കൃത്യം എട്ട് മണിക്ക് തന്നെ തങ്ങള്‍ ക്ലാസിനെത്തി. രാത്രി പൂര്‍ണമായും യാത്രയിലായിരുന്നതിന്റെയും പൊതുപരപാടിയില്‍ സംബന്ധിച്ചതിന്റെ ക്ഷീണവും പ്രയാസവുമുണ്ടായിട്ടും അശേഷവും വിശ്രമിക്കാതെ ദര്‍സിനെത്തിയ തങ്ങളുടെ ഉത്തരവാദബോധത്തിലും ആത്മാര്‍ഥതയിലും ഞങ്ങള്‍ അത്ഭുതപ്പെട്ടു. ഇതൊരു ഉദാഹരണം മാത്രം. തങ്ങളുടെ ജീവിതം മുഴുക്കെ ഇങ്ങനെ തന്നെയാണ്’ (ഉള്ളാള്‍ തങ്ങള്‍/ മദനീസ് ക്രിയേഷന്‍ 104-105)

  ഇബാദത്തുകളില്‍ വളരെ കൃത്യനിഷ്ഠ പാലിച്ചിരുന്നു തങ്ങള്‍. എത്ര തിരക്കുണ്ടെങ്കിലും യാത്രയിലായാലും ആരാധനകള്‍ക്ക് മുടക്കം വരുത്താറില്ല. തഹജ്ജുദ് നിസ്‌കാരം, സുബ്ഹ് നിസ്‌കാരത്തിന് ശേഷമുള്ള ഖുര്‍ആന്‍ പാരായണം, ദലാഇലുല്‍ഖൈറാത്ത് പാരായണം, നിസ്‌കാരങ്ങള്‍ക്ക് ശേഷം പതിവുള്ള ഔറാദുകള്‍ തുടങ്ങിയ ചര്യകള്‍ക്കൊന്നും യാത്രകളില്‍ പോലും തങ്ങള്‍ മുടക്കം വരുത്താറില്ലെന്ന് തങ്ങളുടെ കൂടെ പല യാത്രകളും ചെയ്ത ശൈഖുനാ കാന്തപുരം സാക്ഷ്യപ്പെടുത്തിയതായി കാണാം (ഉള്ളാള്‍ തങ്ങള്‍ പേജ് 83, 84)