സിറാജ് കാമ്പയിന്‍ ഇന്നു മുതല്‍

Posted on: February 1, 2014 8:20 pm | Last updated: February 1, 2014 at 8:20 pm

ദുബൈ: സിറാജ് ദിനപത്രത്തിന്റെ എട്ടാമത് വാര്‍ഷിക കാമ്പയിന്‍ ഇന്ന് ആരംഭിക്കും. യു എ ഇയില്‍ ഏറ്റവും കൂടുതല്‍ വാര്‍ഷിക വരിക്കാരുള്ള പത്രത്തിന്റെ ഒരു മാസം നീണ്ടു നില്‍ക്കുന്ന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇന്ന് തുടക്കമാവുന്നത്.
കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി വിപുലമായ മുന്നൊരുക്കങ്ങളാണ് ഐ സി എഫ്, ആര്‍ എസ് സി കമ്മിറ്റിയുടെ കീഴിലായി നടന്നത്. വിവിധ ഏരിയകളിലെ കണ്‍വന്‍ഷനുകള്‍, യൂണിറ്റ് പര്യടനങ്ങള്‍ ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്.
മൂന്നു ഘട്ടങ്ങളായി നടക്കുന്ന പ്രവര്‍ത്തന കാലയളവില്‍ വിവിധ സ്‌ക്വാഡുകള്‍ വരിക്കാരെ കണ്ടെത്തുന്നതിനുള്ള ഫീല്‍ഡ് വര്‍ക്കുകള്‍ നടത്തും. യു എ ഇ ആഭ്യന്തര മന്ത്രാലയത്തിന്റെ സാമൂഹിക സുരക്ഷാ കാമ്പയിന്‍ കഴിഞ്ഞ നാല് വര്‍ഷങ്ങളായി ഏറ്റെടുത്തു നടത്തുന്ന സിറാജ് ദിനപത്രം യു എ ഇയുടെ എല്ലാ ഭാഗങ്ങളിലും വിതരണം ചെയ്യപ്പെടുന്നുണ്ട്.
കാമ്പയിന്റെ ഔദ്യോഗിക ഉദ്ഘാടനം കഴിഞ്ഞ ദിവസം
സിറാജ് ചെയര്‍മാന്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉസ്മാന്‍ കടവത്തൂരിനെ വരിക്കാരനാക്കി ഉദ്ഘാടനം ചെയ്തു.
വാര്‍ഷിക വരിക്കാരാവുന്നവര്‍ക്ക് നിരക്കിളവിനു പുറമെ സമ്മാന പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. ഐ സി എഫ് നാഷണല്‍ പബ്ലിക്കേഷന്‍ സമിതിയാണ് കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുന്നത്.