Connect with us

Ongoing News

വിജ്ഞാനം ഒഴുകുന്ന 'സബ്ഖ്'

Published

|

Last Updated

അനേകം ശിഷ്യസമ്പത്തിന്റെ ഉടമയായ ഉള്ളാള്‍ തങ്ങളുടെ “”സബ്കി”(ദര്‍സിലെ ക്ലാസ്)ന്റെ മാധുര്യം വിവരണാതീതമാണ്. മഹാനവര്‍കളുടെ അധ്യാപനത്തിലുള്ള കഴിവ് പഠനകാലത്ത് തന്നെ തിരിച്ചറിഞ്ഞ ഗുരു ഇ കെ അബൂബക്കര്‍ മുസ്‌ലിയാര്‍ സബ്ക് നടത്താന്‍ നിയോഗിച്ച സംഭവം സ്മരണീയമാണ്.
ഒരിക്കല്‍ ഇ കെ പറഞ്ഞു:
“തങ്ങള്‍ മുസ്‌ലിം, മഹല്ലി….. ചഗ്മീനി… നുഖ്ബ… മുല്ലാജാമി എന്നീ കിതാബുകള്‍ ഓതിക്കൊടുക്കണം.”
“ഞാന്‍ പഠിക്കാന്‍ വന്നതാണ്.” തങ്ങള്‍ പ്രതികരിച്ചു.
“തങ്ങള്‍ക്ക് നല്ല ശൈലിയില്‍ അവ ക്ലാസ്സെടുക്കാന്‍ കഴിയും. അത് ഓതിക്കൊടുക്കുക.” ഇ കെയുടെ ദൃഢസ്വരം.
അങ്ങനെ കാണുക പോലും ചെയ്തിട്ടില്ലാത്ത മുല്ലാജാമിയടക്കം ആ കാലത്തുതന്നെ ഓതിക്കൊടുത്തു.

ഇകെ ആ കാലത്ത് തന്റെ ദീര്‍ഘദൃഷ്ടിയില്‍ കണ്ട തങ്ങളുടെ സാമര്‍ത്ഥ്യം പില്‍ക്കാലത്ത് ഉള്ളാള്‍ മദനീകോളേജിലെ സൗരഭ്യം പരത്തുന്ന ക്ലാസ്സുകളിലൂടെ ലോകം അറിഞ്ഞുകൊണ്ടിരുന്നു. ഹിജ്‌റ 1371-ലാണ് തങ്ങള്‍ ഉള്ളാളത്ത് ദര്‍സ് തുടങ്ങിയത്. 57 വര്‍ഷങ്ങള്‍ക്കിപ്പുറവും തടസ്സങ്ങളില്ലാത്ത ഒരു നീരുറവ പോലെ അത് ഒഴുകിക്കൊണ്ടിരിക്കുന്നു. ഓതിക്കൊടുക്കുന്ന കിതാബുകളെല്ലാം തങ്ങള്‍ക്ക് ഹൃദിസ്ഥമാണ്. കാര്യമായ തയാറെടുപ്പുകളുണ്ടാവാറില്ല. ആ തരത്തില്‍ ഓതിക്കൊടുത്താല്‍ ശിഷ്യന്‍മാരുടെ കുസൃതിച്ചോദ്യങ്ങള്‍ക്ക് മറുപടി പറയാനാവില്ല എന്നത് തങ്ങള്‍ക്ക് ബാധകമല്ല. എത്ര സങ്കീര്‍ണമായ ചോദ്യമാണെങ്കിലും തപ്പിത്തടവില്ലാതെ പ്രമാണസഹിതം ഓര്‍മയുടെ അറകളില്‍ നിന്ന് പുറത്തെടുത്ത് പറഞ്ഞുതരും. അത്രമാത്രം അഗാധമാണ് ആ പാണ്ഡിത്യം.

ക്ലാസ്സു തുടങ്ങുന്നതിനു മുമ്പ് പള്ളിയില്‍ കയറി രണ്ട് റക്അത്ത് സുന്നത്ത് നിസ്‌കരിക്കും. സലാം വീട്ടിയാല്‍ ദുആ കഴിയുമ്പോഴേക്കും വിദ്യാര്‍ത്ഥികള്‍ കിതാബുമായി വന്നിരിക്കും. സൂചി വീണാല്‍പോലും കേള്‍ക്കുന്ന അവസ്ഥയിലായിരിക്കും അപ്പോള്‍ ഉള്ളാള്‍ ജുമുഅത്ത് പള്ളിയും പരിസരവും. ദുആ കഴിഞ്ഞാല്‍ തങ്ങള്‍ എഴുന്നേറ്റ് “ആ.. വായിക്ക്” എന്നു പറഞ്ഞാല്‍ ഉടനെ വിദ്യാര്‍ത്ഥികളില്‍ ആരെങ്കിലും വായന തുടങ്ങിയിരിക്കണം.
പിന്നെ, നിന്നും നടന്നും മദനീ മസ്ജിദിന്റെ മിഹ്‌റാബിന്റെ സമീപം വന്നിരുന്നും ക്ഷീണിച്ചാല്‍ കിടന്നും ആ വിജ്ഞാനധാര ഒഴുകുകയായി.
മനഃപാഠമായി ഓതിത്തരുന്ന ആ ശൈലി ഹര്‍ഷാത്മകമാണ്. വായിച്ചുകൊടുക്കുന്ന വിദ്യാര്‍ത്ഥി അക്ഷരം വിട്ടാലും പിഴവ് പറ്റിയാലും ആ ഓര്‍മയുടെ പര്യായം അത് തിരുത്തും.

ക്ലാസ്സിന്റെ മാധുര്യം ആസ്വദിക്കാന്‍ ധാരാളം ജനങ്ങള്‍ ഉള്ളാളില്‍ എത്താറുണ്ടായിരുന്നു. മഹാനായ സയ്യിദ് മാലിക്കിന്റെ അധ്യാപനങ്ങളെ അനുസ്മരിപ്പിക്കുന്നതാണ് തങ്ങളുടെ ക്ലാസ്സ്. ഗൗരവവും തമാശയും എല്ലാം സബ്കില്‍ ഇഴുകിച്ചേരും. തങ്ങളുടെ തമാശയെക്കുറിച്ച് ഒരു ശിഷ്യന്റെ അനുഭവസാക്ഷ്യം ഇങ്ങനെ:

“”……. സ്വഹീഹുല്‍ ബുഖാരിയാണ് ക്ലാസ്സ് രംഗം. മുസൈലിമയെക്കുറിച്ച് പ്രതിപാദിക്കുന്ന ഭാഗമാണെന്നാണ് ഓര്‍മ്മ. ഞാന്‍ വായിക്കുകയും അവിടുന്ന് അര്‍ത്ഥം പറഞ്ഞ് വിശദീകരിക്കുകയുമാണ് പതിവ്. ഞാന്‍ വായിച്ചു: “”ഇഖ്‌സഅ്”” ഇത് കേട്ടപാടെ അവിടുന്ന് പറഞ്ഞു: “”ചെലക്കല്ലെടാ.”” അല്‍പനേരത്തെ മൗനത്തിനു ശേഷം തെറ്റുപറ്റിയിട്ടില്ലെന്ന ഉറപ്പോടെ വീണ്ടും വായിച്ചു: “”ഇഖ്‌സഅ്!”” “”ചെലക്കല്ലെടാ!”” ഞാന്‍ കൂലങ്കഷമായി ചിന്തിച്ചു. ഇല്ല എനിക്ക് തെറ്റ് സംഭവിച്ചിട്ടില്ല. ഉറപ്പുവരുത്തിയ ശേഷം കുറച്ചുകൂടി ശബ്ദത്തില്‍ വീണ്ടും വായിച്ചു: “ഇഖ്‌സഅ്” . “ചെലക്കല്ലെടാ.” പൂര്‍വോപരി ശബ്ദത്തിലും ഗൗരവത്തിലുമായിരുന്നു മൂന്നാമത്തെ പ്രാവശ്യം ശൈഖുന പ്രതികരിച്ചത്. ഞാനാകട്ടെ കുഴഞ്ഞു. ഇനിയും വായിച്ച് വഷളാവണോ? ഞാന്‍ പൂര്‍ണ്ണമൗനിയായി എന്റെ ചമ്മല്‍ കണ്ട് അവിടുന്ന് ചിരിച്ചുകൊണ്ട് ചോദിച്ചു: “”എടോ നീ എന്തേ പേടിച്ചുപോയോ? നീ വായിച്ച വാക്കിന് അര്‍ത്ഥം പറയുകയല്ലേ ഞാന്‍ ചെയ്തത്.”” ആ സമയം സഹപാഠികളൊന്നടങ്കം എന്റെ മുഖത്ത് നോക്കി ചിരിക്കുകയായിരുന്നു.
(സി കെ കെ മദനി ഗൂഡല്ലൂര്‍- ഉള്ളാള്‍ തങ്ങള്‍ – പേജ്: 172)

എന്ത് പ്രയാസമുണ്ടായാലും സബ്ക് മുടങ്ങാറില്ല എന്നതും ആ മഹാനുഭാവന്റെ പ്രത്യേകതയാണ്. പി പി മുഹമ്മദലി മദനി കല്‍ത്തറയുടെ അനുഭവം: ഒരു ദിവസം രാത്രി ബാംഗ്ലൂരില്‍ ഒരു പരിപാടി ഉണ്ടായിരുന്നു. അതിനായി അസര്‍ നിസ്‌കാരത്തിനു ശേഷം കാറില്‍ ബാംഗ്ലൂരിലേക്ക് പുറപ്പെട്ടു. അന്ന് രാത്രി പരിപാടി കഴിഞ്ഞ് തിരിച്ചുപുറപ്പെട്ട് ഉള്ളാളം പള്ളിയിലെ കോമ്പൗണ്ടില്‍ കടക്കുമ്പോള്‍ സുബ്ഹി ബാങ്ക് കൊടുത്തുകൊണ്ടിരുന്നു. അന്ന് രാവിലെ 8 മണിക്ക് ഞങ്ങള്‍ക്ക് ബൈളാവി സബ്കുണ്ട്. ഇന്നലെ രാത്രി ഉസ്താദ് തീരെ ഉറങ്ങാത്തതു കൊണ്ട് ഇന്ന് സബ്കിന് ഹാജരാവില്ലെന്നാണ് ഞങ്ങള്‍ കരുതിയത്. ഞങ്ങളെല്ലാവരും ഉസ്താദ് വരുന്നുണ്ടോ എന്ന് കരുതി പ്രതീക്ഷിച്ചുകൊണ്ടിരിക്കുമ്പോള്‍ കൃത്യം 8 മണിക്ക് അതാ മിതിയടിയും ചവിട്ടി രാജപ്രൗഢിയില്‍ ഉസ്താദെത്തി. ഞങ്ങള്‍ ആശ്ചര്യപ്പെട്ടു. രാത്രി പൂര്‍ണ്ണമായ യാത്രയിലും പരിപാടിയിലുമൊക്കെ ആയിരുന്നിട്ടും അല്‍പം പോലും വിശ്രമിക്കാതെ തന്റെ ദൗത്യം നിര്‍വ്വഹിക്കാന്‍ വേണ്ടി വരുന്നത് കണ്ടപ്പോള്‍ അവിടുത്തെ ആത്മാര്‍ത്ഥതയില്‍ ഞങ്ങള്‍ അത്ഭുതപ്പെട്ടു. ഇതൊരു ചെറിയ ഉദാഹരണം മാത്രം. അവിടുത്തെ ജീവിതം മുഴുവനും ഇങ്ങനെ തന്നെയാണ്.
(ഉള്ളാള്‍ തങ്ങള്‍ 104-105)