രാജ്യത്തെ ആദ്യ മോണോ റെയില്‍ ഓടിത്തുടങ്ങി

Posted on: February 1, 2014 4:30 pm | Last updated: February 1, 2014 at 7:32 pm

മുംബൈ: ഇന്ത്യയിലെ ആദ്യത്തെ മോണോറെയില്‍ രാജ്യത്തിന് സമര്‍പ്പിച്ചു. ചെമ്പൂരില്‍ മഹാത്മാ മൈതാനത്ത് മഹാരാഷ്ട്രാ മുഖ്യമന്ത്രി പ്രിഥ്വിരാജ് ചൗഹാനാണ് റിമോട്ട് കണ്‍ട്രോള്‍ വഴി റെയില്‍ ഉദ്ഘാടനം ചെയ്തത്. റെയില്‍ നാളെ മുതല്‍ സര്‍വീസ് ആരംഭിക്കും.

വഡാലയില്‍ നിന്നും ചെമ്പൂര്‍ വരെയുള്ള 8.9 കിലോമീറ്റര്‍ പാതയാണ് ഇന്ന് ഉദ്ഘാടനം ചെയ്തത്. മുംബൈ മോണോറെയിലിന്റെ ആദ്യഘട്ടത്തിന്റെ ഒന്നാം ലൈനാണ് ഇത്. റോഡ് മാര്‍ഗം സഞ്ചരിക്കുന്നതിന്റെ പകുതി സമയംകൊണ്ട് ഈ രണ്ടു സ്ഥലങ്ങള്‍ തമ്മിലുള്ള ദൂരം പിന്നിടാം. മുംബൈ മെട്രോപോളിറ്റന്‍ റീജ്യനല്‍ ഡെവലപ്‌മെന്റ് അഥോരിറ്റി(എം എം ആര്‍ ഡി എ)ക്കാണ് പദ്ധതിയുടെ ഉടമസ്ഥതക്കും നടത്തിപ്പിനും അവകാശം.

രാവിലെ ഏഴു മുതല്‍ ഉച്ചക്കുശേഷം മൂന്നു മണി വരെയാണ് സര്‍വാസ്. 15 മിനുട്ട് ഇടവിട്ടാണ് സര്‍വീസ് നടത്തുന്നത്. ഏഴു സ്റ്റേഷനുകളാണ് ഇന്ന് ഉദ്ഘാടനം ചെയ്ത് ലൈനിലുള്ളത്. പൂര്‍ണമായും ശീതീകരിച്ച നാലു കോച്ചുകളാണുള്ളത്. ഒരു സര്‍വീസില്‍ 562 പേര്‍ക്ക് യാത്ര ചെയ്യാം.