Connect with us

Wayanad

വ്യാജ ഡോക്ടര്‍മാര്‍ വിലസുന്നു; വയനാട്ടുകാര്‍ ആശങ്കയില്‍

Published

|

Last Updated

മാനന്തവാടി: ജില്ലയിലെ വ്യാജ ഡോക്ടര്‍മാര്‍ വര്‍ധിക്കുന്നത് വയനാട്ടുകാരില്‍ ആശങ്കയുളവാക്കി. വിവിധ പൈല്‍സ് ചികിത്സാ കേന്ദ്രങ്ങളില്‍ ആരോഗ്യവകുപ്പ് നടത്തിയ റെയ്ഡില്‍ ഇന്നലെ നാല് വ്യാജ ഡോക്ടര്‍മാരാണ് കുടുങ്ങിയത്.. മാനന്തവാടിയിലെ നിഷ ക്ലിനിക്, ലിഷ ക്ലിനിക്ക്, ബത്തേരി, പുല്‍പ്പള്ളി, കല്‍പ്പറ്റ എന്നിവിടങ്ങളിലെ ലിബു ക്ലിനിക് എന്നിവിടങ്ങളിലാണ് മിന്നല്‍ പരിശോധന നടത്തിയത്. പരിശോധനയില്‍ അലോപ്പതി മരുന്നുകള്‍ ചികിത്സക്കായി ഉപയോഗിക്കുന്നത് കണ്ടെത്തുകയും, മരുന്ന്, സൂചി, സിറിഞ്ച് എന്നിയും പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഡോക്ടര്‍ ആണെന്നുള്ള യാതൊരു രേഖയും ഇവര്‍ക്ക് ഹാജരാക്കാന്‍ കഴിഞ്ഞില്ല. കേരള ഗസര്‍ക്കാറിന്റെ അംഗീകാരമില്ലാതെയാണ് ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നത്. മാനന്തവാടിയില്‍ 17 വര്‍ഷത്തോളമായി നിഷ ക്ലിനിക് പ്രവര്‍ത്തിച്ചു വരുന്നുണ്ട്. രോഗികളില്‍ നിന്ന് ഫീസിനത്തില്‍ അമിത തുകയാണ് ഇവര്‍കൈപ്പറ്റിയിരുന്നത്.
പൈല്‍സിന് പുറമേ അര്‍ശ്ശസ്, ഫിസ്റ്റുല എന്നീ രോഗങ്ങള്‍ക്കും ഈ വ്യാജ ഡോക്ടര്‍മാര്‍ ചികിത്സ നല്‍കിയിരുന്നു. മറ്റ് ജില്ലകളെ അപേക്ഷിച്ച് ഹെപ്പറ്റൈറ്റിസ് ബി ജില്ലയില്‍ വര്‍ധിച്ചു വരുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടു കൂടിയാണ് ആരോഗ്യ വകുപ്പ് റെയ്ഡ് നടത്തിയത്. കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഹെപ്പറ്റൈറ്റിസ് ബിയുടെ 10 ശതമാനവും റിപ്പോര്‍ട്ട് ചെയ്യുന്നത് വയനാട് ജില്ലയിലാണ്. സാധാരണ ഗതിയില്‍ ഗര്‍ഭിണികള്‍ക്കും, ഓപ്പറേഷന്‍ ആവശ്യമുള്ള രോഗികളിലും മാത്രമാണ് ഈ രോഗത്തിനുള്ള പരിശോധന നടത്താറ്. എന്നിട്ടും 2012 ല്‍ 92 പേര്‍ക്കും, 2013ല്‍ 107 പേര്‍ക്കും ജില്ലയില്‍ ഈ രോഗം പിടിപ്പെട്ടിട്ടുണ്ട്. ഹെപ്പറ്റൈറ്റിസ് ബി പിടിപ്പെട്ട രോഗിക്ക് ലിവര്‍ ക്യാന്‍സറിന് വരെ സാധ്യതയുണ്ട്. ഇനിയും ഒരുപാട് രോഗികള്‍ ഹെപ്പറ്റൈറ്റിസ് ബി പിടിപ്പെട്ടിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് സംശയിക്കുന്നുണ്ട്.
സാധാരണ ഗതിയില്‍ മഞ്ഞപിത്തം വെള്ളത്തിലൂടെയും, ഭക്ഷണത്തിലുടെയുമാണ് പകരുതെങ്കില്‍ ഹെപ്പറ്റൈറ്റിസ് ബി വിഭാഗത്തില്‍ പെടുന്ന മഞ്ഞപിത്തം ലൈംഗീക ബന്ധത്തിലൂടെയും, രക്തത്തിലൂടേയും, സിറിഞ്ച് സൂചി എന്നിവയുടെ അശ്രദ്ധമായ ഉപയോഗത്തിലൂടെയുമാണ് പകരുന്നത്. പ്രധാനമായും ഇത്തരം സ്വകാര്യ ക്ലിനിക്കുകളില്‍ നിന്നാണ് ഈ രോഗ സാധ്യത എന്ന് മനസിലാക്കിയതോടെയാണ് ഈ കേന്ദ്രങ്ങള്‍ റെയ്ഡ് ചെയ്യാന്‍ തീരുമാനിച്ചത്.
ഈ ക്ലിനിക്കുകള്‍ റെയ്ഡ് ചെയ്തപ്പോഴാണ് ഇവിടെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ വ്യാജന്‍മാരെന്ന് തിരിച്ചറിഞ്ഞത്.
മാനന്തവാടിയില്‍ നിഷ ക്ലിനിക്കിന്റെ മൂന്ന് കേന്ദ്രങ്ങളിലായി റെയ്ഡ് നടത്തി. ഡോ. രവീണ്‍ കുമാറിനെ കസ്റ്റഡിയിലെടുത്തു. ഡോ. കുമാര്‍ എന്ന പേരിലാണ് ഇയാള്‍ അറിയപ്പെടുന്നത്. ലിഷ ക്ലിനിക് ഉടമ ഡോ. ബി കെ മിത്ര, ബത്തേരി ലിബു ക്ലിനിക് ഉടമ ഡോ. റോയി, കല്‍പ്പറ്റയില്‍ ലിബു ക്ലിനിക് ഉടമ ഡോ. എന്‍ കെ റോയി എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെത്തിയത്. പുല്‍പ്പള്ളി ലിബു ക്ലിനിക് ഉടമ ഏ എസ് മിത്ര ഒളിവിലാണ്. പുല്‍പ്പള്ളി, ബത്തേരി, കല്‍പ്പറ്റ എന്നിവിടങ്ങളില്‍ ഓരോന്നു വീതം ക്ലിനിക്കുകള്‍ പൂട്ടിയ നിലയിലാണ്. റെയ്ഡ് ഇനിയും തുടരാനാണ് സാധ്യത.
ആരോഗ്യ വകുപ്പ് നടപടികള്‍ പൂര്‍ത്തീകരിച്ച് പ്രതികളെ പോലീസിന് കൈമാറി. ഡിഎംഒ ഡോ. നിത വിജയന്‍, എന്‍ആര്‍എച്ച്എം പ്രോഗ്രാം മാനേജര്‍ ഡോ. ബിജോയ്, ആര്‍സിഎച്ച് ഓഫീസര്‍ ഡോ. വി ജിതേഷ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ഹെല്‍ത്ത് സൂപ്രൈവൈസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

Latest