സോഷ്യല്‍ മീഡിയയുടെ ദുരുപയോഗം

Posted on: February 1, 2014 6:00 am | Last updated: February 1, 2014 at 12:19 am

siraj copyഅമ്പലപ്പുഴ ബിനുക്കുട്ടന്റെ ഭാര്യ ബിജിത ഫാനില്‍ കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്ത സംഭവം കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ വന്നതാണ്. ദിനംപ്രതി നിരവധി പേര്‍ സ്വയം ജീവനൊടുക്കുന്ന സംസ്ഥാനത്ത് ഇതിലൊരു പുതുമയില്ലെങ്കിലും ബിജിത ആത്മഹത്യ ചെയ്യാനിടയായ സാഹചര്യം സമൂഹത്തിന്റെയും അധികൃതരുടെയും കണ്ണ് തുറപ്പിക്കേണ്ടതാണ്. ബിജിതക്കെതിരെ ബന്ധുവായ യുവാവ് ഫെയ്‌സ് ബുക്കിലൂടെ പ്രചരിപ്പിച്ച അപവാദമാണ് ആത്മഹത്യക്ക് കാരണമായത്. നേരത്തെയുള്ള കുടുംബവൈരാഗ്യത്തിന്റെ പേരിലാണ് ബിജിതയെ വളരെ മോശമായി ചിത്രീകരിക്കുന്ന കുറിപ്പ് യുവാവ് ഫെയിസ് ബുക്കിലിട്ടത്. ഇതവര്‍ക്ക് കടുത്ത മാനസികാഘാതമേല്‍പിച്ചിരുന്നതായി ബന്ധുക്കള്‍ വെളിപ്പെടുത്തുന്നു.
ഫെയിസ് ബുക്കിന്റെ ദുരുപയോഗം സൃഷ്ടിച്ച ദുരന്തങ്ങള്‍ നിരവധി മുമ്പും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മലയാളിയായ ഭാര്യയുടെ ഫെയ്‌സ്ബുക്ക് പ്രണയത്തില്‍ മനംനൊന്ത് ഝാര്‍ക്കണ്ഡ് സ്വദേശിയും സോഫ്റ്റ്‌വേയര്‍ എന്‍ജിനീയറുമയ ചന്ദന്‍ കിഷോര്‍ ജീവനൊടുക്കിയത് അടുത്തിടെയാണ്. ഭാര്യ ഏതു സമയവും ഫെയിസ്ബുക്ക് ചാറ്റിംഗിലാണെന്ന് അദ്ദേഹം സുഹൃത്തുക്കളോട് പരാതിപ്പെട്ടിരുന്നു. ആരോടാണ് ചാറ്റ് ചെയ്യുന്നതെന്ന് ചോദിച്ചാല്‍ മറുപടിയുണ്ടായിരുന്നില്ല.…ചാറ്റിംഗ് നിര്‍ത്തണമെന്ന തന്റെ ഉപദേശം ഭാര്യ നിരസിച്ചപ്പോള്‍ തൂങ്ങിമരണത്തിലൂടെയാണ് ചന്ദന്‍ കിഷോര്‍ പ്രതിഷേധം രേഖപ്പെടുത്തിയത്. ഫെയിസ് ബുക്കിലൂടെ പ്രണയം നടിച്ചു വശത്താക്കി പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയും അതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്ത ശേഷം ഫെയിസ് ബുക്കില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചതിന് ആറ്റിങ്ങലിലെ ജി പി മനോജ് പോലീസ് പിടിയിലായതും സമീപകാലത്താണ്.
ഇരുതല മൂര്‍ച്ചയുള്ളതാണ് സോഷ്യല്‍ മീഡിയ. യുവാക്കള്‍ക്കിടയില്‍ ഒരു ഹരമായി മാറിയ ഫെയിസ്ബുക്ക് സമൂഹത്തിന് അനുഗൃഹവും ഒപ്പം ശാപവുമാണ്. ഉപകാരപ്രദവും ഗുണകരവുമായ സന്ദേശങ്ങളാണ് സമൂഹത്തിന് അതെത്തിച്ചുകൊടുക്കുന്നതില്‍ ഏറെയും. സര്‍ഗാത്മകവും കിയാത്മകവുമാണ് അതിലൂടെ പ്രചരിപ്പിക്കപ്പെടുന്ന മിക്ക സംവാദങ്ങളും ചര്‍ച്ചകളും സൃഷ്ടികളും. അശരണര്‍ക്കും, രോഗികള്‍ക്കും സഹായം ലഭ്യമാക്കുന്നതിലും അഴിമതി, തട്ടിപ്പ് തുടങ്ങിയ സാമൂഹിക വിപത്തുകളെക്കുറിച്ചു ജനങ്ങളെ ബോധവാന്മാരാക്കുന്നതിലും ഈ സോഷ്യല്‍ മീഡിയയുടെ പങ്ക് ശ്ലാഘനീയമാണ്. ഈജിപ്തില്‍ ഹുസ്‌നി മുബാറക്കിനെതിരെ നടന്ന പ്രക്ഷോഭത്തിന്റെയും, ഇന്ത്യയില്‍ അഴിമതിക്കെതിരെയും ലോക്പാല്‍ ബില്‍ നിയമമാക്കുന്നതിനും അണ്ണാഹസാരെ നടത്തിയ സമരത്തിന്റെയും വിജയത്തില്‍ ഫെയിസ്ബുക്ക് വഹിച്ച പങ്ക് പ്രസ്താവ്യമാണ്. എന്നാല്‍ അടുത്ത കാലത്തായി ഇതിന്റെ ദുരുപയോഗം വര്‍ധിച്ചിട്ടുണ്ട്. വ്യക്തി, സംഘടന ,രാഷ്ട്രീയ വിരോധങ്ങളുടെ പേരില്‍ മറ്റുള്ളവരെ അപകീര്‍ത്തിപ്പെടുത്തുന്ന കുറിപ്പുകളും വിവരങ്ങളും ഫെയിസ്ബുക്കില്‍ ധാരാളമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ചാറ്റിംഗിലൂടെ പെണ്‍കുട്ടികളുമായി സ്ഥാപിക്കുന്ന സൗഹൃദം ചൂഷണം ചെയ്യുന്ന പ്രവണതയും വ്യാപകമാണ്. നാടിന്റെ സുരക്ഷക്ക് ഭീഷണിയുയര്‍ത്തുന്ന കുറിപ്പുകള്‍ പോലും ഇത്തരം മീഡിയകളില്‍ പ്രത്യക്ഷപ്പെടുന്നതായും പോലീസ് ഇത് സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യാഴാഴ്ച നിയമസഭയെ അറിയിക്കുകയുണ്ടായി. യുവാക്കളും വിദ്യാര്‍ഥികളും വീട്ടമ്മമാര്‍ പോലും ഇതിന്റെ അഡിക്ടായി മാറിയതു മൂലം വിലപ്പെട്ട അവരുടെ സമയം വൃഥാ പാഴാകുന്നു. വിദ്യാര്‍ഥികളുടെ പഠനത്തെയും ഭാവിയെയും ഇത് ബാധിക്കും. ഫെയിസ്ബുക്കിലൂടെ ലോകമെമ്പാടുമുള്ള ജനതയുമായി സംവദിക്കുന്ന അമേരിക്കന്‍ പ്രസിഡണ്ട് ബറാക് ഒബാമ, തന്റെ മക്കളുടെ ഫെയിസ്ബുക്ക് ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ വാര്‍ത്ത ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. പഠിക്കുന്ന കാലത്ത് മക്കള്‍ അതിനടിപ്പെടുന്നതിന്റെ ഭവിഷ്യത്ത് ഭയന്നാണ് വിലക്കേര്‍പ്പെടുത്തിയതെന്ന് ഒബാമ വിശദീകരിക്കുകയുണ്ടായി. ഫെയിസ്ബുക്കടക്കമുള്ള സോഷ്യല്‍ മീഡിയകളുടെ ഉപയോഗത്തിന് നിയന്ത്രണമേര്‍പ്പെടുത്തേണ്ടതിന്റെ അനിവാര്യതയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. നിയമങ്ങള്‍ കൊണ്ടോ, പോലീസ് നിരീക്ഷണം ശക്തമാക്കിയതു കൊണ്ടോ മാത്രം ഇതിന്റെ ദുരുപയോഗവും ഭവിഷ്യത്തും തടയാനാകില്ല. രക്ഷിതാക്കളുടെയും സമൂഹത്തിന്റെയും പങ്കാളിത്തം കൂടി അനിവാര്യമാണ്. മക്കളുടെ നെറ്റ്‌വര്‍ക്ക് ദുരുപയോഗത്തെക്കുറിച്ചു മറ്റാരേക്കാളും നിരീക്ഷിക്കേണ്ടതും ബോധവാന്മാരാകേണ്ടുതും രക്ഷിതാക്കളാണ്.