Connect with us

Malappuram

ഭീഷണിയായി നടുറോഡില്‍ വാരികുഴി: ഒരു മാസമായിട്ടും അധികൃതര്‍ക്ക് അനക്കമില്ല

Published

|

Last Updated

ചെറുകാവ്: ഇടതടവില്ലാതെ വാഹനങ്ങള്‍ കടന്നുപോകുന്ന റോഡിലെ വാരികുഴി ഭീഷണിയാകുന്നു. പെരിയമ്പലം പള്ളിക്കല്‍ ബസാര്‍ റോഡിലെ മിനി എസ്‌റ്റേറ്റ് ഭാഗത്താണ് റോഡിന് നടുവിലായി വലിയ കുഴി രൂപപ്പെട്ടിരിക്കുന്നത്.
ഓവുചാലിന് മുകളിലായി സ്ഥാപിച്ച പാലം തകര്‍ന്നാണ് റോഡില്‍ കുഴിയായി മാറിയത്. ദിനംപ്രതി നൂറു കണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്ന റോഡില്‍ വാഹനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള കാല്‍നടയാത്രക്കാര്‍ക്കും ഭീഷണിയായിട്ടും അധികതര്‍ തിരിഞ്ഞു നോക്കിയില്ലെന്നാണ് ആക്ഷേപം.
പള്ളിക്കല്‍ ബസാറില്‍ നിന്ന് പെരിയമ്പലം വഴി മലപ്പുറത്തേക്ക് നാലു തവണ ബസ് സര്‍വീസ് നടത്തുന്നതും ഇതുവഴിയാണ്. ഒരു മാസത്തിലധികമായി അപകടകരമായ നിലയില്‍ കിടന്നിട്ടും പ്രദേശവാസികള്‍ വിവരം നല്‍കിയിട്ടും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ജനപ്രതിനിധികളും വിഷയം ഗൗരവമായി കാണുന്നില്ലെന്നാണ് നാട്ടുകാര്‍ പരാതിപ്പെടുന്നത്.
രാത്രി സമയങ്ങളില്‍ ഇരുചക്രവാഹനങ്ങളുള്‍പ്പെടെ കുഴിയില്‍ ചാടി അപകടത്തിന് കാരണമായിട്ടുണ്ട്. മസ്ജിദ്, നഴ്‌സറി എന്നിവയും ഇതിന് മുന്നിലുണ്ട്. പരിസരത്തെ പത്തിലേറെ വ്യവസായ സ്ഥാപനത്തിലേക്കുള്ള വാഹനങ്ങള്‍ കടന്നുവരുന്നതും ഇതുവഴിയാണ്.
വിഷയത്തിന് പരിഹാരം കാണാതെ ചെറുകാവ് ഗ്രാമ പഞ്ചായത്തും പൊതുമരാമത്ത് വകുപ്പും പരസ്പരം പഴിചാരി ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞു മാറുകയാണ്. പ്രദേശത്ത് ഭീഷണിയായി മാറിയ റോഡ് നന്നാക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായില്ലെങ്കില്‍ കടുത്തസമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നാണ് നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കുന്നത്.