തെരുവ് നായ്ക്കള്‍ ജനങ്ങളെ കടിച്ചു കീറുന്നു നടപടിയില്ലാതെ പഞ്ചായത്തുകള്‍

Posted on: January 31, 2014 7:47 am | Last updated: January 31, 2014 at 7:47 am

dogവണ്ടൂര്‍: വണ്ടൂര്‍ മേഖലയിലെ വിവിധ പഞ്ചായത്തുകളില്‍ തെരുവുനായകള്‍ ജനങ്ങളെ കടിച്ചൂകീറുമ്പോഴും ഭീതിയകറ്റാന്‍ ഒരു നടപടിയും സ്വീകരിക്കാതെ പഞ്ചായത്തുകള്‍.
തെരുവ് നായകള്‍ 25 ഓളം പേരെ കടിച്ചുകീറിയ വണ്ടൂര്‍ മേഖലയിലെ ഒരു പഞ്ചായത്തിലും നായശല്യത്തിനെതിരെ നടപടികളുമുണ്ടായില്ല. ആകെ ഉണ്ടായത് കര്‍ശനനടപടികള്‍ സ്വീകരിക്കുമെന്ന പതിവുപല്ലവികളും വഴിപാടുപോലുള്ള പ്രസ്താവനകളും മാത്രം.
വണ്ടൂര്‍ മേഖലയിലെ മമ്പാട്, പോരൂര്‍, വണ്ടൂര്‍, പാണ്ടിക്കാട്, തിരുവാലി പഞ്ചായത്തുകളിലായി ഈ മാസം 25 ഓളം പേര്‍ക്കാണ് തെരുവ് നായകളുടെ കടിയേറ്റത്. തെരുവുനായ ശല്യം ഏറ്റവും രൂക്ഷമായ മമ്പാട് പഞ്ചായത്തിലെ വടപുറം, താളിപ്പൊയില്‍, ടാണ, ബീമ്പുങ്ങല്‍, പള്ളിക്കുന്ന്, കോലോത്തും കുന്ന് തോട്ടിന്റക്കര ഭാഗങ്ങളിലായി പന്ത്രണ്ട് പേര്‍ക്കാണ് കഴിഞ്ഞ ദിവസം കടിയേറ്റത്. വടപുറത്ത് പുത്തന്‍ പുരക്കല്‍ ജോയിയുടെ ഭാര്യ പൊന്നമ്മയ്ക്കാണ് (52) പ്രഭാത സവാരിക്കിടെ കടിയേറ്റത്.
പള്ളിക്കുന്നില്‍ വീട്ടുമുറ്റത്തെ താറാവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ തണ്ടുപാറക്കല്‍ റുഖിയ (65) ക്ക് കടിയേറ്റു. ടാണയില്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന തമിഴ്‌നാട് സ്വദേശിനി ധനലക്ഷ്മിക്കും (40), മമ്പാട് അങ്ങാടിയില്‍ കോളജ് റോഡിലെ ചിക്കന്‍ സ്റ്റാള്‍ ഉടമ പൊന്നാം കടവന്‍ ആലിഹസന്‍ കോലോത്തും കുന്നിലെ ചക്കിപ്പറമ്പന്‍ സജ്‌ന (29), ബീമ്പുങ്ങല്‍ കെ കെ റസിയ (35), കട്ടിലശ്ശേരി മുജീബ് (30) സി ടി അശ്്‌റഫ് (29) തോട്ടിന്റക്കരയിലെ ചിന്നമ്മ (62), എ ടി അസ്‌കര്‍, ഫൈസല്‍ (33), ബീമ്പുങ്ങലിലെ പി കെ മുസ്തഫ (43) എന്നിവര്‍ക്കാണ് നായയുടെ കടിയേറ്റത്.
വണ്ടൂര്‍ തായംകോട്ടില്‍ കഴിഞ്ഞ മാസം ആറ് പേര്‍ക്ക് തെരുവ് നായയുടെ ആക്രമത്തില്‍ പരിക്കേറ്റു. പാണ്ടിക്കാട് പഞ്ചായത്തിലെ കിഴക്കെപാണ്ടിക്കാട്, വളരാട്, കക്കുളം, പയ്യപറമ്പ് ഭാഗങ്ങളില്‍ തെരുവ് നായയുടെ കടിയേറ്റ് കഴിഞ്ഞ മാസം പത്ത് പേര്‍ക്കും തെരുവ് നായകളുടെ കടിയേറ്റു. മദ്രസ്സയിലേക്ക് പോകുകയായിരുന്ന കുട്ടികള്‍ക്കാണ് കൂടുതലും പരിക്കേറ്റത്.
വിദ്യാര്‍ഥികള്‍ക്ക് നായ ആക്രമണത്തില്‍ സാരമായ പരുക്കേറ്റ സംഭവമുണ്ടായ പാണ്ടിക്കാട് പഞ്ചായത്തിലെ അധികൃതരാവട്ടെ ആക്രമണത്തെക്കുറിച്ച് അറിഞ്ഞിട്ടുപോലുമില്ലെന്ന ഭാവത്തിലാണ്. വണ്ടൂരിലും സ്ഥിതി വ്യത്യസ്തമല്ല. നേരത്തെ ഒരു തവണ നായ്പിടുത്തം നടന്നിട്ടുള്ള ഇവിടെ പിന്നീട് അത്തരം നടപടികളൊന്നുമുണ്ടായിട്ടില്ല.
പഞ്ചായത്തിന് പണം ചെലവഴിക്കാനാവില്ലെന്നും ആളുകളെ കിട്ടാനില്ലെന്ന മറുപടിയാണ് അധികൃതര്‍ നല്‍കുന്നത്. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ ഏറെ നടന്നിട്ടും നായശല്യം പരിഹരിക്കുന്നതിന് ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങളെക്കുറിച്ച് പഞ്ചായത്തുകള്‍ക്ക് കൃത്യമായ മറുപടിയില്ല.