ടോട്ടനമിനെ റഫറി വീഴ്ത്തി; സിറ്റി തലപ്പത്ത്‌

Posted on: January 31, 2014 7:40 am | Last updated: January 31, 2014 at 7:40 am

logo-premier-leagueലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടനം ഹോസ്പറിനെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റി ടേബിളില്‍ ഒന്നാം സ്ഥാനത്ത്. ചെല്‍സി ഹോംഗ്രൗണ്ടില്‍ വെസ്റ്റ്ഹാമിനോട് ഗോള്‍രഹിത സമനില വഴങ്ങിയപ്പോള്‍ ഏഴ് ഗോളുകള്‍ പിറന്ന ത്രില്ലറില്‍ ആസ്റ്റന്‍ വില്ല 4-3ന് വെസ്‌ബ്രോമിനെ കീഴടക്കി. സണ്ടര്‍ലാന്‍ഡ് 1-0ന് സ്റ്റോക്കിനെയും തോല്‍പ്പിച്ചു.
ആഴ്‌സണല്‍ സതംപ്ടണിനോട് 2-2ന് കുരുങ്ങിയതോടെ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ലീഗ് ടേബിളില്‍ ഒന്നാം സ്ഥാനത്തെത്താനുള്ള അവസരമൊരുങ്ങിയിരുന്നു. ലീഗില്‍ അഞ്ചാം സ്ഥാനത്തുള്ള ടോട്ടനം ഹോസ്പറിനെതിരെ ജയം ലക്ഷ്യമിട്ടിറങ്ങിയ മാനുവല്‍ പെല്ലെഗ്രിനിയുടെ സിറ്റിപ്പട 5-1ന് കശാപ്പ് ചെയ്യുകയായിരുന്നു. അഗ്യെറോ (15), യായ ടുറെ (51), സെകോ (53), ജോവെറ്റിച് (78), കൊംപാനി (89) എന്നിവര്‍ സ്‌കോര്‍ ചെയ്തു.
എന്നാല്‍ വിവാദ തീരുമാനങ്ങളിലൂടെ റഫറി സിറ്റിക്ക് മേല്‍ക്കോയ്മ നല്‍കിയത് അവരുടെ വിജയത്തിന്റെ മാറ്റ് കുറയ്ക്കുന്നതായി. പത്ത് പേരുമായാണ് ടോട്ടനം മത്സരം പൂര്‍ത്തിയാക്കിയത്. അസിസ്റ്റന്റ് റഫറി സ്‌കോട് ലെഡ്ജറിന്റെ രണ്ട് മണ്ടന്‍ തീരുമാനങ്ങള്‍ ടോട്ടനം ഹോസ്പറിന് തിരിച്ചടിയാവുകയും ഇതിലൊന്ന് വിവാദമാവുകയും ചെയ്തു. ആദ്യ പകുതിയില്‍ ക്രിസ്റ്റ്യന്‍ എറിക്‌സിന്റെ ഫ്രീകിക്കില്‍ മൈക്കല്‍ ഡോസന്‍ ഗോള്‍ നേടിയെങ്കിലും ഓഫ് സൈഡ് വിളിച്ചു. എന്നാല്‍ ഇത് ക്ലിയര്‍ ഓണ്‍ സൈഡായിരുന്നു. പതിനഞ്ചാം മിനുട്ടില്‍ സെര്‍ജിയോ അഗ്യെറോ നേടിയ ഗോളിനുള്ള ടോട്ടനത്തിന്റെ ഉശിരന്‍ മറുപടിയായിരുന്നു ഇത്. മത്സരത്തിന് ആവേശം നിറയ്ക്കുന്ന ഗോള്‍. പക്ഷേ, ഇത് നിഷേധിച്ചത് ടോട്ടനമിനെ നിരാശയിലാഴ്ത്തുകയും പ്രകടനത്തെ ബാധിക്കുകയും ചെയ്തു. അമ്പത്തൊന്നാം മിനുട്ടില്‍ യായ ടുറെ നേടിയ പെനാല്‍റ്റി ഗോളും വിവാദ തീരുമാനത്തില്‍. എഡിന്‍ സെകോയെ ബോക്‌സിനുള്ളില്‍ അസാധ്യമായ മിടുക്കോടെ ഡാനി റോസ് ടാക്കിള്‍ ചെയ്ത് ഉറച്ച ഗോള്‍ തടഞ്ഞു. പ്രതിരോധ നിരയിലെ പ്രതിഭാസ്പര്‍ശമുള്ള ടാക്ലിംഗിന് ലഭിച്ച സമ്മാനം റെഡ് കാര്‍ഡും പെനാല്‍റ്റിയും. ഇതിനെതിരെ ടോട്ടനം താരങ്ങള്‍ പ്രതിഷേധിച്ചു. ക്ലബ്ബ് റഫറിക്കെതിരെ പരാതി നല്‍കുകയും ചെയ്തു. സെകോ, ജോവെറ്റിച്, കൊംപാനി എന്നിവരിലൂടെ സിറ്റി പട്ടിക പൂര്‍ത്തിയാക്കി.
അമ്പത്തൊമ്പതാം മിനുട്ടില്‍ കാപോയാണ് ടോട്ടനത്തിന്റെ ആശ്വാസ ഗോളടിച്ചത്. സീസണില്‍ വിവിധ ചാമ്പ്യന്‍ഷിപ്പുകളിലായി ഇരുപത് മത്സരങ്ങളില്‍ സിറ്റി അജയ്യരായി നില്‍ക്കുന്നു. അവസാന അഞ്ച് മത്സരങ്ങളില്‍ സിറ്റി അടിച്ചുകൂട്ടിയത് 21 ഗോളുകള്‍. തന്റെ ടീം ഗോളടിച്ചു കൂട്ടുന്നതില്‍ അത്ഭുതപ്പെടേണ്ടതില്ലെന്ന് സിറ്റി കോച്ച് പെല്ലെഗ്രിനി പറഞ്ഞു. യൂറോപ്പിലെ മികവുറ്റ അറ്റാക്കിംഗ് നിര തന്റെതാണെന്ന് പെല്ലെഗ്രിനി അഭിമാനത്തോടെ പറയുന്നു.
പത്തൊമ്പതാംനൂറ്റാണ്ടിലെ കളി

വെസ്റ്റ്ഹാം യുനൈറ്റഡ് പഴുതില്ലാത്ത പ്രതിരോധം സൃഷ്ടിച്ചതോടെ ചെല്‍സിക്ക് നാട്ടുകാര്‍ക്ക് മുന്നില്‍ പ്രതീക്ഷിച്ചതു പോലൊരു വന്‍ മാര്‍ജിന്‍ ജയം സാധ്യമായില്ല. ഗോളില്ലാ കളിക്ക് ശേഷം ചെല്‍സി കോച്ച് ജോസ് മൗറിഞ്ഞോ വെസ്റ്റ്ഹാം കോച്ച് സാം അലര്‍ഡൈസിന്റെ തന്ത്രത്തെ കടുത്തഭാഷയില്‍ വിമര്‍ശിച്ചു. പത്തൊമ്പതാം നൂറ്റാണ്ടിലെ ഫുട്‌ബോളാണ് വെസ്റ്റ്ഹാം കളിക്കുന്നതെന്ന് മൗറിഞ്ഞോ പരിഹസിച്ചു. മത്സരത്തിലുടനീളം നീലപ്പടക്കായിരുന്നു ആധിപത്യം. എന്നാല്‍, ഒരിക്കല്‍ പോലും എതിര്‍ഗോള്‍മുഖം വിറപ്പിക്കാന്‍ ചെല്‍സിക്ക് സാധിച്ചില്ല. വെസ്റ്റ്ഹാം താരങ്ങള്‍ ഒന്നടങ്കം പ്രതിരോധത്തില്‍ നില്‍ക്കുന്ന കാഴ്ചയായിരുന്നു. ഒരു ടീം മാത്രം കളിക്കുന്നതാണോ ഫുട്‌ബോള്‍. രണ്ടാമത്തെ ടീം എന്തിനാണ്. ഇത് വളരെ പ്രയാസകരമാണ് – മൗറിഞ്ഞോ പറഞ്ഞു. സമനിലയിലൂടെ ലഭിക്കുന്ന ഒരു പോയിന്റ് നേടുകയായിരുന്നു വെസ്റ്റ്ഹാമിന്റെ ലക്ഷ്യം. കൂടുതല്‍ പോയിന്റെടുക്കാന്‍ വേണ്ടി പരിശ്രമിക്കുകയാണ് അവര്‍ ചെയ്യേണ്ടത്. അതാണ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍. ഈ വിധത്തിലാണ് ടീമുകള്‍ കളിക്കുന്നതെങ്കില്‍ ഇതൊരിക്കലും മികച്ച ലീഗ് ആകില്ല. പത്തൊമ്പതാം നൂറ്റാണ്ടിലെ കളിയായി മാറും. വളരെ മോശം തന്നെ – മൗറിഞ്ഞോ പറഞ്ഞു.
എന്റെ കളിക്കാരെ വിമര്‍ശിക്കുന്നില്ല. അവര്‍ ചെയ്യാവുന്നതെല്ലാം ചെയ്തു. പത്ത് പേരും ബോക്‌സിനുള്ളില്‍ കയറി നിന്നാലെന്താ ചെയ്യുക – ചെല്‍സി കോച്ച് ചോദിക്കുന്നു.
സെവന്‍ ഗോള്‍ ത്രില്ലര്‍
ആസ്റ്റന്‍വില്ലയുടെ തട്ടകത്തില്‍ വെസ്‌ബ്രോം ആദ്യ പത്ത് മിനുട്ടിനുള്ളില്‍ 2-0ന് മുന്നില്‍. ആദ്യ പകുതിക്ക് പിരിയുമ്പോള്‍ സ്‌കോര്‍ 3-3 തുല്യം. അറുപത്തിനാലാം മിനുട്ടില്‍ ബെന്റെകെ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ആസ്റ്റന്‍വില്ലക്ക് ആവേശ ജയംസമ്മാനിച്ചു. 23 മത്സരങ്ങളില്‍ 27 പോയിന്റോടെ വില്ല പത്താം സ്ഥാനത്ത്.