Connect with us

Malappuram

ചങ്ങരംകുളം പോലീസ് സ്റ്റേഷനില്‍ ലോക്കപ്പ് പീഡനം നേരത്തെയും

Published

|

Last Updated

ചങ്ങരംകുളം: ചങ്ങരംകുളം പോലീസ് സ്‌റ്റേഷനില്‍ കസ്റ്റഡിയിലെടുക്കുന്നവര്‍ക്ക് നേരെയുള്ള ലോക്കപ്പ് പീഡനങ്ങള്‍ തുടര്‍കഥയാകുന്നു. കഴിഞ്ഞ ദിവസം വാക്കുതര്‍ക്കത്തെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത യുവാവ് പോലീസീസിന്റെ പീഡനത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് മരണപ്പെടുകയും ചെയ്തിരുന്നു.
വട്ടംകുളം കുറ്റിപ്പാല മാമ്പ്രവളപ്പില്‍ മോഹനന്‍(40) ആണ് മരിച്ചത്. രണ്ടാഴ്ച് മുന്‍പ് മോഷണകുറ്റം ആരോപിച്ച് ചങ്ങരംകുളം പോലീസ് കസ്റ്റഡിയിലെടുത്ത ബംഗാള്‍ സ്വദേശികളായ മൂന്ന് യുവാക്കളെ നാലുദിവസം ലോക്കപ്പിലിട്ട് ക്രൂരമായി പീഡിപ്പിച്ചിരുന്നു.
മുഖത്തും പുറത്തും കാലിലും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും ലാത്തിയും ഷൂസും ഉപയോഗിച്ച് അടിക്കുകയും ചവിട്ടുകയും ചെയ്തതിന്റെ പാടുകളും വ്യക്തമായിരുന്നു. കൂടാതെ ഇവരുടെ കണ്ണുകളില്‍ മുളക്‌പൊടി തേച്ച് ക്രൂരമായി പരിക്കേല്‍പിക്കുകയും ചെയ്തിരുന്നു. ബംഗാളി യുവാക്കളെ ജാമ്യത്തിലിറക്കാനായി ആരുമെത്താത്തിനെതുടര്‍ന്ന് നിയമവിരുദ്ധമായി നാലുദിവസമാണ് ഇവരെ കസ്റ്റഡിയില്‍ വെച്ചത്. നിരപരാധികളാണെന്ന് മനസ്സിലായതിനെ തുടര്‍ന്ന് പിന്നീട് ഇവരെ വിട്ടയക്കുകയായിരുന്നു.
സംഭവം അന്വേഷിക്കാനായി പൊന്നാനി സി ഐയെ വിളിച്ച മാധ്യമ പ്രവര്‍ത്തകരോട് കേസ് തെളിയിപ്പിക്കുന്നതിനായി അത്തരത്തിലുള്ള പലതും ചെയ്യേണ്ടി വരുമെന്നും ബംഗാളി യുവാക്കളുടെ കാര്യത്തില്‍ നിങ്ങള്‍ക്കെന്താണ് ഇത്ര വിഷമമെന്നുമാണ് സി ഐ മറുപടി നല്‍കിയത്. നിസാര കേസുകളിലും പ്രശ്‌നങ്ങളിലും പിടിക്കപ്പെടുന്നവരെയും വാഹനപരിശോധനകള്‍ക്കിടയില്‍ പിടിക്കപ്പെടുന്നവരെയും പോലീസ് ക്രൂരമായി പീഡിപ്പിക്കുന്നതായി നേരത്തെതന്നെ ആക്ഷേപമുണ്ട്.
അയല്‍വാസികളായ രണ്ട്‌പേര്‍തമ്മിലുള്ള പ്രശ്‌നം പരിഹരിക്കുന്നതിന് വേണ്ടിയാണ് മോഹനന്‍ എത്തിയത് എന്നാല്‍ ഇവിടെയെത്തിയ പോലീസുകാര്‍ മോഹനനെകൂടി കസ്്റ്റഡിയിലെടുത്തു.
മറ്റുള്ളവരെ വിട്ടയച്ചിട്ടും മോഹനനെ വിട്ടയക്കാതിരുന്ന പോലീസ് പിന്നീട് ജാമ്യക്കാരെത്തിയാണ് മോഹനനെ വിട്ടത്. തുടര്‍ന്ന് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട മോഹനനെ എടപ്പാളിലെയും പെരിന്തല്‍മണ്ണയിലെയും സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
മോഹനന്റെ മരണത്തില്‍ പ്രതിഷേധിച്ച് എല്‍ ഡി എഫ് എടപ്പാളിലും ചങ്ങരംകുളത്തും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. കടകമ്പോളങ്ങള്‍ അടഞ്ഞു കിടന്നു. ദീര്‍ഘദൂര ബസ്സുകള്‍ മത്രമെ സര്‍വ്വീസ് നടത്തിയുള്ളു.

Latest