റദ്ദാക്കിയ വിമാനങ്ങള്‍ പുനഃസ്ഥാപിക്കുന്നു; മസ്‌കത്തില്‍ നിന്നും പുതിയ സര്‍വീസുകള്‍

Posted on: January 29, 2014 7:41 pm | Last updated: January 29, 2014 at 7:41 pm

Air-India-Express-1-3മസ്‌കത്ത്: സലാലയില്‍നിന്നും തിരുവനന്തപുരത്തേക്കും കൊച്ചി വഴി തിരുവനന്തപുരത്തേക്കുമുള്ള പ്രതിവാര സര്‍വീസുകള്‍ പുനസ്ഥാപിക്കാന്‍ എയര്‍ ഇന്ത്യാ എക്‌സപ്രസ് തീരുമാനം. അടുത്തിടെ റദ്ദാക്കിയതായിരുന്നു ഈ സര്‍വീസുകള്‍. കൂടാതെ മസ്‌കത്തില്‍നിന്നും തിരുവനന്തപുരത്തേക്ക് ആഴ്ചയില്‍ രണ്ടു പുതിയ സര്‍വീസുകള്‍ ആരംഭിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. വരുന്ന മാര്‍ച്ചിലാണ് സര്‍വീകുള്‍ക്ക് തുടക്കമാവുക.

സലാലയില്‍നിന്നും തിരുവനന്തപുരത്തേക്കുള്ള ഐ എക്‌സ് 541 വിമാനവും കൊച്ചി വഴി തിരുവനന്തപുരത്തേക്കുള്ള ഐ എക്‌സ് 544 വിമാനവുമാണ് ആഴ്ചകള്‍ക്കു മുമ്പ് എക്‌സ്പ്രസ് റദ്ദാക്കിയിരുന്നത്. ഇതിനെതിരെ സലാലയ പ്രവാസികളില്‍നിന്നും പ്രതിഷേധമുയര്‍ന്നിരുന്നു. ഡല്‍ഹിയില്‍ നടന്ന പ്രവാസി ഭാരതീയ ദിവസിലും പ്രശ്‌നം ഉന്നയിക്കപ്പെട്ടു. വേനല്‍ ഷെഡ്യൂളിന്റെ ഭാഗമായി മാര്‍ച്ച് അവസാനത്തോടെ നിര്‍ത്തലാക്കിയ സര്‍വീസുകള്‍ പുനരാരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് എയര്‍ ഇന്ത്യാ കണ്‍ട്രി മാനേജര്‍ അമരേഷ് ചൗധരി അറിയിച്ചു. സലാലയില്‍നിന്നും മതിയായ യാത്രക്കാരില്ലാത്തതും വിമാനങ്ങളുടെ കുറവുമാണ് സര്‍വീസ് നിര്‍ത്തലാക്കാന്‍ കാരണമെന്ന് അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്തേക്കും കൊച്ചിയിലേക്കുമുള്ള വിമാനങ്ങള്‍ നിര്‍ത്തലാക്കിയത് സലാലക്കാരായ പ്രവാസികള്‍ക്ക് പ്രശ്‌നം സൃഷ്ച്ചിരുന്നു. തീരുമാനത്തിനെതിരെ ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിച്ചു രംഗത്തു വന്ന സാമൂഹിക പ്രവര്‍ത്തകര്‍ കേന്ദ്ര, കേരള സര്‍ക്കാറുകളുടെ ശ്രദ്ധയില്‍ വിഷയം കൊണ്ടു വന്നിരുന്നു. വിമാനങ്ങള്‍ പുനസ്ഥാപിക്കുന്നത് പരിഗണിക്കുമെന്ന് കേന്ദ്ര സിവില്‍ വ്യോമയാന സഹമന്ത്രി കെ സി വേണുഗോപാല്‍ പ്രവാസി ഭാരതീയ ദിവസില്‍ അറിയിക്കുകയും ചെയ്തിരുന്നു. അവധിക്കാലത്ത് കൂടുതല്‍ പേര്‍ നാട്ടിലേക്കു പോകുന്ന സാഹചര്യത്തില്‍ യാത്രാ പ്രശ്‌നം രൂക്ഷമാകുമെന്നതു ചൂണ്ടിക്കാട്ടിയാണ് പ്രാവാസികള്‍ രംഗത്തു വന്നത്.
മസ്‌കത്തില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള പുതിയ വിമാനങ്ങളും മാര്‍ച്ച് അവസാനത്തോടെയാണ് ആരംഭിക്കുകയെന്ന് അമരേഷ് ചൗധരി അറിയിച്ചു. എല്ലാ വര്‍ഷവും അവധിക്കാല തിരക്കു പരിഗണിച്ച് കൂടുതല്‍ വിമാനങ്ങള്‍ സര്‍വീസ് നടത്താറുണ്ടെന്നും ഈ വര്‍ഷവും സമ്മര്‍ ഷെഡ്യൂള്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഇത് ടിക്കറ്റ് നിരക്കുകള്‍ കുത്തനെ ഉയരുന്നത് പിടിച്ചു നിര്‍ത്താന്‍ വഴിയൊരുക്കും. റദ്ദാക്കിയ വിമാനങ്ങള്‍ പുനസ്ഥാപിക്കാനും പുതിയ സര്‍വീസുകള്‍ ആരംഭിക്കാനുമുള്ള തീരുമാനത്തെ പ്രവാസി മലയാളി സമൂഹം സ്വാഗതം ചെയ്യുകയാണ്. പ്രത്യേകിച്ച് തെക്കന്‍ കേരളത്തില്‍നിന്നുള്ളവര്‍ക്കാണ് സര്‍വീസുകളുടെ സൗകര്യം ലഭിക്കുന്നത്.