Connect with us

Editorial

രാഷ്ട്രീയം കുറ്റവാളികളുടെ അഭയ കേന്ദ്രമാകരുത്

Published

|

Last Updated

ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകരുടെ നിരപരാധിത്വം തെളിയിക്കാന്‍ അപ്പീല്‍ സമര്‍പ്പിക്കുമെന്ന് സി പി എമ്മിന്റെ മുതിര്‍ന്ന നേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറയുന്നു. പ്രതികള്‍ക്ക് ജീവപര്യന്തം വിധിച്ച കോടതി നടപടിയെ മാനിക്കുന്നുവെങ്കിലും നിയമപോരാട്ടം തുടരുമെന്നാണ് പി ജയരാജന്റെ പ്രതികരണം. ഒന്ന് മുതല്‍ ഏഴ് വരെയുള്ള പ്രതികളാണ് കൃത്യം നടത്തിയതെന്നും ഗൂഢാലോചനാ കുറ്റത്തിന് ശിക്ഷിക്കപ്പെട്ട സി പി എം നേതാക്കളെ കേസില്‍ മനഃപൂര്‍വം കുടുക്കുകയായിരുന്നുവെന്നുമാണ് പാര്‍ട്ടി നേതൃത്വത്തിന്റെ അവകാശവാദം.
കേസില്‍ വിചാരണ നേരിട്ട 36 പ്രതികളില്‍ നിന്ന് 12 പേരെ മാത്രം കുറ്റക്കാരായി കണ്ടെത്തിയ കോടതി, മൂന്ന് സി പി എം നേതാക്കളടക്കമുള്ള മറ്റു പ്രതികളെയെല്ലാം വെറുതെ വിട്ടതോടെ, പാര്‍ട്ടി പൂര്‍ണമായും കുറ്റവിമുക്തമായെന്നാണ് നേരത്തെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടത്. കേസിലെ എട്ടാം പ്രതിയും കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റി അംഗവുമായ കെ സി രാമചന്ദ്രന്‍, 11 ാം പ്രതിയും ബ്രാഞ്ച് കമ്മിറ്റിയംഗവുമായ ട്രൗസര്‍ മനോജന്‍, 13 ാം പ്രതിയും പാനൂര്‍ ഏരിയാ കമ്മിറ്റി അംഗവുമായ പി കെ കുഞ്ഞനന്തന്‍ എന്നിവര്‍ ഗൂഢാലോചനയില്‍ കുറ്റവാളികളാണെന്ന് കണ്ടെത്തിയിട്ടുണ്ടെങ്കിലും അവരുടെ ചെയ്തികള്‍ വ്യക്തിപരമാണെന്നും പാര്‍ട്ടിക്കതില്‍ അശേഷവും പങ്കില്ലെന്നുമാണ് സംസ്ഥാന സെക്രട്ടറി പറഞ്ഞതിന്റെ നേര്‍സാരം. പിന്നെന്തിനാണ് ഇവരുടെ കാര്യത്തില്‍ പാര്‍ട്ടി അപ്പീല്‍ പോകുമെന്ന് കോടിയേരി പറഞ്ഞതെന്ന് മനസ്സിലാകുന്നില്ല. രാഷ്ട്രീയപ്രേരിതമാണ് കൊലയെന്ന കോടതിയുടെ നിരീക്ഷണവും പാര്‍ട്ടിക്ക് സംഭവത്തില്‍ പങ്കുണ്ടെന്ന രാഷ്ട്രീയ എതിരാളികളുടെ ആരോപണവും സാധൂകരിക്കാന്‍ മാത്രമേ മേല്‍കോടതിയെ സമീപിക്കാനുള്ള തീരുമാനം സഹായകമാകുകയുള്ളു.
കോടതി അഭിപ്രായപ്പെട്ടതുപോലെ അതിക്രൂരവും നികൃഷ്ടവും പ്രാകൃതവും ആസൂത്രിതവുമാണ് ടി പി വധം. പൈശാചികമായ ഈ പ്രവര്‍ത്തനം നടത്തിയവര്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിക്കുന്നതോടൊപ്പം മറ്റുള്ളവര്‍ക്കൊരു പാഠവും മുന്നറിയിപ്പുമാകണമെന്നതാണ് ജീവപര്യന്തം തടവ് വിധിച്ചതിലൂടെ കോടതിയുടെ ലക്ഷ്യം. കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കാന്‍ അതാവശ്യവുമാണ്. അക്രമവും അരാജകത്വവും തടയാനും നാട്ടില്‍ സമാധാനം സ്ഥാപിക്കാനും ബാധ്യസ്ഥമായ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇത്തരം കൊലപാതകികളെ രക്ഷിക്കാനായി രംഗത്തു വരുമ്പോള്‍, അക്രമികള്‍ക്കത് പ്രചോദനമാകുകയും സംസ്ഥാനത്ത് സമാന സംഭവങ്ങള്‍ വര്‍ധിക്കുകയുമാണ് ചെയ്യുക. ഔദ്യോഗിക രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നത് സംസ്ഥാനത്ത് കൊലപാതങ്ങളും അക്രമങ്ങളും തട്ടിപ്പുകളും വര്‍ധിക്കുന്നുവെന്നാണ്. സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങളിലും തട്ടിപ്പുകളിലും ദേശീയ തലത്തില്‍ തന്നെ മുന്നിലാണ് നമ്മുടെ സംസ്ഥാനം. അക്രമികള്‍ക്കും സാമൂഹികവിരുദ്ധര്‍ക്കും രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ നിന്നു ലഭിക്കുന്ന സംരക്ഷണവും പരിലാളനയുമാണ് ഇതിന്റെ മുഖ്യകാരണങ്ങളിലൊന്ന്. പ്രവര്‍ത്തകരും അനുഭാവികളും അതിക്രങ്ങള്‍ കാണിച്ചാല്‍ പാര്‍ട്ടി അവരുടെ രക്ഷക്കെത്തുന്നു. ഇടതുവലതുഭേദമില്ലാതെ ഒന്നടങ്കം രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും അലിഖിത നയമാണിത്. ഭരിക്കുന്ന പാര്‍ട്ടികളുടെ പ്രവര്‍ത്തകര്‍ക്ക് പോലീസ് സ്റ്റേഷനുകളിലും ഉദ്യോഗസ്ഥ തലങ്ങളിലുമുള്ള പ്രത്യേക പരിഗണന ഒരു രഹസ്യമല്ല. അവിഹിത കാര്യങ്ങള്‍ക്കും നേട്ടങ്ങള്‍ക്കുമാണ് പ്രധാനമായും ഇത് ഉപയോഗപ്പെടുത്താറ്. സോളാര്‍ തട്ടിപ്പില്‍ ഇത് കൂടുതല്‍ വ്യക്തമായതാണ്.
രാജ്യതാത്പര്യവും ജനസേവനവും ലക്ഷ്യമാക്കിയായിരുന്നു മുന്‍കാലങ്ങളില്‍ രാഷ്ട്രീയ കക്ഷികള്‍ പ്രവര്‍ത്തിച്ചിരുന്നത്. കക്ഷിതാത്പര്യ സംരക്ഷണത്തിലേക്ക് അത് വഴിമാറിയതോടെയാണ് രാഷ്ട്രീയ സദാചാരം കൈവെടിഞ്ഞതും കുറ്റവാളികളെയും മാഫിയകളെയും സംരക്ഷിക്കുന്ന ദുഃസ്ഥിതിയിലേക്ക് കക്ഷികള്‍ അധഃപതിച്ചതും. അതുകൊണ്ടുതന്നെയാണ് ഒരു കാലത്ത് അനുഗ്രഹമായിരുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇന്ന് നാടിന് ഭാരമായി മാറിയതും അരാഷ്ട്രീയ ചിന്താഗതി ശക്തിപ്പെട്ടു വരുന്നതും. പുതുതലമുറ അരാഷ്ട്രീയ വാദത്തിലേക്ക് ആകൃഷ്ടരായിക്കൊണ്ടിരിക്കയാണെന്നും വര്‍ഗീയ വിഘടന ശക്തികള്‍ അത്തരക്കാരെ ചൂഷണം ചെയ്യുന്നതായും പല മുഖ്യധാരാ കക്ഷി നേതാക്കളും ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. ഇതിന് വഴിമരുന്നിടുന്നത് തങ്ങളുടെ നയവൈകല്യമാണെന്ന കാര്യം അവര്‍ വിസ്മരിക്കുകയാണ്. പാര്‍ട്ടി ബന്ധത്തിന്റെ പേരില്‍ കുറ്റവാളികളെയും മാഫിയകളെയും സംരക്ഷിക്കുന്നത്, താത്കാലിക നേട്ടമുണ്ടാക്കിയേക്കാമെങ്കിലും ആത്യന്തികമായി പാര്‍ട്ടികള്‍ക്കു തന്നെ അത് ദോഷം ചെയ്യും.