ടി പി കേസ് പ്രതികളെ കണ്ണൂര്‍ ജയിലിലെത്തിച്ചു

Posted on: January 29, 2014 12:20 am | Last updated: January 29, 2014 at 12:20 am

കണ്ണൂര്‍: ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട 11 പ്രതികളെ കനത്ത സുരക്ഷയില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിച്ചു. ഇന്നലെ വൈകുന്നേരം 6.10നാണ് ഇവരെ എത്തിച്ചത്. കോടതി ശിക്ഷിച്ചിട്ടുണ്ടെങ്കിലും ജാമ്യം അനുവദിച്ചതിനാല്‍ ലംബു പ്രദീപനെ കൊണ്ടുവന്നില്ല. കോഴിക്കോട് നിന്നും ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു പോലീസ് വാഹനം കണ്ണൂരിലേക്ക് തിരിച്ചത്. ആര്‍ എം പിക്ക് ഏറെ സ്വാധീനമുള്ള ഒഞ്ചിയം പഞ്ചായത്തിലൂടെയും പ്രതികള്‍ക്കു സ്വാധീനമുള്ള മാഹി, തലശ്ശേരി മേഖലയിലൂടെയും കടന്നുവരുമ്പോള്‍ കനത്ത സുരക്ഷ വേണമെന്ന് ആഭ്യന്തര വകുപ്പ് പ്രത്യേക നിര്‍ദേശം നല്‍കിയിരുന്നു. ഏറ്റവും മുന്നിലായി പോലീസിന്റെ രണ്ട് ടവേര വാഹനങ്ങളും ഇതിനു പിന്നില്‍ പ്രത്യേക പോലീസ് ബസും ഒരുക്കിയിരുന്നു. ഈ വാഹനങ്ങള്‍ക്കു പിന്നിലായി കണ്ണൂര്‍ എസ് പിയുടെ ചുമതലയുള്ള കോഴിക്കോട് സിറ്റി ഡെപ്യൂട്ടി കമ്മീഷണര്‍ കെ ബി വേണുഗോപാലും സഞ്ചരിച്ചു. ഇതിന്റെ പിന്നിലായി വെള്ള നിറമുള്ള പോലീസ് ബസിലാണ് പ്രതികളുണ്ടായിരുന്നത്. പ്രതികളുടെ വാഹനത്തിനു പിന്നില്‍ മറ്റൊരു പോലീസ് വാനും ഇതിനു പിന്നിലായി ഒരു ടവേരയും രണ്ട് പോലീസ് ജീപ്പുകളും അകടമ്പടിയായി സഞ്ചരിച്ചു.
കോഴിക്കോട് കണ്‍ട്രോള്‍ റൂം സി ഐ. എം കെ ഭരതന്റെ നേതൃത്വത്തിലാണ് കോഴിക്കോട് നിന്നും പ്രതികളെ കണ്ണൂരിലെത്തിച്ചത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ പരിസരത്തും കനത്ത പോലീസ് ബന്തവസ്സ് ഒരുക്കിയിരുന്നു. കണ്ണൂരിലും നഗരപ്രദേശങ്ങളിലും കണ്ണൂര്‍ ഡി വൈ എസ് പി. ജെ സന്തോഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു സുരക്ഷാ ക്രമീകരണം. സെന്‍ട്രല്‍ ജയില്‍ പരിസരത്ത് കണ്ണൂര്‍ ടൗണ്‍, സിറ്റി, വളപട്ടണം സി ഐ മാരുടെ നേതൃത്വത്തില്‍ 100 ലേറെ പോലീസുകാരെയും വിന്യസിച്ചിരുന്നു. പ്രതികളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിക്കുന്നുണ്ടെന്നറിഞ്ഞ് ഇവരുടെ ചില സുഹൃത്തുക്കള്‍ സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ എത്തിയിരുന്നു. ഇവരെ പിന്നീട് ജയില്‍ അധികൃതര്‍ ജയില്‍ വളപ്പില്‍ നിന്നും മാറ്റി. പത്രപ്രവര്‍ത്തകര്‍ക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും മാത്രമേ ജയില്‍ വളപ്പില്‍ പ്രവേശനം അനുവദിച്ചിരുന്നുള്ളൂ.