Connect with us

National

രാഹുലിന്റെ അഭിമുഖത്തെ ചൊല്ലി കോണ്‍ഗ്രസ്, ബി ജെ പി വാക്‌പോര്‌

Published

|

Last Updated

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി വാര്‍ത്താ ചാനലിന് നല്‍കിയ സുദീര്‍ഘമായ അഭിമുഖത്തില്‍ മുന്നോട്ട് വെച്ച ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് കോണ്‍ഗ്രസ് നേതൃത്വവും രൂക്ഷ വിമര്‍ശവുമായി ബി ജെ പിയും രംഗത്തെത്തി. പാര്‍ട്ടി ഉപാധ്യക്ഷനായ രാഹുല്‍ ഗാന്ധി തികച്ചും ഉത്തരവാദിത്വത്തോടെയാണ് സംസാരിക്കുന്നതെന്നും പാര്‍ട്ടിയില്‍ ഉയര്‍ന്ന ജനാധിപത്യം കൊണ്ടുവരുന്നതില്‍ വലിയ വിജയം വരിച്ച നേതാവാണ് രാഹുലെന്നും കോണ്‍ഗ്രസ് വക്താവ് അഭിഷേക് മനു സിംഗ്‌വി പറഞ്ഞു. നീതിന്യായ സംവിധാനം മുഴുവന്‍ കുറ്റവിമുക്തനാക്കിയ നരേന്ദ്ര മോദിയെ ഗുജറാത്ത് വംശഹത്യയുടെ പേരില്‍ വീണ്ടും കുറ്റപ്പെടുത്തുന്നത് അപക്വമാണെന്ന് ബി ജെ പി വക്താവ് രവിശങ്കര്‍പ്രസാദ് പറഞ്ഞു. എന്നാല്‍ രാജധര്‍മം നിര്‍വഹിച്ചില്ലെന്ന് വാജ്‌പേയി തന്നെ കുറ്റപ്പെടുത്തിയിട്ടുണ്ടെന്ന് സിംഗ്‌വി തിരിച്ചടിച്ചു.
കോടതി കുറ്റവിമുക്തനാക്കിയാലും ഇല്ലെങ്കിലും ഗുജറാത്ത് വംശഹത്യ നടക്കുന്ന സമയത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയായിരുന്നു എന്നതിനാല്‍ കുറ്റത്തില്‍ നിന്ന് കൈകഴുകാനാകില്ലെന്ന് അഭിമുഖത്തില്‍ രാഹുല്‍ പറഞ്ഞിരുന്നു. ഗുജറാത്ത് വംശഹത്യയും സിഖ് കൂട്ടക്കൊലയും ഒരേ പോലെ കാണാനാകില്ല. 1984ലെ സിഖുകാര്‍ക്കെതിരായ കലാപം തടയാനാണ് കോണ്‍ഗ്രസ് ശ്രമിച്ചത്. എന്നാല്‍ ഗുജറാത്ത് സര്‍ക്കാര്‍ അക്രമം പ്രോത്സാഹിപ്പിക്കുകയായിരുന്നു. ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിയെ എതിരിടാന്‍ തയ്യാറാണെന്നും പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പാര്‍ട്ടി തന്നെ പ്രഖ്യാപിക്കാത്തത് മോദിയെ ഭയന്നാണെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും അഭിമുഖത്തില്‍ രാഹുല്‍ വ്യക്തമാക്കിയിരുന്നു.