Connect with us

Gulf

ബജറ്റ് നിരാശപ്പെടുത്തുന്നുവെന്ന് പ്രവാസികള്‍

Published

|

Last Updated

ദുബൈ: സംസ്ഥാന ബജറ്റ് പ്രവാസികളെ അവഗണിച്ചുവെന്ന് വ്യാപക പരാതി. പ്രവാസികള്‍ക്ക് സമ്പൂര്‍ണ പെന്‍ഷന്‍ യാഥാര്‍ഥ്യമാക്കാന്‍ മന്ത്രിമാണി നിര്‍ദേശം മുന്നോട്ടു വെച്ചില്ലെന്ന് ഭൂരിപക്ഷം പേര്‍ ചൂണ്ടിക്കാട്ടി.

സന്തുലിത ബജറ്റ്: എം എ യൂസുഫലി
അബൂദാബി: യാഥാര്‍ഥ്യ ബോധത്തിലൂന്നിയ സന്തുലിത ബജറ്റാണിതെന്ന് എം എ യൂസുഫലി.
ഭക്ഷ്യ സുരക്ഷക്ക് ഊന്നല്‍ നല്‍കിയിട്ടുണ്ട്. വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളെയും പരിഗണിച്ചു.
ഗള്‍ഫ് മേഖലയില്‍ നിന്ന് തിരിച്ചെത്തുന്നവരെ പരിശീലകരാക്കുമെന്ന പ്രഖ്യാപനത്തെ നോര്‍ക്ക വൈസ് ചെയര്‍മാന്‍ എന്ന നിലയില്‍ സ്വാഗതം ചെയ്യുന്നു. ഗള്‍ഫ് പുനരധിവാസത്തിന് തുക നീക്കി വെച്ചത് അഭിനന്ദനാര്‍ഹമാണെന്നും എം എ യൂസുഫലി പറഞ്ഞു.

സ്വാഗതാര്‍ഹം
ദുബൈ: സാമ്പത്തിക വളര്‍ച്ചക്ക് മുന്‍തൂക്കം നല്‍കുന്ന ബജറ്റാണ് മന്ത്രി മാണി അവതരിപ്പിച്ചതെന്ന് നോര്‍ക്ക റൂട്ട്‌സ് ഡയറക്ടര്‍മാരായ ഡോ. ആസാദ് മൂപ്പനും ഇസ്മായേല്‍ റാവുത്തറും അറിയിച്ചു. എന്‍ ആര്‍ ഐക്കാര്‍ക്ക് 3.35 കോടി നീക്കി വെച്ചിട്ടുണ്ടെന്ന് ഡോ ആസാദ് മൂപ്പന്‍ പറഞ്ഞു. കഴിഞ്ഞ തവണത്തെക്കാള്‍ കൂടുതല്‍ തുക നോര്‍ക്കക്ക് നീക്കിവെച്ചിട്ടുണ്ടെന്ന് ഡയറക്ടര്‍ ഇസ്മായേല്‍ റാവുത്തര്‍ അറിയിച്ചു.
13.35 കോടി രൂപയാണ് ഇത്തവണ നീക്കിവെച്ചത്. കഴിഞ്ഞ തവണ മൂന്ന് കോടി രൂപ മാത്രമായിരുന്നു. പക്ഷേ, പ്രവാസി പ്രശ്‌നങ്ങളുടെ വ്യാപ്തി കണക്കിലെടുക്കുമ്പോള്‍ ഇത് അപര്യാപ്തമാണെന്നും ഇസ്മായേല്‍ റാവുത്തര്‍ ചൂണ്ടിക്കാട്ടി.
സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റില്‍, വിവിധ പ്രവാസി പദ്ധതികള്‍ക്കായി 3 കോടി 35 ലക്ഷത്തിലധികം രൂപ നീക്കിവെച്ചിട്ടുണ്ടെന്ന് ഭരണകക്ഷി അനുഭാവകര്‍. ഗള്‍ഫില്‍ നിന്ന് ജോലി നഷ്ടപ്പെട്ട് മടങ്ങുന്നവരുടെ പ്രത്യേക പരിശീലനത്തിന് ബജറ്റില്‍ രണ്ട് കോടി രൂപ നീക്കിവെച്ചു. കേരളത്തിന്റെ വികസനത്തില്‍, മടങ്ങിവരുന്ന പ്രവാസികളുടെ പങ്ക് ഉറപ്പാക്കാന്‍ ഈ പരിശീല കേന്ദ്രം ഏറെ സഹായകരമാകും. വിവിധ പ്രവാസി പദ്ധതികള്‍ക്കായി മൂന്ന് കോടി 35 ലക്ഷം രൂപയാണ് മാറ്റിവെച്ചത്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്, ജോലി നഷ്ടപ്പെട്ട് കേരളത്തിലേക്ക് മടങ്ങുന്നവരെ, പരിശീലിപ്പിക്കുന്നതിനായി, 2 കോടി രൂപ മാറ്റിവെച്ചതാണ്. കേരളത്തിന്റെ വികസനത്തില്‍, തിരിച്ച് പോകുന്ന പവാസികളുടെ പങ്കും ഉത്തരവാദിത്വവും വര്‍ധിപ്പിക്കാന്‍ ഇതുവഴി അവസരം ലഭിക്കും. സൗദിയിലെ നിതാഖാത് ഉള്‍പ്പടെയുള്ള പുതിയ നടപടികളുടെ പശ്ചാത്തലത്തില്‍, ഏറെ പ്രധാന്യം അര്‍ഹിക്കുന്ന തീരുമാനമാണ് ബജറ്റില്‍ ഉണ്ടായത്. വിദേശ രാജ്യങ്ങളിലേക്ക് ജോലി തേടി പോകുന്നവരുടെ ബോധവല്‍ക്കരണത്തിനായി, 60 ലക്ഷം രൂപയാണ് മാറ്റിവെച്ചത്. പത്രദൃശ്യ മാധ്യമങ്ങള്‍ വഴി വലിയ രീതിയിലുള്ള ക്യാംപയിന്റെ തുടര്‍ച്ചയായിട്ടാണ് ഈ തീരുമാനം. തൊഴില്‍വീസ തട്ടിപ്പുകളില്‍ കുടുങ്ങുന്ന മലയാളികളുടെ എണ്ണം തുടരുന്ന പശ്ചാത്തലത്തില്‍, ബോധവല്‍ക്കരണം ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. പ്രവാസികളുടെ ഡാറ്റാ ബാങ്ക് ശേഖരിക്കുന്നതിനുള്ള നടപടികള്‍ക്കായി 50 ലക്ഷം രൂപയാണ് ബജറ്റില്‍ മാറ്റിവെച്ചത്. പ്രവാസികളുടെ പൂര്‍ണ വിവരങ്ങള്‍ അടങ്ങിയ ഡാറ്റ എന്നത് , ഏറെ നാളത്തെ കാത്തിരിപ്പാണ്. കൂടാതെ, വിദേശ രാജ്യങ്ങളിലെ പ്രവാസികള്‍ക്ക്, നാടിന്റെ വികസനത്തില്‍ പങ്കാളികളാകുന്നതിനുള്ള വികസന സെമിനാറുകള്‍ക്ക്, 25 ലക്ഷം രൂപ നീക്കിവെച്ചതും മറ്റൊരു സുപ്രധാന തീരുമാനമായി.

കെ വി ശംസുദ്ദീന്‍
ദുബൈ: കേരളത്തിന്റെ കര്‍ഷക പ്രിയ, സാമൂഹിക ക്ഷേമപ്രിയ ബജറ്റില്‍ നിരവധി ആനുകൂല്യങ്ങള്‍ ഉണ്ടെന്ന് കെ വി ശംസുദ്ദീന്‍. വിവിധ സാമൂഹിക ക്ഷേമ പെന്‍ഷന്‍ തുക വര്‍ധിപ്പിക്കലും പുതിയ പല സാമൂഹിക ക്ഷേമ സഹായങ്ങളും പ്രഖ്യാപിച്ച ധനകാര്യ മന്ത്രി പ്രവാസികളെ പാടെ വിസ്മരിച്ചു. പ്രാസജീവിതം അവസാനിപ്പിച്ച് തിരിച്ചെത്തുന്ന പല പ്രവാസികളുടെയും സാമ്പത്തിക അവസ്ഥ പരിതാപകരമാണെന്നും പെന്‍ഷന്‍ ഏര്‍പ്പെടുത്തണമെന്നും ഏതാനും മാസം മുമ്പ് കേരള സര്‍ക്കാറിനോട് അപേക്ഷിച്ചിരുന്നു. എന്നിട്ടും ഇത്തരക്കാരായ പ്രവാസികള്‍ക്ക് പെന്‍ഷന്‍ നല്‍കാന്‍ തയാറാവാത്തതില്‍ പ്രതിഷേധമുണ്ട്. ഗള്‍ഫ് രാജ്യങ്ങള്‍ രണ്ടാം വീടായി കാണുന്ന നമ്മുടെ എല്ലാ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും ഇതെല്ലാം കണ്ടില്ലെന്ന് നടിക്കുകയാണ്. ബജറ്റ് പാസാക്കുന്നതിനു മുമ്പ് അര്‍ഹരായ പ്രവാസികള്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്തണമെന്ന് സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തണം.

പ്രവാസികളെ പാടെ
അവഗണിച്ചു: ഐ സി എഫ്
ദുബൈ: കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചക്ക് ഉപയുക്തമാകാന്‍ പാകത്തില്‍ ജനപ്രിയവും കാര്‍ഷിക മേഖലക്ക് പ്രാമുഖ്യവും നല്‍കുന്ന ബജറ്റ് അവതരിപ്പിച്ച ധന മന്ത്രി കെ എം മാണി കേരള സമ്പദ് വ്യവസ്ഥക്ക് വലിയ മുതല്‍കൂട്ടായ പ്രവാസികളെ പാടെ അവഗണിച്ചതില്‍ ഐ സി എഫ് യു എ ഇ നാഷണല്‍ കമ്മിറ്റി പ്രതിഷേധിച്ചു. കഴിഞ്ഞ ആറു മാസത്തിനടക്ക് കേരളം ഏറെ ചര്‍ച്ച ചെയ്ത വിഷയമാണ് പ്രവാസികളുടെ തിരിച്ചുവരവും അത് കേരളീയ സാമ്പത്തിക സാമൂഹിക രംഗത്ത് ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളും വളരെ ചര്‍ച്ച ചെയ്തിട്ടും ബജറ്റില്‍ പ്രവാസികളെ അവഗണിച്ചത് ആകസ്മികമാവാന്‍ തരമില്ല. പ്രവാസി പുനരധിവാസ പാക്കേജ് നടപ്പാക്കുമെന്ന് വാഗ്ദാനം നല്‍കിയവര്‍ ദിവസങ്ങള്‍ക്കകം തന്നെ അതു മറന്ന ത് പ്രവാസി സമൂഹത്തില്‍ നിരാശ പടര്‍ത്തുമെന്നത് വ്യക്തമാണ്. ഇത്തരം സമീപനങ്ങള്‍ക്കെതിരെ പ്രവാസികള്‍ ഒറ്റക്കെട്ടായി ശബ്ദമുയര്‍ത്തണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.