Connect with us

Wayanad

സാമ്പത്തിക മാന്ദ്യം വര്‍ധിപ്പിക്കും: നിരാശജനകം: സി പി എം

Published

|

Last Updated

കല്‍പ്പറ്റ: സംസ്ഥാന ബജറ്റ് നിരാജനകവും വയനാടിന്റെ സാമ്പത്തിക മാന്ദ്യത്തിന്റെ ആക്കം വര്‍ദ്ധിപ്പിക്കുന്നതുമാണെന്ന് സിപിഐഎം ജില്ല സെക്രട്ടരിയറ്റ് അഭിപ്രായപ്പെട്ടു.
വിലയിടിവും ഉത്പാദന തകര്‍ച്ചയും നേരിട്ട് ഊര്‍ധ്വശ്വാസം വലിക്കുന്ന ജില്ലയിലെ കാര്‍ഷികമേഖലയെ പുനരുജജീവിപ്പിക്കാനോ ഭൂരിഭാഗം വരുന്ന ആദിവാസിജനവിഭാഗത്തിന്റെ ക്ഷേമത്തിനോ പരിഗണന നല്‍കാതെ വയനാട്ടുകാരെ സര്‍കാര്‍ വഞ്ചിച്ചതായും സിപിഐഎം കുറ്റപ്പെടുത്തി.
കാപ്പി, കുരുമുളക്, അടക്ക എന്നീ കൃഷികള്‍ നശിച്ചതിനാല്‍ ജില്ലയിലെ കര്‍ഷകര്‍ തകര്‍ച്ചയിലാണ്.ബാങ്കുകള്‍ ജപ്തി നടപടികള്‍ കൂടി ആരംഭിച്ചതോടെ കര്‍ഷക ആത്മഹത്യകള്‍ പുനരാവര്‍ത്തിക്കപ്പെടാനുള്ള സാധ്യതകള്‍ ഏറുകയാണ്.ഈ സാഹചര്യത്തില്‍ കര്‍ഷകര്‍ക്ക് വേണ്ടി യതൊരു ആശ്വാസ പദ്ധതികളും ബജറ്റില്‍ പ്രഖ്യാപിക്കാത്തത് പ്രതിഷേധാര്‍ഹമാണ്. ഏതാനും വിളകള്‍ക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തിയതൊഴിച്ചാല്‍ ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കാനുള്ള നിര്‍ദേശങ്ങള്‍ ബജറ്റിലില്ല.
സാമൂഹികമായി പിന്നോക്കമായ ആദിവാസിജനവിഭാഗത്തിന്റെ ഉന്നമനത്തിനുള്ള പദ്ധതികളും ബജറ്റിലില്ല. 1000 ആദിവാസികള്‍ക്ക് വീട് നിര്‍മിക്കാന്‍ വെറും രണ്ടരകോടി രൂപ മാത്രമാണ് വകയിരുത്തിയത്. വയനാട് ജില്ലയിലെ ഭവനപ്രശ്‌നം പരിഹരിക്കാന്‍ പോലും തുക അപര്യാപ്തമാണെന്നിരിക്കേ സംസ്ഥാന ബജറ്റില്‍ പേരിന് ഫണ്ട് നീക്കിവെച്ച് സര്‍കാര്‍ കണ്ണില്‍പൊടിയുകയാണ്. ആദിവാസികള്‍ നേരിടുന്ന പോഷകാഹാര കുറവ് മൂലമുള്ള പ്രശ്‌നങ്ങളും വംശനാശ ഭീഷണിയും പരിഹരിക്കാനുള്ള പദ്ധതികളും ബജറ്റിലില്ല.തോട്ടം തൊഴിലാളികളുടെ കൂലി പുതുക്കാന്‍ നിര്‍ദേശമില്ലാത്തതും ഈ മേഖലക്ക് കനത്ത തിരിച്ചടിയാണ്. നിര്‍മാണസാമഗ്രികളുടെ നികുതി വര്‍ദ്ധിപ്പിച്ചത് സാധാരണക്കാരുടേയും ദുര്‍ബല ജനവിഭാഗങ്ങളുടേയും ഭവന നിര്‍മാണം പ്രതിസന്ധിയിലാക്കും.
വന്യമൃഗശല്യം പരിഹരിക്കാന്‍ സംസ്ഥാനത്തിനാകെ 10 കോടി രൂപ മാത്രമാണ് അനുവദിച്ചത്. ജില്ലയില്‍ വന്യമൃഗ ശല്യം അതി രൂക്ഷമാണ്. വെള്ളിയാഴ്ച പോലും ഒരു യുവതി കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. 10 കോടി രൂപകൊണ്ട് വയനാട്ടിലെ വന്യജീവി ഭീഷണി പോലും പരിഹരിക്കപ്പെടില്ല.
മുന്‍വര്‍ഷങ്ങളിലെ ബജറ്റില്‍ പ്രഖ്യാപിച്ച മീനങ്ങാടിയിലെ കാലി തീറ്റ നിര്‍മാണ ഫാക്ടറി, സിക്കിള്‍സെല്‍ അനീമിയ രോഗികള്‍ക്കുള്ള ധനസഹായം എന്നിവയും ഇതുവരെ നടപ്പായിട്ടില്ല. കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ തന്നെ വയനാട് മെഡിക്കല്‍ കോളേജിന് അഞ്ച് കോടി രൂപ അനുവദിച്ചത് വീണ്ടും ആവര്‍ത്തിക്കുക മാത്രമാണ് ചെയ്തത്. പാര്‍ലമെണ്ട് അംഗീകരിക്കാത്ത നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍പാതയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി അഞ്ച് കോടി രൂപ അനുവദിച്ചത് വഴി സംസ്ഥാന സര്‍കാരും വയനാട്ടുകാരെ മറയില്ലാതെ തന്നെ കബളിപ്പിക്കുകയാണ്.
ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വോട്ട് ലക്ഷ്യമാക്കിയാണ് ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചതെന്ന് വ്യക്തമാണ്. വയനാട്ടില്‍ മൃഗീയ ഭൂരിപക്ഷം നല്‍കിയാണ് യുഡിഎഫിനെ വിജയിപ്പിച്ചത്. ജില്ലയില്‍ ഒരു മന്ത്രിയും രണ്ട് എംഎല്‍എമാരും ഉണ്ടായിട്ടും വയനാടിന് വേണ്ടി ഒന്നും ചെയ്യാന്‍ സാധിക്കാത്തത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും സി പി എം അഭിപ്രായപ്പെട്ടു.