കളഞ്ഞുകിട്ടിയ പണസഞ്ചി തിരിച്ചേല്‍പ്പിച്ച മലയാളി ബാലന്‍ മാതൃകയായി

Posted on: January 24, 2014 8:46 pm | Last updated: January 24, 2014 at 8:46 pm

george onakkooorദുബൈ: കളഞ്ഞുകിട്ടിയ പണസഞ്ചി പോലീസിനെ ഏല്‍പ്പിച്ച് മലയാളി ബാലന്‍ മാതൃകയായി. അല്‍ നഹ്ദ രണ്ടില്‍ എന്‍ എം സി സ്‌പെഷാലിറ്റി ഹോസ്പിറ്റലിന് സമീപത്തു നിന്നു കളഞ്ഞു കിട്ടിയ പണസഞ്ചി ദുബൈ പോലീസില്‍ തിരിച്ചേല്‍പ്പിച്ചാണ് അമൃത് ജിയോ ആദര്‍ശ് മാതൃകയായത്. നൃത്ത പഠനം കഴിഞ്ഞ് മടങ്ങവേയായിരുന്നു കഴിഞ്ഞ ആഴ്ച അമൃതിന് പണസഞ്ചി കളഞ്ഞു കിട്ടിയത്. സമൂഹത്തിന് മുഴുവന്‍ മാതൃകയായ ബാലനെ ദുബൈ പോലീസ്, അല്‍ ഖിസൈസ് പോലീസ് സ്‌റ്റേഷനില്‍ വിളിച്ചു വരുത്തി ആദരിച്ചു. ദുബൈ പോലീസ് മേധാവി മേജര്‍ ജനറല്‍ ഖമിസ് മത്തര്‍ അല്‍ മസീന സാക്ഷ്യപത്രവും സമ്മാനവും നല്‍കിയാണ് അമൃത് ജിയോ ആദര്‍ശിനെ ആദരിച്ചത്. ഷാര്‍ജ ഡല്‍ഹി പ്രൈവറ്റ് സ്‌കൂള്‍ നാലാം തരം വിദ്യാര്‍ഥിയാണ് അമൃത്. ഇന്റഗ്രേറ്റഡ് അഡ്വട്ടൈസിംഗ് സര്‍വീസസിലെ സീനിയര്‍ വൈസ് പ്രസിഡന്റ്(മാര്‍ക്കറ്റിംഗ്) ആദര്‍ശ് റിയോ ജോര്‍ജിന്റെയും ഷാര്‍ജ ഡല്‍ഹി പബ്ലിക് സ്‌കൂള്‍ അധ്യാപിക ആര്യ ആദര്‍ശിന്റെയും മകനും പ്രശസ്ത എഴുത്തുകാരന്‍ ജോര്‍ജ് ഓണക്കൂറിന്റെ പേരമകനുമാണ് മലയാളിയുടെ അഭിമാനമായി മാറിയ ഈ ബാലന്‍.