മാവോയിസ്റ്റ് ഭീഷണി; കാളികാവ് പോലീസ് സ്‌റ്റേഷന് കൂടുതല്‍ സുരക്ഷ

Posted on: January 24, 2014 6:00 am | Last updated: January 24, 2014 at 7:07 am

കാളികാവ്: സായുധരായ മാവോവാദികള്‍ പോലീസ് സ്റ്റേഷനുകള്‍ അക്രമിക്കാന്‍ സാധ്യതയുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കാളികാവ് പോലീസ് സ്റ്റേഷന് കൂടുതല്‍ സുരക്ഷ ഒരുക്കി. പോലീസ് സ്‌റ്റേഷന്റെ പ്രധാന കെട്ടിടത്തിനാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്.
മണല്‍ചാക്കുകള്‍ അടുക്കി വെച്ചാണ് പോലീസ് സ്‌റ്റേഷന് സുരക്ഷ ഒരുക്കിയിരിക്കുന്നത്. പോലീസ് സ്റ്റേഷനിലേക്ക് പ്രവേശിക്കുന്ന കവാടത്തിലും ജനലുകളിലും പുറകിലെ ഗ്രില്ലിട്ട കവാടത്തിലുമാണ് മണല്‍ ചാക്കുകള്‍ നിരത്തിയിരിക്കുന്നത്.
വെടിവെപ്പ് അടക്കമുള്ള അക്രമണങ്ങളുണ്ടായാല്‍ സ്റ്റേഷനുള്ളിലുള്ളവര്‍ക്ക് ഏല്‍ക്കാതിരിക്കാനാണ് ഇത്തരത്തില്‍ മണല്‍ചാക്കുകള്‍ അടുക്കി വെച്ച് സുരക്ഷ ഒരുക്കിയിരിക്കുന്നത്. മാസങ്ങളായി മേഖലയിലെ മലയോര പ്രദേശങ്ങളില്‍ മാവോയിസ്റ്റ് സാനിധ്യം ഉണ്ടെന്ന് കണ്ടെത്തിയിട്ട്. പകല്‍ സമയത്ത് പോലും ബൈക്കുകളിലും മറ്റു വാഹനങ്ങളിലും സ്ത്രീകളടക്കമുളള മാവോവാദികള്‍ കറങ്ങിനടക്കുന്നുണ്ടെന്ന വിവരവുമുണ്ട്. ചൊവ്വാഴ്ച വൈകുന്നേരവും അജ്ഞാതരായ രണ്ട് പേര്‍ ബൈക്കില്‍ ചോക്കാട് നാല്‍പത് സെന്റ് പ്രദേശങ്ങളിലൂടെ വനത്തിലേക്ക് പോയതായി വിവരം ലഭിച്ചിട്ടുണ്ട്. ഏതാനും ദിവസം മുമ്പ് രണ്ട് പേര്‍ ബൈക്കില്‍ ഇതേ റൂട്ടിലൂടെ പോയിരുന്നു. എന്നാല്‍ മാവോവാദികളാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും സാധ്യതകള്‍ പോലീസ് തള്ളിക്കളയുന്നില്ല. ഇതിനിടെ മാവോയിസ്തുകളായ മുപ്പത് പേരുടെ ഫോട്ടോകള്‍ പ്രദേശത്തെ പ്രധാനപ്പെട്ട സ്ഥലങ്ങളിലും ആദിവാസി കോളനികളിലും അങ്ങാടികളിലും ബസ് സ്റ്റാന്‍ഡുകളിലും പതിച്ചിട്ടുണ്ട്. പോലീസ് സ്‌റ്റേഷനുകളില്‍ കൂടുതല്‍ സുരക്ഷ ഒരുക്കുകയും, മാവോവാദികളുടെ ഫോട്ടോ അടങ്ങുന്ന ലുക്കൗട്ട് നോട്ടീസുകള്‍ വ്യാപകമായി പതിക്കുകയും ചെയ്ത പശ്ചാതലത്തില്‍ ജനങ്ങള്‍ ആശങ്കയിലാണെന്ന് കാളികാവ് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ജനങ്ങളുടെ ഭീതി അകറ്റാന്‍ പോലീസ് നടപടി എടുക്കണെമെന്ന് ആവശ്യപ്പെട്ട് ഉന്നതരായ പോലീസുദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ആലിപ്പറ്റ ജമീല പറഞ്ഞു.