നിര്‍മാണം പൂര്‍ത്തിയായിട്ടും പഞ്ചിംഗ് സ്റ്റേഷന്റെ പ്രവര്‍ത്തനം ആരംഭിച്ചില്ല

Posted on: January 24, 2014 6:00 am | Last updated: January 24, 2014 at 6:50 am

ചങ്ങരംകുളം: സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിന് കടിഞ്ഞാണിടുന്നതിന് വേണ്ടി ചങ്ങരംകുളത്ത് നിര്‍മിച്ച ബസ് പഞ്ചിംഗ് സ്റ്റേഷന്റെ പ്രവര്‍ത്തനം ഇനിയും ആരംഭിച്ചില്ല. ഒരുവര്‍ഷം മുന്‍പ് നിര്‍മാണ പ്രവൃത്തികള്‍ ആരംഭിക്കുകയും മാസങ്ങള്‍ക്ക് മുന്‍പ് നിര്‍മാണം പൂര്‍ത്തീകരിക്കുകയും ചെയ്തിട്ടും പഞ്ചിംഗ് സ്റ്റേഷന്റെ പ്രവര്‍ത്തനം ആരംഭിക്കേണ്ട കാര്യത്തില്‍ അധികൃതര്‍ അലംഭാവം തുടരുകയാണ്.
പഞ്ചിംഗ് സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചാല്‍ തൃശൂര്‍ – കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസുകളുടെ മത്സരയോട്ടം നിയന്ത്രിക്കുവാന്‍ സാധിക്കും. വൈദ്യുതി ലഭിക്കാത്തതാണ് പഞ്ചിംഗ് സ്റ്റേഷന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് തടസമായി അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നത്. നിര്‍മാണം പൂര്‍ത്തിയായ കെട്ടിടത്തില്‍ രാത്രി കാലങ്ങളില്‍ സാമൂഹ്യവിരുദ്ധരുടെ താവളമായി മാറിയിരിക്കുകയാണ്.
എടപ്പാള്‍ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ തൃശൂര്‍ റോഡില്‍ താടിപ്പടിയിലാണ് റോഡിന്റെ ഇരുവശങ്ങളിലായി രണ്ട് കെട്ടിടങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്. സ്വകാര്യ ബസ് മുതലാളിമാരുടെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയാണ് പഞ്ചിംഗ് സ്റ്റേഷന്റെ പ്രവര്‍ത്തനം വൈകിപ്പിക്കുന്നതെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്. സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിനെ തുടര്‍ന്ന് സംസ്ഥാനപാതയിലെ ഈ ഭാഗങ്ങളില്‍ നിരവധി ജീവനുകള്‍ പൊലിഞ്ഞിരുന്നു.