Connect with us

Ongoing News

ആഘോഷിക്കുകയാണ് പാലക്കാട്

Published

|

Last Updated

പാലക്കാട്: പാലക്കാടന്‍ ചൂടിനൊപ്പം മത്സരത്തിന്റെ ചൂടും ഉയരുകയാണ്. സ്വര്‍ണക്കപ്പിനായുള്ള ഇഞ്ചോടിഞ്ച് പോരാട്ടവും കനക്കുന്നു. തിരശ്ശീല വീഴാന്‍ ഇനി രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കുമ്പോള്‍ അവസാന പോരാട്ടത്തിന് തയ്യാറായി നില്‍ക്കുകയാണ് കലാകേരളം.
സംസ്ഥാന സ്‌കൂള്‍ യുവജനോത്സവം പാലക്കാട് നഗരം അക്ഷരാര്‍ഥത്തില്‍ ആഘോഷിക്കുകയാണ.് പാലക്കാടിന്റെ ഗ്രാമങ്ങളും നഗര വീഥികളുമെല്ലാം ഒഴുകുന്നത് കലോത്സവ വേദികളിലേക്ക്. എല്ലാ കണക്കുകൂട്ടലുകളേയും തെറ്റിച്ചുകൊണ്ട് കാഴ്ചക്കാരുടെ ജനപങ്കാളിത്തം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. ഒന്നര ലക്ഷത്തോളം പേരാണ് ഓരോ ദിവസവും കലയുടെ അരങ്ങുകളിലേക്ക് കാഴ്ചക്കാരായി എത്തുന്നത്.
പൊള്ളുന്ന വെയിലിനേയും വീശിയടിക്കുന്ന കാറ്റിനേയും ഉയര്‍ന്നു പൊങ്ങുന്ന പൊടിയേയുമെല്ലാം അവഗണിച്ചുകൊണ്ട് ഓരോ വേദിയും തിങ്ങി നിറയുകയാണ്. കലോത്സവത്തിന്റെ തിരക്കുകള്‍ മുന്‍കൂട്ടി കണ്ടാണ് മുന്‍വര്‍ഷങ്ങളില്‍ നിന്നും അധികമായി ലയണ്‍സ് സ്‌കൂളിലെ മയൂരം എന്ന വേദി കൂടി തയാറാക്കിയത്.
16 പ്രധാന വേദികളിലായി 30,000 പേര്‍ക്ക് ഇരിക്കാനുളള സൗകര്യമാണ് ഒരുക്കിയിട്ടുളളത്. എന്നാല്‍ അതിന്റെ അഞ്ച് മടങ്ങിലേറെ കാഴ്ചക്കാരാണ് ഓരോ ദിവസവും വേദിയിലേക്കെത്തുന്നത്. കാണികള്‍ക്കൊപ്പം തന്നെ വര്‍ധിച്ചുവരികയാണ് മത്സരാര്‍ഥികളും. ജില്ലാതല മത്സരങ്ങളില്‍ വിജയിച്ച് സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവര്‍ 8,185 പേരാണ്. എന്നാല്‍ അപ്പീലുകളിലൂടെ മാത്രം മത്സരിച്ചവര്‍ 3,675 പേര്‍. 821 അപ്പീലുകളില്‍ നിന്നാണ് ഇത്രയും കുട്ടികള്‍ മത്സരിച്ചിരിക്കുന്നത്.
വരും ദിവസങ്ങളില്‍ അപ്പീലുകളുടെ എണ്ണം ഇനിയും കൂടും. മത്സരാര്‍ഥികളുടെ എണ്ണവും. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ പെണ്‍കുട്ടികളുടെ കേരള നടനത്തിനാണ് ഏറ്റവുമധികം അപ്പീലുകള്‍ വന്നിരിക്കുന്നത്. 32 എണ്ണം. അപ്പീലുകളുടെ ക്രമമില്ലാത്ത വരവ് മൂലം തകരാറിലാകുന്നത് മത്സരങ്ങളുടെ സമയക്രമമാണ്. ടൗണ്‍ഹാളിലെ വേദിയില്‍ എച്ച് എസ്എസ് ആണ്‍കുട്ടികളുടെ നാടകം രാത്രി ഒമ്പതിനും 10 നും ഇടയില്‍ അവസാനിക്കുന്ന രീതിയിലായിരിന്നു ക്രമീകരണം. എന്നാല്‍ അപ്പീലുകളുടെ പ്രവാഹത്തില്‍ ഇത് പുലര്‍ച്ചെ അഞ്ച് മണി വരെ നീണ്ടു. 13 അപ്പീലുകളാണ് നാടകത്തിനുണ്ടായിരുന്നത്. ഒരു നാടകത്തിന് ഏകദേശം ഒരു മണിക്കൂര്‍ എന്ന രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. അപ്പീലുകള്‍ കൂടുന്നതിനാല്‍ പലരും വളരെ നേരം കാത്തു നിന്നാണ് മത്സരങ്ങള്‍ അവതരിപ്പിക്കുന്നത്.

Latest