നാടകാന്ത്യം ശുഭം…..

  Posted on: January 23, 2014 11:24 pm | Last updated: January 23, 2014 at 11:24 pm

  siraj-kalosavam-page-hintപാലക്കാട്: മികച്ച നാടകങ്ങളും നല്ല സദസ്സും പാലക്കാട്ടെ നാടക പ്രേമികളെ ആവേശം കൊള്ളിച്ചു. പ്രേക്ഷക സാന്നിധ്യം നാടകത്തിന് പൂക്കാലമൊരുക്കുമ്പോള്‍ വിവാദങ്ങളും പ്രതിഷേധങ്ങളും നാടക മത്സരത്തിന്റെ നിറം കെടുത്തി.
  നാടകത്തെ ഗൗരവപൂര്‍വം സമീപിക്കുന്ന പലരും നാടകത്തിന്റെ വിധി നിര്‍ണയത്തില്‍ പ്രതിഷേധം പ്രകടിപ്പിക്കുകയാണ്. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി നാടക മത്സരത്തിലെ വിധികര്‍ത്താക്കളെപ്പറ്റി നിരവധി പരാതികളാണ് ഉയര്‍ന്നത്. ഈ മേഖലയില്‍ ജൂറി ലോബികള്‍ തന്നെ വ്യാപകമാണെന്നാണ് പരാതി.
  ജില്ലാ തലത്തില്‍ മികച്ച അഭിപ്രായം നേടി സംസ്ഥാനത്ത് എത്തിയ പല നാടകങ്ങളും പത്തിനപ്പുറത്തേക്ക് പിന്തള്ളപ്പെട്ടുപോയ കാഴ്ചയാണ് പാലക്കാട് കാണാന്‍ കഴിഞ്ഞത്. പ്രേക്ഷകരും നാടക പ്രവര്‍ത്തകരുമെല്ലാം നല്ല അഭിപ്രായം പറഞ്ഞ നാടകങ്ങളും വിസ്മയകരമായ പ്രകടനം കാഴ്ച വെച്ച കുട്ടികളും പിന്തള്ളപ്പെട്ടുപോയി. വിധി കര്‍ത്താക്കള്‍ നല്‍കുന്ന മാര്‍ക്കുകള്‍ തമ്മില്‍ വലിയ അന്തരങ്ങള്‍ വന്നതും സംശയങ്ങള്‍ക്ക് ഇടവരുത്തുന്നതായി. പങ്കെടുക്കുന്ന എല്ലാവര്‍ക്കും എ ഗ്രേഡ് കൊടുത്ത് പ്രശ്‌നങ്ങള്‍ പരഹരിക്കാനുള്ള നീക്കങ്ങളും വിധികര്‍ത്താക്കള്‍ നടത്തുന്നതായി ഇവര്‍ പറയുന്നു.
  ശ്രദ്ധേയമായ നിരവധി നാടകങ്ങളിലൂടെ കലോത്സവ വേദികളില്‍ ശ്രദ്ധനേടിയ സംവിധായകന്‍ ശിവദാസ് പൊയില്‍ക്കാവ് വിധി നിര്‍ണയത്തിനെതിരെ രംഗത്തെത്തി. വിധി നിര്‍ണയത്തില്‍ സംശയാസ്പദമായ സാഹചര്യം ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജൂറി പലപ്പോഴും നിര്‍വ്വികാരമായി നാടകം കാണുന്ന കാഴ്ച വേദനാജനകമാണെന്നും അദ്ദേഹം പറഞ്ഞു.
  കഥയും കഥപറയുന്ന രീതികളുമെല്ലാം മാറിക്കൊണ്ടിരിക്കുന്ന ന്യൂജനറേഷന്‍ കാലത്ത് നാടകത്തെ പഴയകാലത്തില്‍ ഒതുക്കി നിര്‍ത്തുന്ന സമീപനമാണ് ജൂറി സ്വീകരിക്കുന്നതെന്നാണ് അഭിപ്രായം. നാടക പ്രവര്‍ത്തകരുടെ കൂട്ടായ്മയെയും അവരുടെ ആസ്വാദനത്തേയും മാനിക്കണമെന്ന അഭിപ്രായമാണ് സംവിധായകന്‍ പ്രിയനന്ദന്‍ രേഖപ്പെടുത്തിയത്.
  റിപ്പോര്‍ട്ട് ചെയ്യാന്‍ വൈകിയെന്ന പേരില്‍ നെല്ലൂര്‍ ട്രൈബല്‍ സ്‌കള്‍ വിദ്യാര്‍ഥികളോട് അധികൃതര്‍ മോശമായ സമീപനമാണ് സ്വീകരിച്ചത്. മലപ്പുറത്തെ വിദ്യാര്‍ഥികള്‍ക്ക് അവസരം നിഷേധിച്ച് പോലീസ് അവരെ തീവ്രവാദികള്‍ എന്നാണ് വിശേഷിപ്പിച്ചത്. എം ജി ശശി ഉള്‍പ്പെടെയുള്ള നാടക പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു. നാടകത്തിന് ജനകീയ മുഖം കൊണ്ട് വരാന്‍ കുട്ടികളും നാടകപ്രവര്‍ത്തകരും ശ്രമം നടത്തുമ്പോള്‍ അധികൃതര്‍ തന്നെ ഇതിനെ നശിപ്പിക്കുന്നെന്നാണ് ആക്ഷേപം.