ഊട്ടി മേഖലയെ വിറപ്പിച്ച കടുവയെ വെടിവെച്ച് കൊന്നു

Posted on: January 23, 2014 8:00 am | Last updated: January 23, 2014 at 8:11 am

ഗൂഡല്ലൂര്‍: മൂന്ന് പേരെ കൊലപ്പെടുത്തുകയും ഊട്ടി ദൊഡപേട്ട വനമേഖലയിലെ ജനങ്ങളെ പരിഭ്രാന്തിയിലാക്കുകയും ചെയ്ത കടുവയെ ഒടുവില്‍ തമിഴ്‌നാട് ദൗത്യസേന വെടിവെച്ചുകൊന്നു. ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് ഊട്ടി ദൊഡപേട്ട വനമേഖലയിലെ കപ്പച്ചിഗ്രാമത്തില്‍വെച്ച് കടുവയെ വെടിവെച്ചുകൊന്നത്. വൈകുന്നേരം 6.30ന് ഗ്രാമത്തിലെ വനത്തില്‍ മേയാന്‍വിട്ടിരുന്ന പശുവിനെ കടുവ കടിച്ചുകൊന്നിരുന്നു. ഇതേത്തുടര്‍ന്നാണ് കടുവ ഇവിടെയുണ്ടെന്ന് ബോധ്യമായത്. ഉടനെ ദൗത്യസേന ഗ്രാമം വളയുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് കടുവയെ വെടിവെച്ചുകൊല്ലാന്‍ സാധിച്ചത്. ജീവനോടെ പിടികൂടാന്‍ ആവുന്നത്ര ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ഊട്ടിമേഖലയെ വിറപ്പിച്ച് ജനങ്ങളുടെ ഉറക്കംകെടുത്തിയ കടുവയെ അവസാനം വെടിവെച്ച് കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നു. വനപാലകരും ദൗത്യസേനയുമാണ് കടുവയെ പിടികൂടാന്‍ ശ്രമിച്ചിരുന്നത്. ഡോഗ് സ്‌ക്വാഡ് തുടങ്ങിയവയുടെ സഹായവും ഉണ്ടായിരുന്നു. ആറ് സ്ഥലങ്ങളില്‍ കെണിയൊരുക്കിയിരുന്നുവെങ്കിലും അതിലൊന്നും അകപ്പെട്ടിരുന്നില്ല. ഹൈദരാബാദില്‍ നിന്ന് കൊണ്ടുവന്ന നൂതന ക്യാമറ ഉള്‍പ്പെടെ 75 ക്യാമറകളും വനമേഖലയില്‍ സ്ഥാപിച്ചിരുന്നു. ഇരുപത് ദിവസമായി കടുവ ഊട്ടി മേഖലയെ വിറപ്പിക്കാന്‍ തുടങ്ങിയിട്ട്.
കടുവയെ പിടിക്കാന്‍ പലവിധത്തില്‍ ശ്രമം നടത്തിയിരുന്നുവെങ്കിലും പക്ഷേ പിടിക്കാന്‍ സാധിച്ചിരുന്നില്ല. 100ഓളം പേരടങ്ങിയ സംഘമാണ് തിരച്ചിലിന് നേതൃത്വം നല്‍കിയിരുന്നത്. ഊട്ടി മേഖലയില്‍ നിലയുറപ്പിച്ചിരുന്ന കടുവ കവിത (35) ചിന്നപ്പന്‍ (58) മുത്തുലക്ഷ്മി (33) എന്നിവരെയാണ് കൊലപ്പെടുത്തിയിരുന്നത്. രണ്ട് പശുക്കളെയും വകവരുത്തിയിരുന്നു. ജില്ലാകലക്ടര്‍, പി ശങ്കര്‍, ഡി എഫ് ഒ സുഗീദര്‍രാജ് കോവില്‍പിള്ള തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരുന്നു കടുവയെ തേടിയിരുന്നത്. ഈ മേഖലയിലെ 47 സ്‌കൂളുകള്‍ കടുവാഭീതിയിലായിരുന്നു. 17 സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ നീണ്ടഅവധി നല്‍കിയിരിക്കുകയായിരുന്നു. ഭയംകാരണം ജോലിക്ക് പോലും പോകാതെ കഴിയുകയായിരുന്നു ഇവിടുത്തെ ജനങ്ങള്‍. കടുവയെ വെടിവെച്ചുകൊന്നത് ജനങ്ങള്‍ക്ക് വലിയ ആശ്വാസമായിരിക്കുകയാണ്. അതേസമയം നാടിനെ വിറപ്പിച്ച ആണ്‍ കടുവക്ക് എട്ട് അടി നീളമുണ്ട്. പന്ത്രണ്ട് വയസ് പ്രായമുണ്ടായിരിക്കുമെന്നാണ് വനംവകുപ്പ് അനുമാനിക്കുന്നത്.