ചാനല്‍ വൈകൃതങ്ങള്‍ക്ക് താക്കീതായി മാപ്പിള കലാവേദികള്‍

Posted on: January 22, 2014 11:24 pm | Last updated: January 22, 2014 at 11:24 pm

HSS Arabanamuttu 1st A Grade  Nishad and party  VJHSS Alpuza 1പാലക്കാട്: ചാനല്‍ വൈകൃതങ്ങള്‍ക്ക് താക്കീതായി എന്നും സ്‌കൂള്‍ കലോത്സവ മാപ്പിള കലാവേദികള്‍. 54ാം കേരള സ്‌കൂള്‍ കലോത്സവ വേദിയിലെ മാപ്പിള കലാ സദസ്സുകള്‍ നിറഞ്ഞു കവിയുന്നത് ഇന്നും തനത് ശൈലിയും കലര്‍പ്പില്ലാതെയും മാപ്പിള കലകള്‍ അവതരിപ്പിക്കുന്നത് കൊണ്ടാണ്. പ്രധാന വേദിയായ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍ ഇന്നലെ മാപ്പിള കലാസ്വാദകരെ കൊണ്ട് വീര്‍പ്പ് മുട്ടി. മാറ്റത്തിരുത്തലുകള്‍ക്കും വൈകൃതങ്ങള്‍ക്കും വഴി കൊടുക്കാതെ തനത് ശൈലിയില്‍ കാണാന്‍ കഴിഞ്ഞ സന്തോഷമായിരുന്നു കാണികളുടെ മുഖത്ത്.
ചാനലുകള്‍, മറ്റ് സ്റ്റേജ് ഷോകള്‍ എന്നിവയില്‍ മാപ്പിളകലകളെ മാസല ചേര്‍ത്തും കച്ചവട താത്പര്യത്തിന് പാകമായും മാറ്റിയെടുത്ത് അവതരിപ്പിക്കുന്നതിന് പകരം സുതാര്യമായ കലര്‍പ്പില്ലാത്ത, ജാതിമത വ്യത്യസമില്ലാത്ത ശൈലി ആരെയും ആകര്‍ഷിക്കുന്നതാണ്. ഇത് സ്‌കൂള്‍ കലോത്സവങ്ങള്‍ക്ക് മാത്രം സമ്മാനിക്കാന്‍ കഴിയുന്ന ഒന്നാണ്.
പ്രാചീന കാലത്ത് മാപ്പിളകലകളില്‍ ഉപയോഗിച്ചിരുന്ന അതേ ഉപകരണങ്ങളും വേഷവുമെക്കെ വേദിയില്‍ മിന്നി മറയുമ്പോള്‍ ഒരുത്തമ സംസ്‌കാരത്തിന്റെ സവിശേഷതകളാണ് വിളിച്ചോതുന്നത്. മാന്വല്‍ പരിഷ്‌കാരങ്ങള്‍ക്ക് വരും കാലങ്ങളില്‍ മാറ്റങ്ങള്‍ സംഭവിക്കുമ്പോഴും മാപ്പിള കലകള്‍ തനത് ശൈലിയില്‍ തന്നെ നിലനിര്‍ത്തി പോരണമെന്നാണ് കലാസ്‌നേഹികളുടെ ആവശ്യം.