എസ് ഐ സംഘ് പരിവാര്‍ വൊളണ്ടിയര്‍വേഷം കെട്ടുന്നത് ആപത്തെന്ന് യൂത്ത്‌ലീഗ്

Posted on: January 22, 2014 9:18 pm | Last updated: January 22, 2014 at 9:18 pm

കാസര്‍കോട്: പോലീസുകാര്‍ക്കിടയില്‍ വര്‍ഗീയ ചിന്താഗതി ഏറി വരികയാണെന്നും ഇതിനെ അധികൃതര്‍ ഗൗരവത്തോടെ കാണണമെന്നും മുസ്‌ലിം യൂത്ത് ലീഗ് കാസര്‍കോട് മണ്ഡലം ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു.
നബിദിനവുമായി ബന്ധപ്പെട്ട് ഉളിയത്തടുക്ക മേഖലയില്‍ സ്ഥാപിച്ച ഫഌക്‌സ് ബോര്‍ഡുകളും തോരണങ്ങളും നീക്കിയ രീതി തികച്ചും വിവേചന പരമായിരുന്നു. വിദ്യാനഗര്‍ എസ് ഐ രവീന്ദ്രന്‍ സംഘ് പരിവാര്‍ വൊളണ്ടിയറെപോലെയാണ് പ്രവര്‍ത്തിക്കുന്നത്. തികച്ചും സമാധാനത്തോടെ ആചരിക്കുന്ന നബിദിനത്തിന് ക്രൂരതയുടെ മുഖം നല്‍കാനാണ് രവീന്ദ്രന്‍ ശ്രമിച്ചത്. രാത്രിയുടെ മറവില്‍ അഴിഞ്ഞാടാനിറങ്ങിയ എസ് ഐ കണ്ണില്‍ കണ്ടതിനെയെല്ലാം അടിച്ചു തകര്‍ത്തുമുന്നേറിയത് അപലപനീയമാണ്.
നീലേശ്വരത്ത് ഗുരുതരമായ കുറ്റാരോപണം നേരിട്ട എസ് ഐ കാസര്‍കോട്ടും നല്ല രീതിയിലല്ല പ്രവര്‍ത്തിക്കുന്നത്. രവീന്ദ്രനെപോലുള്ളവര്‍ മതേതരത്വത്തിന്റെ ശത്രുക്കളാണ് അയാളെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്യുകയോ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റുകയോ ചെയ്യണമെന്നും യോഗം കൂട്ടിച്ചേര്‍ത്തു.
പ്രസിഡണ്ട് ഹമീദ് ബെദിര അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഫീഖ് കേളോട്ട് സ്വാഗതം പറഞ്ഞു. മൊയ്തീന്‍കൊല്ലമ്പാടി, മുഹമ്മദ് കുഞ്ഞിഹിദായത്ത്‌നഗര്‍, അഷറഫ് എടനീര്‍, നാസര്‍ ചായിന്റടി, മമ്മു ചാല, ബി ടി അബ്ദുല്ലക്കുഞ്ഞി തുടങ്ങിയവര്‍ പ്രസംഗിച്ചു.