അംഗീകാരം ലഭിക്കാത്തതിന് നേതൃത്വത്തിന് പഴി; ഒ ഐ സി സിയുടെ പേരു മാറ്റാന്‍ ആലോചന

Posted on: January 22, 2014 6:04 pm | Last updated: January 22, 2014 at 6:04 pm

മസ്‌കത്ത്: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രവാസി സംഘടനയായ ഓവര്‍സീസ് ഇന്ത്യന്‍ കള്‍ചറല്‍ കോണ്‍ഗ്രസിന്റെ പേര് ഓവര്‍സീസ് ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ എന്നാക്കി മാറ്റാന്‍ ആലോചന. വിദേശ രാജ്യങ്ങളില്‍ സാംസ്‌കാരിക സംഘടന എന്ന നിലയില്‍ അംഗീകാരം നേടിയെടുക്കുന്നതിനു വേണ്ടിയാണ് നേതൃ തലത്തില്‍ ആലോചന നടക്കുന്നത്. പാര്‍ട് കേന്ദ്രത്തില്‍ ഭരണത്തിലിരുന്നിട്ടും എംബസികളുടെ അംഗീകാരത്തില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടന എന്ന അംഗീകാരം പോലും നേടിത്തരാന്‍ കഴിഞ്ഞില്ല എന്നാരോപിച്ച് പ്രവര്‍ത്തകര്‍ രംഗത്തു വന്ന സാഹചര്യത്തിലാണ് ധൃതി പിടിച്ച ആലോചനകള്‍ നടക്കുന്നത്.
വര്‍ഷങ്ങളായി ഗള്‍ഫ് നാടുകളില്‍ പ്രവര്‍ത്തിച്ചു വരുന്ന കോണ്‍ഗ്രസ് സംഘടനകള്‍ക്ക് ഗള്‍ഫ് നാടുകളില്‍ സാമൂഹികക്ഷേമ മന്ത്രാലയങ്ങളുടെയോ വിദേശി സമൂഹത്തിന്റെ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന അതോറിറ്റികളുടെയോ അംഗീകാരമില്ല. രമേശ് ചെന്നിത്തല കെ പി സി സി അധ്യക്ഷസ്ഥാനത്തു വന്നതിനു ശേഷം ഗള്‍ഫില്‍ വിവിധ പേരുകളിലും ഗ്രൂപ്പടിസ്ഥാനത്തിലും പ്രവര്‍ത്തിച്ചു വന്ന സംഘനകളെ ഒ ഐ സി സി എന്ന പേരില്‍ ഏകീകരിച്ചിരുന്നു. ഖത്തറിലും അബുദാബിയിലുമായി രണ്ടു തവണ ഗ്ലോബല്‍ മീറ്റും സംഘടിപ്പിച്ചു. ഈയടുത്ത് അബുദാബിയില്‍ നടന്ന ഗ്ലോബല്‍ മീറ്റില്‍ വ്യവസായി സി കെ മേനോന്‍ പ്രസിഡന്റായി ഗ്ലോബല്‍ കമ്മിറ്റിയും നിലവില്‍ വന്നു. ഈ സംഗമങ്ങളിലെല്ലാം ഉയര്‍ന്നു വന്ന പ്രധാന ആവശ്യമായിരുന്നു അംഗീകാരം ലഭിക്കുക എന്നത്. ചുരുങ്ങിയത് എംബസിയുടെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘം എന്ന രീതിയിലെങ്കിലും പരിഗണിക്കപ്പെടണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.
ദുബൈയില്‍ അംഗീകാരമില്ലാത്ത സംഘടനകളെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംഘടനകളോട് അംഗീകാരത്തിന് അപേക്ഷിക്കാന്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഒ ഐ സി സി നാഷണല്‍ സമര്‍പ്പിച്ച അപേക്ഷ അധികൃതര്‍ തള്ളി. സംഘടന പിരിച്ചു വിടണമെന്നും തുടര്‍ന്ന് പ്രവര്‍ത്തിക്കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതേത്തുടര്‍ന്ന് പ്രസിഡന്റ് എം ജി പുഷ്പാകരന്‍ സംഘടന പിരിച്ചു വിട്ടതായി പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം യു എ ഇയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അഡ്വ. വൈ എ റഹീമും സംഘടനയുടെ സ്ഥാനങ്ങള്‍ രാജി വെച്ചു. പതിറ്റാണ്ടുകളായി പ്രവര്‍ത്തിച്ചു വരുന്ന പാര്‍ട്ടി സംഘടനക്ക് അംഗീകാരം നേടിത്തരാന്‍ നേതൃത്വത്തിന് കഴിയാത്ത സാഹചര്യത്തിലുള്ള പ്രതിഷേധം കൂടി സൂചിപ്പിച്ചാണ് രാജിയെന്ന് പറയുന്നു.
മറ്റു രാജ്യങ്ങളില്‍നിന്നും ഇതേ സമ്മര്‍ദം നേതൃത്വത്തിനു മേല്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. ചിലര്‍ കൂട്ടരാജിയോ പ്രവര്‍ത്തനം മരവിപ്പിക്കലോ നടത്തുമെന്നും ഭീഷണിപ്പെടുത്തിയിട്ടുണ്ട്. മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനത്തിലൂടെ അഞ്ചു കോടി രൂപയോളം സമാഹരിക്കാന്‍ കെ പി സി സി പദ്ധതി നടപ്പിലാക്കി വരുന്നതിനിടെയുണ്ടായ അസ്വാരസ്യം അടിയന്തരമായി ഇടപെട്ട് പരിഹരിക്കാനാണ് ഇപ്പോള്‍ നേതൃതലത്തില്‍ ആലോചന നടക്കുന്നതെന്ന് ഒമാനില്‍നിന്നുള്ള ഗ്ലോബല്‍ കമ്മിറ്റി പ്രതിനിധി പറഞ്ഞു. സാംസ്‌കാരിക സംഘടന എന്ന നിലയില്‍ കോണ്‍ഗ്രസ് നേതൃത്വവും മന്ത്രിമാരും ഇടപെട്ട് ഏതെങ്കിലും മന്ത്രാലയങ്ങളുടെ അംഗീകാരം നേടിയെടുക്കുന്നതിന് പരിശ്രമം നടത്തുമെന്ന് പാര്‍ട്ടി നേതൃത്വം പ്രവര്‍ത്തകരെ അറിയിച്ചിട്ടുണ്ട്. ഒമാന്‍ ഉള്‍പെടെയുള്ള രാജ്യങ്ങളില്‍ വിദേശികളുടെ നിയമവിരുദ്ധ കൂട്ടായ്മകള്‍ പ്രവര്‍ത്തനത്തിന് നേരിടുന്ന പ്രതിസന്ധി നേതൃത്വത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും വൈകാതെ പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.