Connect with us

International

സിറിയയില്‍ വിമത തടവുകാരെ ക്രൂരമായി പീഡിപ്പിക്കുന്നതായി റിപ്പോര്‍ട്ട്‌

Published

|

Last Updated

ദമസ്‌കസ്: സിറിയയില്‍ സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭത്തിനിടെ പിടിക്കപ്പെടുന്നവരെ ക്രൂരമായി പീഡിപ്പിക്കുകയും വധിക്കുകയും ചെയ്യുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. 11,000 ഓളം വിമതരെ ക്രൂരമായി പീഡിപ്പിച്ച് വധിച്ചുവെന്ന അന്വേഷണ റിപ്പോര്‍ട്ടാണ് പുറത്തായിരിക്കുന്നത്. മുന്‍ പ്രോസിക്യൂട്ടര്‍മാര്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍. ഇതിന് തങ്ങളുടെ കൈവശം വ്യക്തമായ തെളിവുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സിറിയയിലെ വിമതരെയും പ്രതിപക്ഷ സഖ്യത്തെയും അനുകൂലിക്കുന്ന മൂന്ന് പ്രോസിക്യൂട്ടര്‍മാരാണ് അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സിറിയന്‍ വിഷയവുമായി ബന്ധപ്പെട്ട് സ്വിറ്റസര്‍ലാന്‍ഡില്‍ രണ്ടാം ജനീവ എന്ന പേരില്‍ അറിയപ്പെടുന്ന സമാധാന ചര്‍ച്ച നടക്കാനിരിക്കെയാണ് പുതിയ റിപ്പോര്‍ട്ട് എന്നത് ശ്രദ്ധേയമാണ്. എന്നാല്‍ അന്വേഷണ റിപ്പോര്‍ട്ട് വ്യാജമാണെന്ന് സിറിയന്‍ സര്‍ക്കാര്‍ വ്യക്തമാക്കി.
തടവുപുള്ളികളെ ക്രൂരമായി പീഡിപ്പിക്കുന്നതിന്റെ 55,000ഓളം ചിത്രങ്ങള്‍ തങ്ങളുടെ കൈവശം ഉണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ അവകാശവാദം. വിമത പ്രക്ഷോഭം ആരംഭിച്ച 2011 മുതലുള്ള ചിത്രങ്ങളും സംഭവങ്ങളുമാണ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയത്. അന്വേഷണ ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Latest