ടെലിവിഷന്‍ രംഗത്ത് വന്‍വിപ്ലവം സൃഷ്ടിക്കാന്‍ ഇന്ത്യന്‍ വംശജന്റെ കുഞ്ഞു ആന്റിന

Posted on: January 20, 2014 8:02 pm | Last updated: January 20, 2014 at 8:04 pm
Chet Kanojia, chief executive of Aereo,
എയിറിയോ കമ്പനി പുറത്തിറക്കിയ കുഞ്ഞു ആന്റിനയുമായി കമ്പനിയുടെ ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ ചേട്ട് കനോജ

ന്യൂയോര്‍ക്ക്: ടെലിവിഷന്‍ പ്രക്ഷേപണ രംഗത്ത് വിപ്ലവകരമായ മുന്നേറ്റത്തിന് കാരണമായേക്കാവുന്ന കണ്ടുപിടുത്തവുമായി അമേരിക്കയിലെ ഇന്ത്യന്‍ വംശജന്‍. അന്തരീക്ഷത്തിലൂടെ പ്രസരണം ചെയ്യുന്ന ടെലിവിഷന്‍ സിഗ്നലുകള്‍ സ്വീകരിച്ച് ഇന്റര്‍നെറ്റ് സ്ട്രീമിംഗും റെക്കോര്‍ഡിംഗും സാധ്യമാക്കുന്ന ഒരു കുഞ്ഞു ആന്റിനയാണ് ഭോപ്പാല്‍ സ്വദേശിയായ അമേരിക്കക്കാരന്‍ ചേട്ട് കനോജ കണ്ടുപിടിച്ചിരിക്കുന്നത്. കനോജ രണ്ട് വര്‍ഷം മുമ്പ് തുടങ്ങിയ എയ്‌റിയോ എന്ന കമ്പനിയാണ് കണ്ടുപിടുത്തത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.

network_antenna_NYT_360_1അന്തരീക്ഷത്തിലൂടെ പ്രസരണം ചെയ്യുന്ന ഏതുതരം ടെലിവിഷന്‍ സിഗ്നലിനെയും സ്വീകരിച്ച് ഒരു ഡിജിറ്റല്‍ വീഡിയോ റെക്കോര്‍ഡറിന്റെ സഹായത്തോടെ ഇന്റര്‍നെറ്റ് വഴി സംപ്രേഷണം സാധ്യമാക്കുകയാണ് കുഞ്ഞു റിമോര്‍ട്ട് ആന്റിന ചെയ്യുന്നത്. വയറും കേബിളും സെറ്റ് ടോപ്പ് ബോക്‌സും ഒന്നും ഇതിന് ആവശ്യമില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഓണ്‍ലൈന്‍ സ്ട്രീമിംഗ് രംഗത്തും ഇന്റര്‍നെറ്റ് എനേബിള്‍ഡ് ടെലിവിഷന്‍ രംഗത്തും വലിയ വിപ്ലവത്തിനായിരിക്കും ഈ കണ്ടുപിടുത്തം വഴിയൊരുക്കുക.

അതേസമയം, കണ്ടുപിടുത്തം പുറത്തുവന്നതിന് പിന്നാലെ പകര്‍പ്പവകാശ നിയമത്തിന് കേസ് നേരിടുകയാണ് കനോജ. അമേരിക്കന്‍ കമ്പനിയായ ടൈറ്റാന്‍സ് ആണ് എയിറിയോക്കെതിരെ കോടതിയെ സമീപിച്ചിരിക്കുന്നത്. തങ്ങളുടെ വിവരങ്ങള്‍ മോഷ്ടിച്ചാണ് എയിറിയോ ഈ സാങ്കേതിക വിദ്യ രൂപപ്പെടുത്തിയതെന്നാണ് ടൈറ്റാന്‍സിന്റെ വാദം. ടൈറ്റാന്‍സിന്റെ ഹരജി സുപ്രീംകോടതി ഫയലില്‍ സ്വീകരിക്കുകയും ചെയ്തു. മറ്റു ചില വിനോദ കമ്പനികളും കനോജക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. കനോജയുടെ ആന്റിന വന്നാല്‍ ആര്‍ക്കും ഏത് ചാനല്‍ പരിപാടിയും കാണാനും പകര്‍ത്താനും സാധിക്കുമെന്നതാണ് വിനോദ രംഗത്തെ കമ്പനികളെ ചൊടിപ്പിക്കുന്നത്.