Connect with us

Articles

അവര്‍ നമ്മളെപ്പോലെയുള്ളവരല്ല

Published

|

Last Updated

ദക്ഷിണാഫ്രിക്കയിലനുഭവിച്ച കടുത്ത വര്‍ണവെറിയും പീഡനവും ആണ് മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയെ ഒരു പോരാളിയും ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്ന ഉജ്ജ്വല സമരത്തിന്റെ മഹാ നേതാവുമാക്കി മാറ്റിയത്. “നിങ്ങള്‍ ഞങ്ങള്‍ക്കൊരു വക്കീലിനെ തന്നു; ഞങ്ങള്‍ നിങ്ങള്‍ക്കൊരു മഹാത്മാവിനെ തിരിച്ചു തന്നു” എന്നാണ് ആഫ്രിക്കക്കാര്‍ ഈ സംഭവത്തെ തത്വവത്കരിച്ചത്. ഗാന്ധി ആഫ്രിക്ക വിട്ട് ഇന്ത്യയിലെത്തി; ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച്; ഒരു ഹിന്ദു മതതീവ്രവാദിയാല്‍ കൊല്ലപ്പെട്ട് പിന്നെയും ദശകങ്ങള്‍ കഴിഞ്ഞാണ് ദക്ഷിണാഫ്രിക്കയിലെ വര്‍ണവെറി അവസാനിച്ച് കറുത്ത വര്‍ഗക്കാരുടെ നിര്‍ണായക നേതൃത്വമുള്ള സര്‍ക്കാര്‍ അധികാരമേറ്റത്. ആ വിപ്ലവത്തിന് നേതൃത്വം കൊടുത്ത നെല്‍സണ്‍ മേണ്ടലയും അടുത്ത ദിവസം ലോകത്തോട് വിട പറഞ്ഞു.
ഇപ്പോള്‍, ചരിത്രം തിരികെ സഞ്ചരിക്കാന്‍ തുടങ്ങിയിരിക്കുന്നു. അടുത്ത കാലത്ത്, ഡല്‍ഹിയില്‍ അധികാരത്തിലേറിയ ആം ആദ്മി പാര്‍ട്ടി സര്‍ക്കാറിലെ നിയമകാര്യ മന്ത്രി സോമനാഥ് ഭാരതി തികഞ്ഞ വര്‍ണവെറിയും കറുപ്പിനോട് വിദ്വേഷവും ഉള്ള വംശീയഭ്രാന്തനാണെന്ന് സ്വയം ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് നിയമം കൈയിലെടുത്ത് പ്രവര്‍ത്തിക്കാനാരംഭിച്ചിരിക്കുന്നു. ഇന്ത്യയിലെ മധ്യവര്‍ഗ, സവര്‍ണ, ഭൂരിപക്ഷത്തിന്റെ ആള്‍ക്കൂട്ട മനഃശാസ്ത്രമാണ് ആം ആദ്മി വിജയത്തിനു കാരണമായത് എന്ന വ്യാഖ്യാനം ശരി വെക്കുന്ന തരത്തിലുള്ള പ്രതികരണം മുഖ്യമന്ത്രി അരവിന്ദ് കെജരിവാളില്‍ നിന്നു തന്നെ ഉണ്ടായിക്കൊണ്ടിരിക്കുന്നു. കാശ്മീരില്‍ ജനഹിത പരിശോധന നടത്തണമെന്ന ആം ആദ്മി നേതാവ് തന്നെയായ പ്രശാന്ത് ഭൂഷണിന്റെ ആഹ്വാനത്തെ വല്ലാത്ത ധൃതി പിടിച്ചുകൊണ്ടാണ് കെജരിവാള്‍ തള്ളിയത്. ഈ വല്ലാത്ത ധൃതിയിലടങ്ങിയിട്ടുള്ള ബ്യൂറോക്രാറ്റിക് ദേശീയ ഭ്രാന്തിന്റെയും അമിതാധികാരപരമായ അഖണ്ഡതാവാദത്തിന്റെയും ആന്തരിക മൂല്യങ്ങള്‍ ഇതിനകം വിലയിരുത്തപ്പെട്ടു കഴിഞ്ഞു. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് ലോക്‌സഭയില്‍, കാശ്മീരിലെ അമിത പട്ടാള സാന്നിധ്യത്തെക്കുറിച്ച് പരാമര്‍ശിച്ച എം ബി രാജേഷ് എം പിക്കെതിരെ നിരവധി പാര്‍ലിമെന്റംഗങ്ങള്‍ ചീറിയടുത്തു എന്ന വാര്‍ത്തയും ഇതിനോടു കൂട്ടി വായിക്കേണ്ടതാണ്.
ഖിഡ്ക്കി വില്ലേജില്‍ ആഫ്രിക്കക്കാര്‍ താമസിക്കുന്ന ഏതാനും വീടുകള്‍, സര്‍ച്ച് വാറന്റ് പോലുമില്ലാതെ റെയിഡ് ചെയ്യണമെന്ന് ആം ആദ്മി നിയമമന്ത്രി സോമനാഥ് ഭാരതി വാശി പിടിച്ചിരിക്കുന്നു. ഡല്‍ഹി പോലീസിനെ ഇക്കാര്യത്തില്‍ അദ്ദേഹം അമിതാവേശത്തോടെ നിര്‍ബന്ധിക്കുകയും ചെയ്തു. ഇതിനു വഴങ്ങാത്ത ഡല്‍ഹി പൊലിസിനെതിരെ തങ്ങള്‍ സമരം ആരംഭിക്കുമെന്ന് ഭാരതിയെ പിന്തുണച്ചു കൊണ്ട് മുഖ്യമന്ത്രി കെജരിവാള്‍ പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. കറുത്തവര്‍ നിയമം ലംഘിക്കുന്നു എന്ന് ആക്രോശിച്ചുകൊണ്ട് ഭാരതിയുടെ ആം ആദ്മി ഗുണ്ടകള്‍ ആഫ്രിക്കക്കാരെ മര്‍ദിക്കുകയുമുണ്ടായി. നാല് സ്ത്രീകളാണ് ആക്രമിക്കപ്പെട്ടത്. ഇവരില്‍ രണ്ട് പേര്‍ നൈജീരിയക്കാരും രണ്ട് പേര്‍ ഉഗാണ്ടക്കാരുമാണ്. പോലീസ് ആഫ്രിക്കക്കാരെ രക്ഷിച്ചെടുക്കുകയായിരുന്നു. ആഫ്രിക്കക്കാരെ സംരക്ഷിക്കുകയും ആം ആദ്മി ഗുണ്ടകളെ ഓടിച്ചുവിടുകയും ചെയ്ത പോലീസിനെതിരെയാണ് നിയമ മന്ത്രി ഭാരതിയും മുഖ്യമന്ത്രി കെജരിവാളും തിരിഞ്ഞിരിക്കുന്നത്. ആഫ്രിക്കക്കാരിയായ ഒരു യുവതിയോട് അവരുടെ മൂത്രത്തിന്റെ സാമ്പിള്‍ നല്‍കാന്‍ ഈ ഗുണ്ടകള്‍ പരസ്യമായി ആജ്ഞാപിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. അവര്‍ മയക്കുമരുന്ന് കഴിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനാണ് ഇത്. ആം ആദ്മി ഗുണ്ടകള്‍ നിയമം കൈയിലെടുക്കുന്ന സദാചാര പോലീസായി മാറിയിരിക്കുന്നുവെന്നാണ് ഇത് തെളിയിക്കുന്നത്.
ആഫ്രിക്കക്കാര്‍ മയക്കുമരുന്നുപയോഗവും വ്യഭിചാരവും നടത്തുന്നു എന്നാണ് സദാചാര പോലീസുകാര്‍ ആരോപിച്ചത്. എന്നാലതിന്റെ തെളിവുകളൊന്നും കണ്ടെടുക്കാനായില്ല. ഇനി അഥവാ തെളിവുകളുണ്ടെങ്കില്‍ തന്നെ, ഇത്തരം കുറ്റങ്ങളെ നിയമത്തിന്റെ മാര്‍ഗത്തിലൂടെ നേരിടുകയാണ് വേണ്ടത്. അല്ലാതെ ആള്‍ക്കൂട്ടത്തിന്റെ വംശഹത്യാപരവും വര്‍ണവെറി നിറഞ്ഞതുമായ “ഉടന്‍ പരിഹാരങ്ങള്‍”ക്ക് വിട്ടുകൊടുക്കുന്നത്, ഫാസിസ്റ്റ് തെമ്മാടി രാജ്യമാക്കി ഇന്ത്യയെ മാറ്റുന്ന പ്രക്രിയക്ക് ആക്കം കൂട്ടുകയാണ് ചെയ്യുക. ആഫ്രിക്കക്കാരുടെ താമസത്തെക്കുറിച്ചും അവരുടെ പേരുകളെക്കുറിച്ചും അവരുടെ ചെയ്തികളെക്കുറിച്ചും വിശദമായി പരിശോധിക്കാനും റിപ്പോര്‍ട്ട് ചെയ്യാനും അവിടെയുള്ള തദ്ദേശവാസികളോട് നിയമമന്ത്രി ഭാരതി ആവശ്യപ്പെട്ടുവത്രെ. അവര്‍ നമ്മളെപ്പോലെയുള്ളവരല്ല (യേഹ് ഹം ഔര്‍ ആപ് ജൈസേ നഹീം ഹൈ) എന്നാണ് ഭാരതി ഇതിനുള്ള ന്യായീകരണമായി പറഞ്ഞത്.
അടുത്ത ദിവസം ഡാനിഷ്‌കാരിയായ ഒരു വിനോദസഞ്ചാരി ഡല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിന് വിധേയയായിരുന്നു. ആക്രമിക്കപ്പെട്ടത് വെളുത്ത നിറക്കാരിയായതുകൊണ്ട് അതിനെ അപലപിച്ച കെജരിവാളാണ്, കറുത്ത നിറക്കാര്‍ക്കെതിരായ തന്റെ പാര്‍ട്ടിക്കാരുടെയും മന്ത്രിയുടെയും ആക്രമണത്തെ ന്യായീകരിക്കുകയും പിന്തുണക്കുകയും ചെയ്തത് എന്നതും ശ്രദ്ധേയമാണ്. 2012ല്‍, ബുറുണ്ടിയില്‍ നിന്നുള്ള യാനിക് നിഹംഗാസ എന്ന ആഫ്രിക്കന്‍ വിദ്യാര്‍ഥി പഞ്ചാബിലെ ജലന്ധറില്‍ ക്രൂരമായി ആക്രമിക്കപ്പെടുകയും നിരവധി മാസങ്ങള്‍ ബോധരഹിതനായി ആശുപത്രിയില്‍ കിടക്കുകയും ചെയ്തിരുന്നു. ഗോവയിലും ആഫ്രിക്കക്കാര്‍ ആക്രമിക്കപ്പെടുന്നത് പതിവാണ്. എന്തിന്, ഇന്ത്യന്‍ സംസ്ഥാനങ്ങളായ വടക്കുകിഴക്കന്‍ പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ ഡല്‍ഹിയിലും മറ്റു നഗരങ്ങളിലും ആക്രമിക്കപ്പെടുന്നതും സാധാരണ കാര്യമാണ്. ഡല്‍ഹിയില്‍ തന്നെ ഒരു സിനിമാശാലയുടെ പരിസരത്ത് ഒരു കറുത്ത വര്‍ഗക്കാരന്‍ മയക്കുമരുന്ന് വില്‍ക്കുകയാണെന്ന ആരോപണത്തിന് വിധേയമായി ആം ആദ്മികളാല്‍ മര്‍ദിക്കപ്പെട്ടു. ഇയാളുടെ കൈയില്‍ വെളുത്ത നിറമുള്ള എന്തോ ഉണ്ടെന്ന ഊഹാപോഹം പ്രചരിച്ചതിനെ തുടര്‍ന്നാണ് ആം ആദ്മികള്‍ നിയമം കൈയിലെടുത്തത്. സൂക്ഷ്മമായ പരിശോധനയില്‍ അത് വെറും പോപ് കോണാണെന്ന് തെളിയുകയും ചെയ്തു.
വിദേശികളോടുള്ള അകാരണമായ വിദ്വേഷവും വര്‍ണവെറിയും അമിതമായ സാമൂഹിക ജാഗ്രതയും ആള്‍ക്കൂട്ടത്തെ പരിഭ്രാന്തിയിലും കൂട്ടമായ അക്രമത്തിലും ചെന്നെത്തിക്കുമെന്നതിന്റെ തെളിവുകളാണിവയൊക്കെയും. മൊഹല്ല സഭകള്‍ക്കും പ്രാദേശിക കമ്മിറ്റികള്‍ക്കും അതാതിടത്തെ നിയമം കൈയിലെടുക്കാനുള്ള അവകാശമുണ്ടെന്ന സ്ഥിരം വായ്ത്താരി ആം ആദ്മി നേതാക്കള്‍ ഉന്നയിക്കുന്നതു കാണാം. അധികാര വികേന്ദ്രീകരണത്തിനും ഗ്രാമസ്വരാജിനുമെതിരായ അംബേദ്കറുടെ വാദങ്ങള്‍ ശരിയായിരുന്നുവെന്ന് തെളിയിക്കുന്ന സംഭവങ്ങളാണിതൊക്കെയും. ജാതിമേധാവിത്വവാദത്തിന് കീഴ്‌പ്പെട്ടുകൊണ്ട് മാത്രമേ പ്രാദേശിക കമ്മിറ്റികള്‍ക്കും ഗ്രാമസഭകള്‍ക്കും പ്രവര്‍ത്തിക്കാനാകൂ എന്ന അംബേദ്കറുടെ നിരീക്ഷണം ശരിവെക്കുന്ന സംഭവങ്ങളാണ് ഡല്‍ഹിയില്‍ അരങ്ങേറിയിരിക്കുന്നത്. കേരളത്തില്‍ പോലും ചില പ്രദേശങ്ങളിലും റെസിഡന്‍ഷ്യല്‍ അസോസിയേഷനുകളിലും ഫഌറ്റ് കമ്മിറ്റികളിലും ഇത്തരം പ്രവണതകള്‍ക്കാണ് മുന്‍തൂക്കം കിട്ടുന്നതെന്നത് സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ ബോധ്യപ്പെടും. ഭൂരിപക്ഷം, ജനപ്രിയം എന്നീ പ്രയോഗങ്ങളും അവസ്ഥകളും ചരിത്രവിരുദ്ധവും മനുഷ്യവിരുദ്ധവുമായ പ്രതിനിധാനങ്ങളായി പരിണമിക്കുന്ന സ്ഥിതിവിശേഷങ്ങള്‍ ശ്രദ്ധാപൂര്‍വം കൈകാര്യം ചെയ്തില്ലെങ്കില്‍ ജനാധിപത്യവും ആധുനികതയും തന്നെ അപ്രസക്തമായിത്തീരും.
Reference:
1. Protest Against Delhi Law Minister Somnath Bharti”s Racist Vigilantism in Delhi: K-avitaKrishnan(Kafila.org/January 18, 2014)
2. Xenophobia, Racism and Vigilantism – Danger Signals forAAP by Aditya Nigam(Kafila.org/January 17, 2014)