Connect with us

Kerala

തിരഞ്ഞെടുപ്പും സാമ്പത്തിക പ്രതിസന്ധിയും: ഇത്തവണ മാണിക്ക് 'സമ്മര്‍ദ' ബജറ്റ്

Published

|

Last Updated

തിരുവനന്തപുരം: പട ിവാതിലില്‍ നില്‍ക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ്. കാലിയായി കൊണ്ടിരിക്കുന്ന സംസ്ഥാന ഖജനാവ്. ഈ രണ്ട് വെല്ലുവിളികള്‍ക്കിടയില്‍ നിന്നുകൊണ്ട് എങ്ങനെയൊരു നല്ല ബജറ്റ് അവതരിപ്പിക്കാമെന്ന് തലപുകക്കുകയാണ് ധനമന്ത്രി കെ എം മാണി. ഈ മാസം 24നാണ് ബജറ്റ് അവതരണം. കടബാധ്യതയുടെ ഭാരം കൂടുന്നതും നികുതി വരുമാനം പ്രതീക്ഷയിലേക്ക് ഉയരാത്തതും രൂപപ്പെടുത്തിയ സാമ്പത്തിക പ്രതിസന്ധിക്കൊപ്പമാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് കൂടി വരുന്നത്. തിരഞ്ഞെടുപ്പായതിനാല്‍ ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഉണ്ടായേ മതിയാകൂ. കക്ഷിഭേദമന്യേ ഭരണപക്ഷത്തുള്ള എം എല്‍ എമാരെയെങ്കിലും തൃപ്തിപ്പെടുത്തണം. എം പിമാരുടെ താത്പര്യങ്ങളും സംരക്ഷിക്കപ്പെടണം. ക്ഷേമപദ്ധതികള്‍ക്കുള്ള വിഭവ സമാഹരണത്തിന് പുതിയ നികുതിയ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയാല്‍ പ്രതിഷേധം ക്ഷണിച്ച് വരുത്തുകയും ചെയ്യും. ഈ വെല്ലുവിളികളെല്ലാമുണ്ടെങ്കിലും തന്റെ പന്ത്രണ്ടാം ബജറ്റ് മികച്ചതായിരിക്കുമെന്ന് മാണി അടിവരയിടുന്നു.

പോയ വര്‍ഷത്തെ ബജറ്റ് പ്രഖ്യാപനങ്ങള്‍ പലതും നടപ്പായില്ലെന്ന വിമര്‍ശം ഉയര്‍ന്നുകൊണ്ടിരിക്കെയാണ് പുതിയൊരു ബജറ്റ് അവതരണത്തിന് മാണി ഒരുങ്ങുന്നത്. ഹോട്ടല്‍ ഭക്ഷണ വില നിയന്ത്രിക്കാനുള്ള തൃപ്തി ഹോട്ടല്‍, ഫ്‌ളോട്ടിംഗ് സൗരോര്‍ജ പദ്ധതികളും മാലിന്യസംസ്‌കരണ പദ്ധതികളുമെല്ലാം പാഴായ പ്രഖ്യാപനങ്ങളുടെ കൂട്ടത്തിലൂണ്ട്. ഹൈടെക്ക് ഹരിതഗ്രാമങ്ങള്‍, സംയോജിത കൃഷി, ജൈവ ഉത്പന്നങ്ങള്‍ക്കു കേരളത്തിന്റെതായ ബ്രാഡിംഗ് എന്നിവയൊക്കെ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇവയൊന്നും യാഥാര്‍ഥ്യമായില്ല. അതേസമയം, അടിസ്ഥാന സൗകര്യവികസന പദ്ധതികളില്‍ വലിയൊരു പുരോഗതിയുണ്ടാക്കിയത് നേട്ടമായി. കൊച്ചി മെട്രോ റെയില്‍, മോണോ റെയില്‍, വിഴിഞ്ഞം തുറമുഖം, ദേശീയ ഗെയിംസിനുള്ള സ്റ്റേഡിയം തുടങ്ങിയവയില്‍ നല്ല പുരോഗതിയുണ്ടായി.
സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ സേവനങ്ങള്‍ക്കുള്ള ഫീസ് ഉയര്‍ത്തുന്നത് ഉള്‍പ്പെടെ പല നിര്‍ദേശങ്ങളും കഴിഞ്ഞ ബജറ്റിന് ശേഷം നടപ്പാക്കിയിരുന്നു. അധിക വിഭവസമാഹരണത്തിനുള്ള വഴി എങ്ങനെ കണ്ടെത്തുമെന്നതാണ് മാണിയുടെ മുന്നിലെ വലിയ വെല്ലുവളി. ഓരോ മാസവും കടമെടുത്താണ് നിത്യച്ചെലവിനുള്ള വഴി കണ്ടെത്തുന്നത്. കിട്ടുന്ന പണം ശമ്പളത്തിനും പെന്‍ഷനും പലിശയും നല്‍കാന്‍ പോലും തികയുന്നില്ല. കടമെടുക്കുന്ന തുക ഇതിനും ഉപയോഗിക്കേണ്ടി വരുന്നു. നടപ്പുവര്‍ഷം 9700 കോടി രൂപ ഇതിനകം കടമെടുത്ത് കഴിഞ്ഞു. പൊതു വിപണിയില്‍നിന്ന് കടമെടുക്കാനുള്ള പരിധി 12,360 കോടിയാണ്. സാമ്പത്തിക വര്‍ഷത്തിന്റെ അവസാന മാസത്തെ ചെലവിന് എന്തുചെയ്യുമെന്ന് കണ്ടറിയണം.
വിലക്കയറ്റം നേരിടുന്നതിനുള്ള നിര്‍ദേശങ്ങള്‍ എന്തായാലും ബജറ്റില്‍ ഉള്‍പ്പെടുത്തേണ്ടി വരും. പുതിയ സാമ്പത്തിക വര്‍ഷം വലിയ ചെലവുകളാണ് സര്‍ക്കാറിനെ കാത്തിരിക്കുന്നത്. ശമ്പള പരിഷ്‌കരണത്തിന് പുതിയ കമീഷനെ നിയമിച്ചുകഴിഞ്ഞു. ഒരു വര്‍ഷത്തിനകം റിപ്പോര്‍ട്ട് വരും. വലിയൊരു തുക ഇതിനായി കണ്ടത്തേണ്ടി വരും.
മുന്‍വര്‍ഷ ബജറ്റുകളില്‍ പ്രഖ്യാപിച്ച പലവന്‍കിട പദ്ധതികളുടെയും നിര്‍മാണം തുടങ്ങി കഴിഞ്ഞു. കൊച്ചി മെട്രോ, വിഴിഞ്ഞം തുറമുഖം, കണ്ണൂര്‍ വിമാനത്താവളം, തുടങ്ങിയവ ഉദാഹരണം. ഇതിനെല്ലാം വലിയ നീക്കിയിരുപ്പ് ഈ വര്‍ഷം വേണ്ടി വരും. സാധ്യതാ പഠനം പൂര്‍ത്തിയ മോണോ റെയിലുകള്‍ക്കും പഠനം നടക്കുന്ന സബര്‍ബന്‍ ട്രെയിനിനുമെല്ലാം കൂടുതല്‍ തുക വകയിരുത്തേണ്ടി വരും.
പല കേന്ദ്ര പദ്ധതികള്‍ക്കും പകുതി വിഹിതം സംസ്ഥാനം വഹിക്കണമെന്ന നിര്‍ദേശവും സര്‍ക്കാറിനെ അലട്ടുന്നു. ദേശീയ പാത വികസനം ഉള്‍പ്പെടെ പല പദ്ധതികള്‍ക്കും കേന്ദ്രം ഈ മാര്‍ഗമാണ് സ്വീകരിക്കുന്നത്. പുതിയ റെയില്‍വേ പാതകളുടെ നിര്‍മാണ ചെലവ് പോലും സംസ്ഥാനങ്ങള്‍ വഹിക്കണമെന്ന നിര്‍ദേശമാണ് മുന്നോട്ടുവെക്കുന്നത്.