സുനന്ദ തരൂരുമായി വിമാനത്തിലും കലഹിച്ചിരുന്നതായി റിപ്പോര്‍ട്ട്

Posted on: January 19, 2014 6:47 pm | Last updated: January 20, 2014 at 8:05 am

tharoor_saga_1389874022_540x540ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹത തുടരവെ ഇരുവരും തമ്മിലുള്ള അഭിപ്രായ വ്യത്യാസം വ്യക്തമാവുന്ന കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത്.

തങ്ങള്‍ സന്തുഷ്ട കുടുംബ ജീവിതമാണ് നയിക്കുന്നതെന്ന് പറഞ്ഞ് ഇരുവരും ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ദിവസം വിമാനത്തില്‍ വെച്ച് രൂക്ഷമായ വാക്കുതര്‍ക്കം നടന്നിരുന്നതായി ടൈംസ് ഓഫ് ഇന്ത്യയാണ് പുറത്ത് വിട്ടത്. കേന്ദ്രമന്ത്രി മനീഷ് തിവാരിയുടെ സാനിധ്യത്തിലായിരുന്നു ഇരുവരും വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടത്. എന്നാല്‍ ഇരുവരും തമ്മിലുള്ള തര്‍ക്കത്തില്‍ മനീഷ് തിവാരി ഇടപെട്ടിരുന്നില്ല.

തരൂരിന്റെ ഔദ്യോഗിക വസതിയിലേക്ക് പോവാതെ സുനന്ദ ലീലാ ഹോട്ടലില്‍ താമസിച്ചതും ഇരുവരും തമ്മിലുള്ള തര്‍ക്കം മൂലമാണ് എന്നാണ് സൂചന. ജനുവരി 15 ബുധനാഴ്ച്ചയാണ് സുനന്ദ ലീലാ ഹോട്ടലില്‍ മുറിയെടുത്തത്. അവര്‍ അസ്വസ്ഥയായിരുന്നുവെന്നാണ് ഹോട്ടല്‍ ജീവനക്കാരുടെ മൊഴിയില്‍ പറയുന്നത്. വ്യാഴാഴ്ച്ച വൈകിയാണ് തരൂര്‍ ഹോട്ടലിലെത്തിയത്.

വ്യാഴാഴ്ച്ച രാത്രി മുഴുവന്‍ ഇരുവരും തര്‍ക്കിച്ചിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിവരെ ലഭിച്ചിട്ടുണ്ട്. വെള്ളിയാഴ്ച്ച സുനന്ദ ഭക്ഷണമൊന്നും കഴിച്ചിരുന്നില്ലെന്നും ഹോട്ടല്‍ ജീവനക്കാര്‍ മൊഴി നല്‍കിയിട്ടുണ്ട്.