ഊട്ടിയിലേക്ക് ബസ് സര്‍വീസില്ല; യാത്രക്കാര്‍ ദുരിതത്തിലാകുന്നു

Posted on: January 19, 2014 1:07 pm | Last updated: January 19, 2014 at 1:07 pm

ഗൂഡല്ലൂര്‍: ഗൂഡല്ലൂര്‍ ഡിപ്പോയില്‍ നിന്ന് ഊട്ടിയിലേക്ക് വേണ്ടത്ര രാത്രികാല ബസ് സര്‍വീല് യാത്രക്കാര്‍ ദുരിതത്തിലാകുന്നു. രാവിലെ ഒമ്പത് മണിക്ക് ശേഷം പത്ത് മണിവരെ ഊട്ടിയിലേക്ക് ബസില്ല.
ഇത്കാരണം നൂറുകണക്കിന് യാത്രക്കാരാണ് പ്രയാസത്തിലാകുന്നത്. പലരും അമിത ചാര്‍ജ് നല്‍കി ടാക്‌സി വാഹനങ്ങളിലാണ് യാത്രചെയ്യുന്നത്. ഗൂഡല്ലൂരില്‍ നിന്ന് ഊട്ടിയിലേക്ക് തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ബസിന് 35 രൂപയാണ് ചാര്‍ജ് എന്നാല്‍ ടാക്‌സി വാഹനങ്ങള്‍ അന്‍പതും അറുപതുമാണ് ചാര്‍ജ് ഈടാക്കുന്നത്. ജോലിക്ക് പോകുന്നവരും മറ്റും നിര്‍ബന്ധിത സാഹചര്യത്തില്‍ ടാക്‌സി വാഹനങ്ങളെയാണ് കൂടുതല്‍ ആശ്രയിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ പുതിയ ബസുകള്‍ അനുവദിച്ചിരുന്നുവെങ്കിലും ഗൂഡല്ലൂര്‍ ഡിപ്പോയ്ക്ക് ആവശ്യത്തിന് ബസ് അനുവദിച്ചിട്ടില്ലെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. 400ഓളം പുതിയ ബസുകള്‍ സര്‍ക്കാര്‍ നിരത്തിലിറക്കിയിട്ടുണ്ടെങ്കിലും മലയോരമേഖലയായ നീലഗിരിക്ക് വിരലിലെണ്ണാവുന്ന ബസുകള്‍ മാത്രമാണ് അനുവദിച്ചിരിക്കുന്നത്. ഗൂഡല്ലൂര്‍ ഡിപ്പോയില്‍ നിന്ന് ഗ്രാമങ്ങളിലേക്ക് സര്‍വീസ് നടത്തികൊണ്ടിരിക്കുന്നത് പഴക്കംചെന്ന ബസുകളാണ്. തുരുമ്പെടുത്ത് നശിച്ച ബസുകളാണ് സര്‍വീസ് നടത്തുന്നത്. ഊട്ടിയിലേക്ക് മതിയായ ബസ് സര്‍വീസുകള്‍ ഏര്‍പ്പെടുത്തണമെന്നാണ് ജനങ്ങളുടെ ആവശ്യം.