ഗതാഗതക്കുരുക്ക് രൂക്ഷം: മാനന്തവാടി ടൗണില്‍ ട്രാഫിക് പരിഷ്‌കരണം നടപ്പാക്കുന്നു

Posted on: January 19, 2014 1:07 pm | Last updated: January 19, 2014 at 1:07 pm

മാനന്തവാടി: മാനന്തവാടി ടൗണില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് ട്രാഫിക് ഉപദേശക അതോറട്ടിയുെട തീരുമാനം 20 മുതല്‍ നടപ്പിലാക്കുമെന്ന് മാനന്തവാടി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് അറിയിച്ചു.
ടൗണിലെ വണ്‍വേ കാലത്ത് എട്ട് മുതല്‍ രാത്രി ഒന്‍പത് വരെയാക്കി നീട്ടും. പേസ്റ്റ് ഓഫീസ് ജംഗ്ഷന്‍ മുതല്‍ ജില്ലാ ആശുപത്രിവരെയുള്ള റോഡിന്റെ ഇരുവശവും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല. പോസ്റ്റ് ഓഫീസിനടുത്തുള്ള പമ്പില്‍ നിന്നും ഇന്ധനം നിറക്കുന്ന വലിയ വാഹനങ്ങള്‍ ഇന്ധനം നിറച്ചതിന് ശേഷം യു ടേണ്‍ തിരയാതെ നേര സഞ്ചരിക്കേണ്ടതാണ്. വള്ളിയൂര്‍ക്കാവ് റോഡ് ജംഷന്‍ മുതല്‍ മിനി സിവില്‍ സ്‌റ്റേഷന്‍ ജംഗ്ഷന്‍ വരേയും മൈസൂര്‍ റോഡ് ജംഷന്‍ മുതല്‍ കെഎസ്ആര്‍ടിസി ജംഗ്ഷന്‍ വരേയും ഇരുവശവും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല.
നിലവില്‍ പാര്‍ക്കിംഗ് അനുവദിച്ചിട്ടില്ലാത്ത ഗാന്ധിപാര്‍ക്ക് മുതല്‍ പോസ്റ്റ് ഓഫീസ് ജംഗ്ഷന്‍ വരേയും നോ പാര്‍ക്കിംഗ് തുടരും.
കാലത്ത് 2.30 മുതല്‍ 10 വരേയും വൈകുന്നേരം 3.30 മുതല്‍ അഞ്ച് വരെയും നിലവിലുള്ള കയറ്റിറക്ക് നിയന്ത്രണം തുടരും.
തവിഞ്ഞാല്‍ റോഡിലെ ടാക്‌സി ജീപ്പുകള്‍ ക്ലബ്ബുകുന്ന് റോഡ് ജംഗ്ഷനില്‍ നിന്നും താഴേക്ക് പാര്‍ക്ക് ചെയ്യേണ്ടതും പോസ്റ്റ് ഓഫീസ് ജംഗ്ഷനില്‍ കല്ലോടി ഭാഗത്തേക്കും, തവിഞ്ഞാല്‍ ഭാഗത്തേക്കും പോകുന്ന ബസ്സുകള്‍ 5 മിനിറ്റില്‍ കൂടുതല്‍ നിറുത്തി ആളെക്കയറ്റാന്‍ പാടില്ലാത്തതാണ്. കെഎസ്ആര്‍ടിസി ഗ്യാരേജിലേക്ക് പോകുന്ന ബസ്സുകള്‍ ഒഴിച്ച് മറ്റു ബസ്സുകള്‍ കോഴിക്കോട് റോഡില്‍ ആളെയിറക്കി താഴെയങ്ങാടി വഴി ബസ്‌സ്റ്റാന്‍ഡിലേക്ക് പോകേണ്ടതും ബസ്സുകള്‍ പുറപ്പെടുന്നതിന് 10 മിനുറ്റ് മുമ്പ് മാത്രം ബസ്‌സ്റ്റാന്‍ഡില്‍ പ്രവേശിക്കേണ്ടതുമാണെന്ന മാനന്തവാടി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് അറിയിച്ചു. ഗാതഗത നിയന്ത്രണത്തിന് റെഡ് ക്രോസ് വളണ്ടിഴേസിന്റെ സേവനവും ഉണ്ടാകും.