Connect with us

Gulf

വിദ്യാര്‍ഥികളില്‍ ദേശീയ, സാംസ്‌കാരിക ബോധം വളര്‍ത്താന്‍ പദ്ധതി: കെ ആര്‍ രാധാകൃഷ്ണന്‍ നായര്‍

Published

|

Last Updated

ഷാര്‍ജ: അധ്യാപനത്തോടൊപ്പം വിദ്യാര്‍ഥികളില്‍ സാംസ്‌കാരിക, ദേശീയ ബോധം വളര്‍ത്താന്‍ സി ബി എസ് ഇ പദ്ധതി ആവ്ഷികരിച്ചതായി സി ബി എസ് ഇ ഗള്‍ഫ് കൗണ്‍സില്‍ ചെയര്‍മാനും ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പലുമായ കെ ആര്‍ രാധാകൃഷ്ണന്‍ നായര്‍.
വ്യവസ്ഥാപിതമായ തൊഴിലവസരങ്ങള്‍ക്ക് പുറമെ സമൂഹത്തിന്റെ മാറ്റത്തിനനുസരിച്ച് പുതിയ തൊഴില്‍ മേഖലകള്‍ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ഷാര്‍ജയില്‍ തിരിച്ചെത്തിയ അദ്ദേഹം സിറാജുമായി സംസാരിക്കുകയായിരുന്നു. സി ബി എസ് ഇ വിദ്യാലയങ്ങളുടെ ഗുണനിലവാരം വര്‍ധിപ്പിക്കും. വിദ്യാര്‍ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനും അവരുടെ സൃഷ്ടിപരമായ ചിന്ത, സാമൂഹിക പ്രതിബദ്ധത, സാംസ്‌കാരിക പൈതൃകത്തോടുള്ള അടുപ്പം, ദേശീയ പ്രതിബദ്ധത എന്നിവ വളര്‍ത്തുന്നതിനാവശ്യമായ പദ്ധതികള്‍ എന്നിവ നടപ്പാക്കും.
വിദ്യാഭ്യാസ രംഗത്തുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസൃതമായി അധ്യാപകരെ സജ്ജരാക്കും. സി ബി എസ് ഇ സ്‌കൂളുകളിലെ അഫിയിലേഷനോടൊപ്പം അക്രഡിറ്റേഷന്‍ പദ്ധതി കൂടി നടപ്പിലാക്കാന്‍ ആലോചനയുണ്ടെന്ന് രാധാകൃഷ്ണന്‍ നായര്‍ പറഞ്ഞു. വിദ്യാലയങ്ങളിലെ ഭൗതിക സാഹചര്യങ്ങളും അനുബന്ധ സൗകര്യങ്ങളും വര്‍ധിപ്പിക്കും.
ഒമ്പതാം തരത്തില്‍ നിലവില്‍ നടപ്പാക്കിയിട്ടുള്ള തുറന്ന പുസ്തക മൂല്യ നിര്‍ണയ പദ്ധതി വിജയകരമാണെന്ന് രാധാകൃഷ്ണന്‍ നായര്‍ പറഞ്ഞു.
1985ല്‍ 15 അംഗങ്ങളുമായി രൂപവത്കരിച്ച കൗണ്‍സിലില്‍ നിലവില്‍ 138 അംഗങ്ങളുണ്ട്. ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ളത് യു എ ഇയിലാണ്, 60. തൊട്ടുപിന്നില്‍ സഊദി 38. നാല് പതിറ്റാണ്ടോളമായി പ്രവാസ ലോകത്ത് അധ്യാപന രംഗത്തുള്ള കെ ആര്‍ രാധാകൃഷ്ണന്‍ നായര്‍ ഏതാനും വര്‍ഷം മുമ്പാണ് ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പലായി ചുമതലയേറ്റത്.