Connect with us

Gulf

ഒമാനില്‍ വിദഗ്ധ ചികിത്സാ സംവിധാനങ്ങള്‍ വികസിപ്പിക്കുന്നു

Published

|

Last Updated

മസ്‌കത്ത്: രാജ്യത്തെ ആരോഗ്യ മേഖലയില്‍ കൂടുതല്‍ തുക ചെലവഴിച്ച് വികസനങ്ങള്‍. ആരോഗ്യ വിദ്യാഭ്യാസ മേഖലയില്‍ സ്വദേശികള്‍ കൂടുതല്‍ തുക ചെലവഴിക്കാന്‍ തുടങ്ങിയതും കൂടുതല്‍ ആരോഗ്യ സ്ഥാപനങ്ങള്‍ സ്ഥാപിച്ചുമാണ് വികസിപ്പിക്കുന്നത്. അടുത്ത വര്‍ഷങ്ങളില്‍ ഇതിന്റെ ഭാഗമായുള്ള പദ്ധതികള്‍ നടപ്പിലാകും. രാജ്യത്തെ എല്ലാ ആശുപത്രികളും സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള പദ്ധതികളും നടപ്പിലാക്കി വരികയാണ്. വരും വര്‍ഷങ്ങളില്‍ സ്വദേശികള്‍ക്കും രാജ്യത്ത് താമസിക്കുന്ന വിദേശികള്‍ക്കും കൂടുതല്‍ ആരോഗ്യ സേവനങ്ങള്‍ രാജ്യത്ത് നിന്നു തന്നെ ലഭിക്കുമെന്ന് ആരോഗ്യ മേഖലയിലെ വിദഗ്ധര്‍ പറയുന്നു.
ജി സി സി രാജ്യങ്ങളില്‍ മുഴുവന്‍ ആരോഗ്യ മേഖലയില്‍ വികസനങ്ങള്‍ നടപ്പാക്കി വരികയാണ്. ഗള്‍ഫിലെ ജനസംഖ്യാ വര്‍ധനവും സാമ്പത്തിക മേഖലയിലെ വളര്‍ച്ചയുമാണ് ആരോഗ്യ രംഗത്ത് വികസനത്തിന് കാരണമാകുന്നത്. ആരോഗ്യ മേഖലയില്‍ ജി സി സി പൗരന്‍മാര്‍ ചെലവഴിക്കുന്ന തുകയില്‍ കഴിഞ്ഞ വര്‍ഷം 11.4 ശതമാനം വര്‍ധനവുണ്ടായതായി ഏര്‍ണസ്റ്റ് ആന്‍ഡ് യംഗ്‌സ് ഓണ്‍ ജി സി സി കണ്‍ട്രീസ് എന്ന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സ്വദേശികളുടെ വേതന വര്‍ധനവ് ജീവിത ശൈലിയില്‍ മാറ്റം വരാന്‍ കാരണമായി. ഇത് അസുഖങ്ങള്‍ വര്‍ധിക്കാനും കൂടുതല്‍ തുക ആരോഗ്യ മേഖലയില്‍ ചിലവഴിക്കാനും ഇടയാക്കി. കൂടുതല്‍ പേര്‍ ചികിത്സ തേടിയെത്തിയത് ആരോഗ്യ സ്ഥാപനങ്ങളും എണ്ണം വര്‍ധിക്കാന്‍ കാരണമായതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ജി സി സി രാജ്യങ്ങളില്‍ ആരോഗ്യ സംവിധാനങ്ങള്‍ കൂടുതല്‍ ആവശ്യമായി വരുന്നത് ഒമാനിലാണ്. സ്വദേശികളില്‍ അസുഖങ്ങള്‍ വര്‍ധിച്ചത് വിദേശ രാജ്യങ്ങളില്‍ ചികിത്സ തേടാന്‍ ഇടയാക്കുന്നുണ്ട്. ഇത് ഒഴിവാക്കാനുള്ള ശ്രമങ്ങളാണ് നടന്ന് വരുന്നതെന്ന് ലൈഫ് ലൈന്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോ. രോഹില്‍ രാഗവന്‍ പറഞ്ഞു. വിദഗ്ധ ചികിത്സക്കുള്ള സംവിധാനങ്ങള്‍ രാജ്യത്ത് വര്‍ധിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു.

Latest