കൊണ്ടോട്ടി താലൂക്ക് തിരൂര്‍ ആര്‍ ഡി ഒ ക്ക് കീഴിലാക്കിയത് ജനങ്ങള്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നു

Posted on: January 18, 2014 8:16 am | Last updated: January 18, 2014 at 8:16 am

കൊണ്ടോട്ടി: പുതുതായി നിലവില്‍ വന്ന കൊണ്ടോട്ടി താലൂക്ക് തിരൂര്‍ ആര്‍ ഡി ഒ ക്ക് കീഴിലാക്കിയത് താലൂക്ക് നിവാസികള്‍ക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നു.
ഇപ്പോള്‍ കൊണ്ടോട്ടി താലൂക്കില്‍ ഉള്‍പെട്ട വില്ലേജുകള്‍ താലൂക്ക് രൂപീകരണത്തിന് മുമ്പ് ഏറനാട് താലൂക്കിലായിരുന്നു. താലൂക്ക് പെരിന്തല്‍മണ്ണ ആര്‍ ഡി ഒ ക്കു കീഴിലും. കൊണ്ടോട്ടി താലൂക്ക് തിരൂര്‍ ആര്‍ ഡി ഒ ക്കു കീഴിലായതോടെ ചാലിയാര്‍ തീരത്ത് സ്ഥിതി ചെയ്യുന്ന വാഴക്കാട്, വാഴയൂര്‍, ചീക്കോട് വില്ലേജിലുള്ളവര്‍ക്ക് മണിക്കൂറുകള്‍ യാത്ര ചെയ്ത് ഭാരതപ്പുഴയോരത്തോളം അടുത്തുള്ള തിരൂരിലെത്തേണ്ട അവസ്ഥയാണ്.
ഈ വില്ലേജുകളുള്‍പ്പടെ ജില്ലയുടെ വടക്കെ അറ്റത്തുള്ളവര്‍ക്ക് ആദ്യം കൊണ്ടോട്ടിയിലേക്കും അവിടെ നിന്ന് കക്കാട്, തുടര്‍ന്ന് എടരിക്കോട് എന്നിങ്ങിനെ വിവിധ സ്ഥലങ്ങളിലേക്ക് കയറി വേണം തിരൂരിലെത്താന്‍. അതെ സമയം കൊണ്ടോട്ടിയില്‍ നിന്നു പെരിന്തല്‍മണ്ണയിലെത്താന്‍ തീരെ പ്രയാസവുമില്ല.
കൊണ്ടോട്ടി താലൂക്കും പുതുതായി ജില്ലയില്‍ മൂന്ന് വില്ലേജുകളും രൂപീകൃതമായതോടെ പെരിന്തല്‍മണ്ണ ആര്‍ ഡി ഒ ക്കുകീഴില്‍ വില്ലേജുകളുടെ എണ്ണം കൂടുകയും തിരൂര്‍ ആര്‍ ഡി ഒ ക്കു കീഴില്‍ വില്ലേജുകളുടെ എണ്ണം കുറഞ്ഞതും മൂലമുണ്ടായ തൂക്കം ഒപ്പിക്കാനാണ് കൊണ്ടോട്ടി താലൂക്കിനെ തിരൂര്‍ ആര്‍ ഡി ഒ ക്കു കീഴിലാക്കാന്‍ കാരണം.
അതെ സമയം ആര്‍ ഡി ഓഫീസ് മാറ്റുമ്പോള്‍ സാധരണക്കാരായ ഈ താലൂക്കിലെ നിവാസികളുടെ താത്പര്യത്തിന് പ്രാമുഖ്യം ലഭിക്കുകയുണ്ടായില്ല. കൊണ്ടോട്ടി താലൂക്ക് നിവാസികളുടെ പ്രയാസം ദുരീകരിക്കുന്നതിന് മുഹമ്മദുണ്ണി ഹാജി എം എല്‍ എ മുന്‍ കൈയെടുക്കുമെന്നമെന്നതാണ് ജനങ്ങളുടെ ആവശ്യം.