Connect with us

International

അലെപ്പോയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കും: സിറിയ

Published

|

Last Updated

മോസ്‌കോ: ഇരുപത്തിഒന്നിന് നടക്കാനിരിക്കുന്ന “രണ്ടാം ജനീവ” സമാധാന ചര്‍ച്ചക്ക് മുന്നോടിയായി ഏറ്റുമുട്ടല്‍ രൂക്ഷമായ അലെപ്പോയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാമെന്നും വിമത തടവുകാരെ വിട്ടയക്കാമെന്നും സിറിയ. റഷ്യന്‍ വിദേശകാര്യ സെക്രട്ടറി സെര്‍ജി ലെവ്‌റോവുമായി മോസ്‌കോയില്‍ നടന്ന ചര്‍ച്ചക്ക് ശേഷം സിറിയന്‍ വിദേശകാര്യ സെക്രട്ടറി വാലിദ് മുഅല്ലിമാണ് ഇക്കാര്യം വ്യക്തമാക്കിയത്.
റഷ്യയുടെയും അമേരിക്കയുടെയും നേതൃത്വത്തില്‍ ജനീവയില്‍ നടക്കുന്ന സമാധാന ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സമാധാന ചര്‍ച്ചയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഇസ്തംബൂളില്‍ സിറിയന്‍ പ്രതിപക്ഷ സഖ്യത്തിന്റെ നേതാക്കള്‍ ചര്‍ച്ച നടത്തുന്നതിനിടെയാണ് സിറിയന്‍ വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന. ഇതോടെ ചര്‍ച്ചയിലെ സിറിയന്‍ സര്‍ക്കാറിന്റെ പ്രാതിനിധ്യം ഉറപ്പായി. സിറിയന്‍ സര്‍ക്കാര്‍ പ്രതിനിധികളെ ചര്‍ച്ചക്ക് പങ്കെടുപ്പിക്കേണ്ട ചുമതല റഷ്യക്കാണ്. അമേരിക്കക്ക് വിമതരെയും പ്രതിപക്ഷ സഖ്യത്തെയും ചര്‍ച്ചക്കെത്തിക്കണം. എന്നാല്‍, സിറിയന്‍ സര്‍ക്കാറിനെതിരെ വിവിധ ചേരികളിലായി പ്രക്ഷോഭം നടത്തുന്ന വിമതരെയും പ്രതിപക്ഷ പാര്‍ട്ടികളെയും ചര്‍ച്ചയിലെത്തിക്കുകയെന്നത് ഏറെ പ്രയാസകരമായ കാര്യമായിരിക്കും. കൂടാതെ വിമത സായുധ സംഘത്തില്‍ നിരവധി വിഭാഗങ്ങള്‍ അമേരിക്കയടക്കമുള്ള പാശ്ചാത്യ രാജ്യങ്ങള്‍ക്കെതിരാണ്. സിറിയന്‍ വിഷയത്തിലെ പാശ്ചാത്യ ഇടപെടലിനെ തുടര്‍ന്ന് പ്രതിപക്ഷ സഖ്യവുമായും പ്രധാന വിമത സൈനിക വിഭാഗവുമായും ചില സംഘടനകള്‍ക്ക് ശക്തമായ എതിര്‍പ്പാണുള്ളത്.
പ്രതിപക്ഷവും വിമതരും സമാധാന ചര്‍ച്ചക്കെത്തണമെന്നും വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും യു എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി ആവശ്യപ്പെട്ടു. വിമത സൈന്യത്തിന് സാമ്പത്തിക സഹായം നല്‍കുന്ന അമേരിക്ക, ഈ വിഷയത്തില്‍ ശക്തമായ സമ്മര്‍ദമാണ് പ്രതിപക്ഷ സഖ്യത്തിന് മേല്‍ ചുമത്തുന്നതെന്ന് ബി ബി സി റിപ്പോര്‍ട്ട് ചെയ്തു.
വെടിനിര്‍ത്തലിന് തയ്യാറാണെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ചര്‍ച്ചക്ക് മുന്നോടിയായി കൊണ്ടുവരുന്ന വ്യവസ്ഥകള്‍ അംഗീകരിക്കില്ലെന്നും ഉപാധികളില്ലാത്ത ചര്‍ച്ചയാകണം നടക്കേണ്ടതെന്നും സിറിയന്‍ സര്‍ക്കാര്‍ വക്താക്കള്‍ അറിയിച്ചു.