ആം ആദ്മിക്ക് പഠിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍

Posted on: January 18, 2014 6:00 am | Last updated: January 17, 2014 at 11:31 pm

129 വര്‍ഷങ്ങള്‍ക്ക് മുമ്പ് അലന്‍ ഒക്‌ടേവിയന്‍ ഹ്യൂമിന്റെ കാര്‍മികത്വത്തില്‍ രൂപവത്കരിച്ച ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് ഭരണയന്ത്രം പേറാന്‍ തുടങ്ങിയിട്ട് അര നൂറ്റാണ്ടിലേറെയായി. ജയറാം രമേശ് മന്ത്രിപദത്തിലിരിക്കാന്‍ തുടങ്ങിയിട്ട് ഒരു പതിറ്റാണ്ടാകുന്നു. യു പി എ രണ്ടാമതും ഭരണം പൂര്‍ത്തിയാക്കുകയാണ്. ഈ വക ഓര്‍മകള്‍ക്ക് നിദാനം, 2012 നവംബര്‍ 26ന് പിറന്നുവീണ, ഡല്‍ഹിയില്‍ അത്ഭുത വിജയം നേടിയതിനാല്‍ മാത്രം 2013 ഡിസംബര്‍ എട്ടിന് ലോകം ശരിക്കറിഞ്ഞ ആം ആദ്മി പാര്‍ട്ടിയുടെ നയനിലപാടുകള്‍ക്ക് നിരയൊപ്പിച്ച് കോണ്‍ഗ്രസും ജയറാം രമേശും തങ്ങളുടെ നിലപാടുകളെ ‘ആപ്’ മൂശയിലാക്കുന്നത് കണ്ടപ്പോഴാണ്. പരിവര്‍ത്തനത്തിന്റെ കൊടുങ്കാറ്റഴിച്ചുവിടുന്ന അരവിന്ദ് കെജരിവാളുമായി ജയറാം രമേശിനെ ഒരു കാര്യത്തില്‍ താദാത്മ്യപ്പെടുത്താം; ഇരുവരും മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് ബിരുദധാരികളാണ്. കെജരിവാള്‍ ഗോരഖ്പൂര്‍ ഐ ഐ ടിയുടെ സന്താനമാണെങ്കില്‍ ബോംബെ ഐ ഐ ടിയാണ് ജയറാം രമേശിന്റെ പഠന കേന്ദ്രം.
ജയറാം രമേശ് കഴിഞ്ഞയാഴ്ച പറഞ്ഞത് ചില മാധ്യമങ്ങള്‍ കുമ്പളങ്ങയാക്കി. പ്രധാനമന്ത്രിയുടെയും രാഷ്ട്രപതിയുടെയും വാഹനവ്യൂഹപ്പട സാധാരണക്കാര്‍ക്ക് വന്‍ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നെന്നും ഈ സംസ്‌കാരം മാറ്റണമെന്നുമായിരുന്നു അദ്ദേഹം വിനീതമായി ആവശ്യപ്പെട്ടത്. അതിന് ദിവസങ്ങള്‍ക്ക് മുമ്പാണ് തനിക്ക് പ്രത്യേക പോലീസ് സംരക്ഷണവും വസതിയും വേണ്ടെന്ന് ഡല്‍ഹി മുഖ്യമന്ത്രി കെജരിവാള്‍ പ്രഖ്യാപിച്ചത്. ഡല്‍ഹിയിലെ വി വി ഐ പി സംരക്ഷണം പൊതുജനങ്ങള്‍ക്ക് വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നത് എന്നതില്‍ വിരുദ്ധാഭിപ്രായമില്ല. തന്റെ വാഹനത്തിന് മുന്നിലും പിന്നിലുമായി എത്ര വാഹനങ്ങള്‍ ഉണ്ട് എന്നത് നോക്കിയാണ് പല രാഷ്ട്രീയ നേതാക്കളുടെയും റേറ്റിംഗ്. പ്രധാനമന്ത്രിയുടെ വാഹനത്തിന് മുന്നിലും പിന്നിലുമായി ചുരുങ്ങിയത് പതിനഞ്ച് വാഹനങ്ങളെങ്കിലുമുണ്ടാകും. ഇന്ധന വില വര്‍ധിപ്പിക്കുന്നതിന് സമ്മതം ലഭിക്കാനും പുതിയ അഴിമതിയാരോപണത്തെ എങ്ങനെ ന്യായീകരിക്കാമെന്ന് ഉപദേശം തേടാനുമായി സെവന്‍ റേസ് കോഴ്‌സ് റോഡില്‍ നിന്ന് ടെന്‍ ജന്‍പഥിലേക്കും പ്രധാനമന്ത്രി ദിവസം രണ്ട് പ്രാവശ്യം പോയാല്‍ മതി മണിക്കൂറുകളോളം ഡല്‍ഹിക്കാര്‍ ബുദ്ധിമുട്ടാന്‍. ‘റെയ്‌സിന’ കുന്നിറങ്ങി രാഷ്ട്രപതി വന്നാലും വ്യോമസേനാ, കരസേനാ, വായുസേനാ മേധാവികള്‍ റോഡിലിറങ്ങിയാലും തഥൈവ. പ്രധാനമന്ത്രിയുടെതും രാഷ്ട്രപതിയുടെതും കാര്യം പോകട്ടെ. സേനാ മേധാവികളുടെ വാഹനവ്യൂഹത്തിന്റെയെങ്കിലും എണ്ണം കുറക്കണമെന്നാണ് ജയറാം രമേശിന്റെ വിനീത അഭ്യര്‍ഥന. ഗതാഗതതടസ്സമുണ്ടാക്കി പൊതുജനങ്ങളെ പരിഹസിക്കരുതെന്നും അദ്ദേഹത്തിന് ബോധോദയമുണ്ടായി. എന്നാല്‍, ആ ബോധം ഉദിക്കാന്‍ അരവിന്ദ് കെജരിവാള്‍ എന്നയാള്‍ ഡല്‍ഹി മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട്, അദ്ദേഹം വി വി ഐ പി സംസ്‌കാരത്തിന് എതിരായി ഖഡ്ഗം ഉയര്‍ത്തേണ്ടി വന്നു. ദന്തഗോപുരങ്ങളില്‍ നിന്ന് ഇറങ്ങാന്‍ കൂട്ടാക്കാതെ, വോട്ട് ചോദിക്കാന്‍ പോലും ജനങ്ങള്‍ക്കരികിലെത്താന്‍ മടി കാണിക്കുന്ന, മരം കോച്ചുന്ന തണുപ്പില്‍ പിഞ്ചുകുഞ്ഞുങ്ങളും വയോവൃദ്ധരും മരിച്ചുവീഴുമ്പോള്‍ കോടികള്‍ മുടക്കി മഹോത്സവങ്ങള്‍ സംഘടിപ്പിച്ച് അഭിനവ നീറോമാര്‍ ആനന്ദ നൃത്തം ചവിട്ടുന്ന, സമ്പന്നര്‍ക്കും വന്‍കിട കമ്പനികള്‍ക്കും നിയമത്തിന്റെ താക്കോല്‍ പഴുതുകള്‍ മുതലെടുക്കാന്‍ നയനിലപാടുകള്‍ നേര്‍പ്പിക്കുന്നവരുടെ മുഖത്തേക്ക് ആഞ്ഞുതുപ്പുന്ന തരത്തിലുള്ള തീരുമാനങ്ങള്‍ ഡല്‍ഹിയിലെ പുതിയ സര്‍ക്കാര്‍ കൈക്കൊണ്ടപ്പോഴാണ് തുടര്‍ച്ചയായി പത്ത് വര്‍ഷം ഭരണക്കസേരയിലിരിക്കുന്നവര്‍ക്ക് തലയില്‍ ബള്‍ബ് മിന്നിയത്.
മറ്റൊരു സുപ്രധാന നയം കൈക്കൊള്ളാനും ഒരു വയസ്സ് മാത്രം പ്രായമുള്ള ശിശുപ്പാര്‍ട്ടി വേണ്ടിവന്നു, അര നൂറ്റാണ്ടിലേറെയായി ഭരണാസനത്തില്‍ ഇരിപ്പുറപ്പിച്ച ദേശീയ പാര്‍ട്ടിക്ക്. നിയമനിര്‍മാണം നടത്തുന്നതിന് മുമ്പും പൊതുജനാഭിപ്രായം തേടണമെന്നാണ് മന്ത്രാലയങ്ങള്‍ക്ക് ലഭിച്ച ഉഗ്ര ശാസന. കരട് ബില്‍ തയ്യാറാക്കുന്നതിന് മുമ്പ് നിയമഭേദഗതി വരുത്തുന്നതിന് മുമ്പും ഇതെല്ലാം സഹിക്കേണ്ട ജനങ്ങളുടെ അഭിപ്രായമാരായണമെന്നാണ് പുതിയ നിര്‍ദേശം. ഈയടുത്ത് ശിശുക്ഷേമ മന്ത്രാലയവും കായിക മന്ത്രാലയവും തയാറാക്കിയ നിയമത്തിന്റെ കരട് രൂപങ്ങള്‍ പൊതുജനാഭിപ്രായ രൂപവത്കരണത്തിന് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. നിയമങ്ങള്‍ രൂപവത്കരിക്കുമ്പോള്‍ ജനായത്ത മാര്‍ഗം അവലംബിക്കണമെന്ന എ എ പിയുടെ നയമാണ് യഥാര്‍ഥത്തില്‍ ഇവിടെയും പ്രതിഫലിക്കുന്നത്.
തീര്‍ന്നില്ല; വെറും ഒന്നര മാസം കൊണ്ടുണ്ടായ മാറ്റത്തിന്റെ അലയൊലികള്‍. വികസന മന്ത്രം ഉപേക്ഷിച്ച് അര്‍ബുദം കണക്കെ പടര്‍ന്ന് സാമ്പത്തിക സുസ്ഥിരത കാര്‍ന്നുതിര്‍ന്നുന്ന അഴിമതിയെ കരിച്ചുകളയാനാണ് രാഹുല്‍ ഗാന്ധിയുടെ ഉദ്യമം. കാര്‍ഗിലില്‍ മരിച്ച സൈനികരുടെ ബന്ധുക്കള്‍ക്ക് നല്‍കണമെന്ന ലക്ഷ്യത്തോടെ പടുത്തുയര്‍ത്തിയ മുംബൈയിലെ ആദര്‍ശ് പാര്‍പ്പിട സമുച്ചയം അനധികൃതമായി കൈക്കലാക്കിയ മഹാരാഷ്ട്രയിലെ മുന്‍മുഖ്യമന്ത്രിമാരുടെയും ഉദ്യോഗസ്ഥവൃന്ദത്തിന്റെയും യഥാര്‍ഥ മുഖം തുറുന്നകാട്ടിയ കമ്മീഷന്‍ റിപ്പോര്‍ട്ട്, മുന്‍മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെട്ടതിനാല്‍ പുറംകാല്‍ കൊണ്ട് തൊഴിച്ച കോണ്‍ഗ്രസ് സര്‍ക്കാറിന്റെ നിലപാടിനെതിരെ രാഹുല്‍ ആഞ്ഞടിച്ചു. മുഖ്യമന്ത്രി പൃഥ്വീരാജ് ചവാനെ അടുത്തിരുത്തിയാണ് റിപ്പോര്‍ട്ട് സ്വീകരിക്കണമെന്ന് രാഹുല്‍ മഹാരാഷ്ട്ര സര്‍ക്കാറിന് ഉഗ്രശാസന നല്‍കിയത്. എന്നാല്‍ അതിനും പത്രക്കാരുടെ ഓര്‍മപ്പെടുത്തലുകള്‍ ആവശ്യമായി വന്നു എന്നത് മറ്റൊരു കാര്യം. റിപ്പോര്‍ട്ട് തള്ളിയ വാര്‍ത്തയറിയാത്തതു കൊണ്ടാകും മൂന്ന് നാള്‍ പിന്നിട്ടപ്പോള്‍ പത്രക്കാര്‍ ചോദിച്ചപ്പോള്‍ മാത്രം രാഹുല്‍ ‘പൊട്ടിത്തെറിച്ചത്’. എന്നാല്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ രാഹുലിനെ പകുതി മാത്രമേ അംഗീകരിച്ചുള്ളൂ. റിപ്പോര്‍ട്ട് അപ്പടി സ്വീകരിക്കണമെന്നാണ് യുവരാജാവ് കല്‍പ്പിച്ചതെങ്കിലും മുന്‍മുഖ്യമന്ത്രിമാരെ കുറ്റപ്പെടുത്തുന്ന ഭാഗം ഒഴിവാക്കി ഭാഗികമായാണ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചത്.
ലോകത്തെ പ്രമുഖ ജനാധിപത്യ രാഷ്ട്രമായിട്ടും ഇന്ത്യക്കാര്‍ക്ക് ജനാധിപത്യത്തിന്റെ ആനുകൂല്യം ലഭ്യമായിരുന്നില്ല. പണാധിപത്യവും ഏകാധിപത്യവുമാണ് ഇന്ത്യക്കാരെ പലപ്പോഴും അടക്കിഭരിച്ചത്. ജനാധിപത്യത്തിന്റെ വിശാലതയും മൂല്യവും പലപ്പോഴും രേഖകളിലും ഭാഷണങ്ങളിലും മാത്രമായിരുന്നു നമുക്ക് അനുഭവവേദ്യമായത്. നിയമനിര്‍മാണങ്ങളില്‍ അത് തീരെ പ്രകടമായില്ല. എന്നുമാത്രമല്ല, ജനങ്ങളുടെ നാവാകേണ്ട ജനപ്രതിനിധികള്‍ നിയമനിര്‍മാണ സഭകളിലും പാര്‍ലിമെന്റിലും പോകുന്നത് തന്നെ വിരളമാണ്. സമ്മേളന വേളകളില്‍ സക്രിയ ഇടപെടലുകള്‍ക്ക് പകരം, രാഷ്ട്രീയ മസില്‍ പ്രകടിപ്പിക്കാനും ആരോപണപ്രത്യാരോപണങ്ങള്‍ ഉന്നയിക്കാനും നീലച്ചിത്രങ്ങള്‍ കാണാനും കുത്തകകള്‍ക്ക് വേണ്ടി ചോദ്യം ചോദിക്കാനുമുള്ള വേദിയായാണ് പലരും നിയമസഭയെയും പാര്‍ലിമെന്റിനെയും കണ്ടത്. ക്രിമിനലുകളായ ജനപ്രതിനിധികള്‍ക്ക് ഭ്രഷ്ട് കല്‍പ്പിക്കണമെന്ന, ജനപ്രതിനിധികള്‍ ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ടാല്‍ അയോഗ്യരാക്കണമെന്ന, സുപ്രീം കോടതി വിധി മറികടക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ ഇടതെന്നോ വലതെന്നോ വ്യത്യാസമില്ലാതെ സര്‍വരും കൈ പൊക്കി. എന്നാല്‍ ആ ഓര്‍ഡിനന്‍സ് വലിച്ചു കീറിയത് മറ്റൊരു രാഷ്ട്രീയ പൊറാട്ടു നാടകം. അതിനെതിരെ ശബ്ദിക്കാന്‍ രാഹുലിന് ഊര്‍ജം ലഭിച്ചത് കെജരിവാളും സംഘവും പുറത്തുവിട്ട അഗ്നിസ്ഫുലിംഗത്തില്‍ നിന്നാണ്. വാലിന് തീ പിടിച്ചപ്പോഴാണ് രാജകുമാരന്‍മാര്‍ സ്വപ്‌നത്തില്‍ നിന്ന് ഉണര്‍ന്നത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന ഫണ്ടില്‍ സുതാര്യത ഉറപ്പ് വരുത്താന്‍ മുഖ്യ വിവരാവകാശ കമ്മീഷണര്‍ കഴിഞ്ഞ ജൂണില്‍ ആറ് ദേശീയ പാര്‍ട്ടികളെ വിവരാവകാശ കമ്മീഷന്റെ പരിധിയിലാക്കി ഉത്തരവിട്ടപ്പോള്‍, അതിനെ മറികടക്കാന്‍ ഐകകണ്‌ഠ്യേനയാണ് പാര്‍ട്ടികള്‍ ചലിച്ചത്. സാധാരണക്കാരുടെ ജീവല്‍പ്രശ്‌നങ്ങളെ തൃണവത്ഗണിച്ച് നിയമം നിര്‍മിക്കുന്നതിന് കൈയടിക്കുന്ന വേഷമാണ് ജനപ്രതിനിധികള്‍ അസാധാരണ മെയ്‌വഴക്കത്തോടെ ആടിത്തീര്‍ത്തത്. അതിന് ഒരു പൊളിച്ചെഴുത്താണിപ്പോഴത്തേതെന്നൊന്നും കരുതാന്‍ വയ്യ. പ്രത്യേകിച്ചും ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി കാളിംഗ് ബെല്‍ മുഴക്കുന്ന അവസരത്തില്‍. എന്നാലും ഒരു വര്‍ഷത്തെ മാത്രം പ്രവര്‍ത്തന പരിചയമുള്ള ആം ആദ്മി പാര്‍ട്ടിയുണ്ടാക്കിയ രാഷ്ട്രീയ സുനാമിയുടെ പ്രതിഫലനമാണ് ഇത്.
വസതി വേണ്ടെന്ന് മുഖ്യമന്ത്രി കെജരിവാള്‍ നിലപാടെടുത്തയുടനെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ വസതി മോടി കൂട്ടാന്‍ ഉപയോഗിച്ച പണം തിരിച്ചുനല്‍കുകയുണ്ടായി. കൂടുതല്‍ കുടിവെള്ളം അനുവദിച്ചും വൈദ്യുതി നിരക്ക് കുറച്ചും ജനജീവിതത്തിന്റെ പൊള്ളുന്ന യാഥാര്‍ഥ്യത്തിലേക്ക് ഇറങ്ങിച്ചെന്ന് സ്വാധീനമുണ്ടാക്കിയ ‘ആപ്പ്’ രീതി അവലംബിക്കാന്‍ തിടുക്കം കൂട്ടുകയാണ് മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍. ഹരിയാനയില്‍ ഭൂപീന്ദര്‍ സിംഗ് ഹൂഡ നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ വൈദ്യുതി നിരക്ക് കുറച്ചു. സാധാരണ, പുതിയ സര്‍ക്കാര്‍ അധികാരമേറ്റെടുത്താല്‍ ഒരുപാട് പദ്ധതികളുടെ ശിലാസ്ഥാപനം നടത്തിയും മഹാമേളകള്‍ സംഘടിപ്പിച്ചും അഞ്ച് വര്‍ഷം ഉപരിപ്ലവ വികസന നായകന്‍മാരാകാന്‍ വെമ്പുന്ന ഭരണസാരഥികളെയാണ് കാണാന്‍ കഴിയുക. കെട്ടിട സമുച്ചയങ്ങളും അന്താരാഷ്ട്ര നിലവാരമുള്ള ഗതാഗത സൗകര്യങ്ങളും ഐ ടി ഹബ്ബുകളും മാത്രമല്ല നാടിന് വേണ്ടത്; അല്‍പ്പസ്വല്‍പ്പം സാധാരണക്കാരുടെ ജീവിത സൗകര്യം കൂടി മെച്ചപ്പെടുത്താന്‍ നടപടികള്‍ കൈക്കൊള്ളണമെന്ന സന്ദേശമാണ് ഡല്‍ഹി സര്‍ക്കാര്‍ പ്രസരണം ചെയ്യുന്നത്.
നയനിലപാടുകളില്‍ വ്യക്തതയില്ലെങ്കിലും, ജനങ്ങളുടെ പൊള്ളുന്ന ജീവിതഭാരം കാണാനുള്ള കണ്ണും അതിനെതിരെ ശബ്ദിക്കാനുള്ള നാവുമായി ആം ആദ്മി പാര്‍ട്ടി മാറിയെന്നതാണ് ശ്രദ്ധേയം.