നബിദിന പരിപാടിക്കിടെ അക്രമം; മൂന്ന് സുന്നീ പ്രവര്‍ത്തകര്‍ക്ക് പരുക്ക്‌

Posted on: January 16, 2014 11:16 pm | Last updated: January 16, 2014 at 11:16 pm

കുണിയ: നബിദിന പരിപാടി നടന്നുകൊണ്ടിരിക്കേ വേദിക്കു പുറത്ത് സഅദിയ്യ സമ്മേളന നോട്ടീസ് വിതരണം ചെയ്യുകയായിരുന്ന സുന്നീ പ്രവര്‍ത്തകരെ ചേളാരി വിഭാഗം പ്രവര്‍ത്തകര്‍ വളഞ്ഞ്‌വെച്ച് ആക്രമിച്ച് പരുക്കേല്‍പിച്ചു. കുണിയിയിലെ മുഹമ്മദ് ശാഫി (40) അബ്ദുല്‍ കരീം (30) ശക്കീര്‍ (24) ബാസിത്ത് (19) എന്നിവരെയാണ് ചേളാരി വിഭാഗം പ്രവര്‍ത്തകര്‍ മാരാകായുധങ്ങളുമായെത്തി ക്രൂരമായി ആക്രമിച്ച് പരുക്കേല്‍പ്പിച്ചത്. പരിക്കേറ്റവര്‍ കാസര്‍കോട്ടെ സ്വാകര്യാശുപത്രിയില്‍ ചികിത്സയിലാണ്.
ഹസൈനാര്‍ വടക്കുപുറത്തിന്റെ നേതൃത്വത്തില്‍ ശിഹാബുദ്ദീന്‍ വടക്കുപുറം, ഹംസ യു പി, അബ്ദുല്‍ ഹമീദ്, അബ്ദുല്ല വടക്കുപുറം, അബ്ദുല്ല കുണ്ടൂര്‍ തുടങ്ങി ഇരുപതോളം വരുന്ന ചേളാരി സമസ്തക്കാരാണ് തങ്ങളെ ആക്രമിച്ചതെന്ന് ചികിത്സയില്‍ കഴിയുന്നവര്‍ പറഞ്ഞു.
അക്രമത്തില്‍ എസ് വൈ എസ് ജില്ലാ പ്രസിഡണ്ട് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സെക്രട്ടറി സുലൈമാന്‍ കരിവെള്ളുര്‍, എസ് എം എ ജില്ലാ പ്രസിഡണ്ട് കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, സെക്രട്ടറി എസ് എ അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, എസ് ജെ എം ജില്ലാ പ്രസിഡണ്ട് കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, സെക്രട്ടറി സികെ അബ്ദുല്‍ ഖാദിര്‍ ദാരിമി, എസ്എസ് എഫ് ജില്ലാ പ്രസിഡണ്ട് അബ്ദുറസാഖ് സഖാഫി കോട്ടക്കുന്ന്, സെക്രട്ടറി സിഎന്‍ ജഅ്ഫര്‍, കാഞ്ഞങ്ങാട് മേഖലാ എസ് എം എ സെക്രട്ടറി ബശീര്‍ മങ്കയം, എസ് വൈ എസ് ഉദുമ സോണ്‍ പ്രസിഡണ്ട് ഇസ്മാഈല്‍ സഅദി പാറപ്പള്ളി, സെക്രട്ടറി അബ്ദുല്‍ അസീസ് സൈനി തുടങ്ങിയവര്‍ പ്രതിഷേധിച്ചു.