സലാല-കേരള ബന്ധത്തിന്റെ രേഖകള്‍ തേടി ഒമാനില്‍ പര്യവേഷണത്തിന് കേരള സംഘം

Posted on: January 16, 2014 6:02 pm | Last updated: January 16, 2014 at 6:04 pm

Khor roriമസ്‌കത്ത്: സലാലയിലെ പൈതൃക പ്രദേശമായ ഖൂര്‍ റൂറിയില്‍ നടക്കുന്ന ചരിത്ര പര്യവേഷണത്തില്‍ കേരള ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് കൗണ്‍സില്‍ ഗവേഷകര്‍ പങ്കെടുക്കുന്നു. കൗണ്‍സില്‍ അക്കാദമിക് കോ ഓര്‍ഡിനേറ്റര്‍ ഡോ. പ്രീത നായര്‍, റിസര്‍ച്ച് അസിസ്റ്റന്റ് ശരത്ചന്ദ്രബാബു എന്നിവരാണ് അടുത്ത ദിവസങ്ങില്‍ ഖൂര്‍ റൂറിയില്‍ നടക്കുന്ന പര്യവേഷണങ്ങളുടെ ഭാഗമാകുന്നത്. ദോഫാറിലെ കുന്തിരിക്ക വ്യാപാര ചരിത്രം പറയുന്ന ഖൂര്‍ റൂറിയില്‍ 1997 മുതല്‍ ഇറ്റലിയിലെ പിസ സര്‍വകലാശാല പര്യവേഷണം നടത്തി വരുന്നുണ്ട്. ഈ പ്രവര്‍ത്തനത്തിലാണ് കേരള സംഘവം പങ്കു ചേരുന്നത്. കേരളത്തിലെ ‘പട്ടണ’ത്തില്‍ നടത്തിയ പര്യവേഷണങ്ങളില്‍ ഖൂര്‍ റൂറിയുമായി നടന്ന ആദ്യകാല വ്യാപാരങ്ങളുടെ ശേഷിപ്പുകള്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് ഖൂര്‍ റൂറിയിലെ ഗവേഷണത്തിന് കേരള സംഘം എത്തുന്നത്.
പട്ടണം ഗവേഷണ പദ്ധതിയുടെ ഡയറക്ടര്‍ ഡോ. പി ജെ ചെറിയാന്‍ കഴിഞ്ഞ വര്‍ഷം നവംബറില്‍ ഖൂര്‍ റൂറിയില്‍ നടന്ന പര്യവേഷണത്തില്‍ പങ്കെടുത്തിരുന്നു. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ സാംസ്‌കാര വിഭാഗം ഉപദേശകന്‍ അബ്ദുല്‍ അസീസ് മുഹമ്മദ് അല്‍ റവാസ്, ഖൂര്‍ റൂറി ഡയറക്ടര്‍ അലിസ്സാന്ദ്ര അവാന്‍സിനി എന്നിവരുമായി ഡോ. ചെറിയാന്‍ ചര്‍ച്ച നടത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ പിസ സര്‍വകലാശാലയുമായി ഖൂര്‍ റൂറിയിലും പട്ടണത്തിലും നടക്കുന്ന പര്യവേഷണങ്ങളില്‍ പരസ്പരം സഹകരിക്കുന്നതിന് ധാരണാപത്രത്തില്‍ ഒപ്പു വെച്ചു. പിസ സര്‍വകലാശാലയും കേരള ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് കൗണ്‍സിലും കണ്ടെത്തുന്ന വിവരങ്ങള്‍ പരസ്പരം കൈമാറുന്നതിനും ധാരണയുണ്ട്.
സലാലയില്‍ നിന്നും നാല്‍പതു കിലോമീറ്റര്‍ കിഴക്കു മാറിയ പഴക്കം ചെന്ന തുറമുഖ നഗരമാണ് ഖൂര്‍ റൂറി. കേരളത്തിലെ പട്ടണവും ഇതേ കാലത്ത് വിദേശ രാജ്യങ്ങളുമായി വ്യാപാര ബന്ധത്തിലേര്‍പ്പെട്ടിരുന്ന തുറമുഖ നഗരമാണ്. ഇരു നഗരങ്ങളില്‍നിന്നും മൂന്ന്, നാല് നൂറ്റാണ്ട് കാലഘട്ടത്തിലെ പുരാരേഖകള്‍ കണ്ടെടുത്തിട്ടുണ്ട്. ഏതാണ്ട് ഒരേ കാലഘട്ടത്തില്‍ പ്രവര്‍ത്തിച്ചിരുന്നുവെന്ന വിവരങ്ങളാണ് ഇവിടെ നിന്നും ലഭിച്ചത്. ഖൂര്‍ റൂറിയില്‍ നേരത്തെ നടന്ന ഗവേഷണങ്ങള്‍ക്കിടെ ഇന്ത്യന്‍ മുത്തുകളും മണ്‍ പാത്രങ്ങളും കണ്ടെടുത്തിരുന്നു. പട്ടണത്തില്‍നിന്നും തെക്കന്‍ അറേബ്യന്‍ മണ്‍ പാത്ര അവശിഷ്ടങ്ങളും കണ്ടെടുത്തു. ഇതാണ് ഇരു പുരാതന തുറമുഖങ്ങളും തമ്മിലുള്ള ബന്ധത്തിലേക്കു വെളിച്ചം വീശിയത്. കേരള ഹിസ്റ്റോറിക്കല്‍ ഗവേഷണ കൗണ്‍സില്‍ അംഗങ്ങള്‍ ഖൂര്‍ റൂറിയില്‍നിന്നും നേരത്തേ കണ്ടെത്തിയ അവശിഷ്ടങ്ങള്‍ സംബന്ധിച്ചുള്ള പഠനവും നടത്തുമെന്ന് അധികൃതര്‍ പറഞ്ഞു.
ദോഫാറിലെ പുരാതന കുന്തിരിക്ക വ്യാപാര തുറമുഖമായ ഖൂര്‍ റൂറിയില്‍നിന്നും ലോകത്തെ വിവിധ രാജ്യങ്ങളിലേക്ക് കപ്പല്‍ മാര്‍ഗം കുന്തിരിക്കം കയറ്റി അയച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ഇന്ത്യയും ഉള്‍പെടുന്നു. കേരളവുമായി തന്നെ ശക്തമായ വ്യാപാര ബന്ധം നിലനിന്നിരുന്നുവെന്ന കണ്ടെത്തലുകള്‍ക്ക് കൂടുതല്‍ തെളിവുകള്‍ ലഭിക്കുന്നതിന് കേരള ഗവേഷണ സംഘത്തിന്റെ പര്യവേഷണ പങ്കാളിത്തം വഴിതെളിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.