Connect with us

Articles

നബിയെ അറിയുക

സര്‍വലോക സൃഷ്ടിപ്പിന് നിതാനമായ ലോകാനുഗ്രഹി മുത്ത് റസൂലിന്റെ ജന്മദിനം കൊണ്ട് അനുഗൃഹീതമായ മാസമാണ് റബീഉല്‍ അവ്വല്‍. ആനക്കലഹ വര്‍ഷം റബീഉല്‍ അവ്വല്‍ 12 തിങ്കളാഴ്ച (ക്രിസ്താബ്ദം 571 ഏപ്രില്‍ 20) മക്കയിലാണ് അവിടുന്ന് ജനിച്ചത്. തികച്ചും വ്യതിരിക്തമായ ഒരു ജന്മമായിരുന്നു പ്രവാചകന്റെത്. ഗര്‍ഭ കാലത്തും പ്രസവ സമയത്തും സ്ത്രീകള്‍ക്ക് സാധാരണയായി ഉണ്ടാകാറുള്ള പ്രയാസങ്ങളൊന്നും മാതാവ് ആമിനാ ബീവിക്ക് അനുഭവപ്പെട്ടിരുന്നില്ല.
അനാഥനായി ജനിച്ച നബി (സ)യെ പിതാമഹനായ അബ്ദുല്‍മുത്തലിബാണ് പോറ്റി വളര്‍ത്തിയത്. മക്കയിലെ ജനകീയനായ നേതാവായിരുന്നു അബ്ദുല്‍ മുത്തലിബ്. മുന്‍ കാല പ്രവാചകന്മാരുടെ വേദ ഗ്രന്ഥങ്ങളില്‍ പ്രവാചകന്റെ സവിശേഷതയെക്കുറിച്ച് വിവരിച്ചതായി ചരിത്രം പറയുന്നുണ്ട്. പരിവര്‍ത്തനത്തിന്റെ വെളിപാടായിരുന്നു റസൂലിന്റെ ആഗമനത്തോടെ ലോകം ദര്‍ശിച്ചത്. പരസ്പരം കടിച്ചുകീറിയിരുന്ന ലോകത്തേക്ക് മാറ്റത്തിന്റെ പൊന്‍കിരണങ്ങളായി കടന്നുവന്ന പ്രവാചകന്‍ അസത്യത്തെയും അനീതിയെയും അധര്‍മത്തെയും കുഴിച്ചുമൂടി. മദ്യവും വേണ്ടാവൃത്തികളും കൊലയും കൊള്ളയുമെല്ലാം ജീവിത ദൗത്യമായി അംഗീകരിച്ചിരുന്ന സമൂഹത്തിലേക്കായിരുന്നു പ്രവാചകന്റെ വരവ്. അതെല്ലാം തുടച്ചുനീക്കാന്‍ നബിയുടെ പ്രവര്‍ത്തനം കൊണ്ട് സാധിച്ചു. കട്ടപിടിച്ച ഇരുട്ടില്‍ വെട്ടം വിതറാന്‍ പ്രവാചകന്റെ പ്രവര്‍ത്തനം നിമിത്തമായി. സാമൂഹിക രംഗത്ത് നിലനിന്ന അസമത്വത്തിന്റെയും അരാജകത്വത്തിന്റെയും വേരുകള്‍ പിഴുതെറിയാനാണ് നബി (സ) ആദ്യമേ ശ്രമിച്ചത്. പരസ്പരം ശത്രുതയോടെ കണ്ടവരെ ഐക്യത്തിന്റെയും പട്ടുനൂലില്‍ കോര്‍ത്തിണക്കി.
മുഹമ്മദ് നബി (സ)യുടെ ആഗമനം ലോകഭൂപടത്തില്‍ ഉണ്ടാക്കിയ മാറ്റങ്ങളുടെ നിര നീണ്ടതാണ്. രഹസ്യവും പിന്നീട് പരസ്യയവുമായാണ് മുഹമ്മദ് നബി (സ) തങ്ങള്‍ പ്രബോധന ഗോദയില്‍ ഇറങ്ങിയത്. അറബികള്‍ക്കിടയില്‍ അല്‍ അമീന്‍ (വിശ്വസ്തന്‍) എന്ന അപരനാമത്തിലായിരുന്നു നബി (സ)യെ വിളിച്ചത്. പ്രവാചക ശൃംഖലയിലെ അവസാന കണ്ണിയായിട്ടാണ് മുഹമ്മദ് നബി ഭൂജാതരാകുന്നത്. സ്തുതിക്കപ്പെട്ടവന്‍, സ്തുതിക്കപ്പെടുന്നവന്‍, സ്തുതിക്കപ്പെടേണ്ടവന്‍ എന്നൊക്കെ അര്‍ഥം വരുന്ന മുഹമ്മദ് എന്നാണ് പേര്. പ്രബോധന ഗോദയിലേക്ക് ഇറങ്ങിയ പുണ്യ റസൂലിന് ജനിച്ചു വളര്‍ന്ന മക്കയില്‍ നിന്നും ഏറ്റുവാങ്ങിയ പീഡനങ്ങള്‍ ചരിത്രം പറയുന്നുണ്ട്. പക്ഷേ, സഹനമാണ് ജീവിതമെന്ന സന്ദേശം പ്രവര്‍ത്തിച്ചു കാണിച്ചു കൊടുത്ത പുണ്യ റസൂല്‍ എല്ലാം പരിശുദ്ധ ദീനിന് വേണ്ടി സഹിച്ചു. പ്രതിലോമ ശക്തികളോട് പ്രതികാരങ്ങള്‍ക്ക് മുതിരാതെ, തളരാത്ത ചിത്തവും പതറാത്ത മേനിയുമായി മുന്നേറുകയാണ് ചെയ്തത്. ആരംഭ ഘട്ടത്തില്‍ പ്രവാചകന് തുണ സ്രഷ്ടാവായ റബ്ബിന്റെ സഹായം മാത്രമാണ്. ശൂന്യതയില്‍ നിന്ന് പ്രബോധന പ്രയാണമാരംഭിച്ച റസൂല്‍ തന്റെ 23 വര്‍ഷത്തെ പ്രബോധന ചരിത്രത്തില്‍ വാര്‍ത്തെടുത്തത് ലക്ഷക്കണക്കിന് അനുചരവൃന്ദത്തെയാണ്.
മുഹമ്മദ്(സ)യുടെ ചരിത്രം പഠനവിധേയരാക്കിയ ആധുനിക ബുദ്ധിജീവികള്‍ അവിടുത്തെ അനിതരസാധാരണ വ്യക്തിത്വത്തിന് മുമ്പില്‍ പകച്ചുനില്‍ക്കുന്നതാണ് കണ്ടത്. പ്രവാചകനെ കുറിച്ചെഴുതാന്‍ അവര്‍ താളുകള്‍ നീക്കിവെച്ചതിന്റെ രഹസ്യം പുണ്യ റസൂലിന്റെ നിഷ്‌കളങ്കവും നിസ്വാര്‍ഥവുമായ സ്വഭാവഗുണങ്ങളാണ്. സാമൂഹിക പരിഷ്‌കര്‍ത്താവായി കടന്നുവന്ന പ്രവാചകന്റെ ജീവിതവും ദര്‍ശനവും അതുല്യമായ പാഠങ്ങള്‍ നിറഞ്ഞതാണ്. ലോകത്ത് കഴിഞ്ഞുപോയതും നടന്നുകൊണ്ടിരിക്കുന്നതും വരാന്‍ പോകുന്നതുമായ എല്ലാം അനുചരന്മാര്‍ക്ക് പഠിപ്പിച്ചുകൊടുത്താണ് അവിടുന്ന് മണ്‍മറഞ്ഞുപോയത്. ആരംഭ റസൂലിന്റെ ജന്മമാസമായ റബീഉല്‍ അവ്വലില്‍ ലോകം മുഴുവന്‍ പ്രവാചക കീര്‍ത്തനങ്ങളാല്‍ മുഖരിതമാകുകയാണ്. കേവലം റബീഉല്‍ അവ്വലില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ല പ്രവാചക കീര്‍ത്തനങ്ങള്‍. ഓരോ സെക്കന്‍ഡിലും അവിടുത്തെ അപദാനങ്ങള്‍ പ്രപഞ്ചത്തില്‍ അലയടിച്ചുകൊണ്ടിരിക്കുന്നു. “സര്‍വതിനും അനുഗ്രഹമായിട്ടാണ് അങ്ങയെ അയച്ചിട്ടുള്ളത്” എന്ന ഖുര്‍ആനിക അധ്യാപനം അന്വര്‍ഥമാക്കുന്നതായിരുന്നു അവിടുത്തെ ജീവിത രീതി. പ്രവാചക ജന്മദിനത്തിന് പുണ്യമുണ്ടെന്നത് വസ്തുതയാണ്. പ്രവാചക ജന്മ ദിവസമായ തിങ്കളാഴ്ച വ്രതാനുഷ്ഠാനം സുന്നത്തുണ്ട്. പ്രവാചകന്റെ ജന്മദിനത്തില്‍ സന്തോഷിക്കാന്‍ വിശുദ്ധ ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നു. “”മനുഷ്യരേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനില്‍ നിന്ന് ഹൃദയാന്തരരോഗങ്ങള്‍ക്ക് ചികിത്സയും നിര്‍ദേശവും സത്യവിശ്വാസികള്‍ക്ക് അനുഗ്രഹവും സന്മാര്‍ഗവും വന്നിരിക്കുന്നു. നബിയേ, തങ്ങള്‍ പറയുക: അല്ലാഹുവിന്റെ ഔദാര്യവും അനുഗ്രഹവും കൊണ്ടവര്‍ സന്തോഷം പ്രകടിപ്പിക്കട്ടെ.””

Latest