കേരളം 26 പേരെ പത്മ പുരസ്‌കാരത്തിന് നിര്‍ദേശിച്ചു

Posted on: January 13, 2014 11:30 pm | Last updated: January 13, 2014 at 11:30 pm

pathma awardsതിരുവനന്തപുരം: വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖരായ 26 പേരെ കേരളം പത്മ പുരസ്‌കാരത്തിന് നിര്‍ദേശിച്ചു. രണ്ട് പേര്‍ക്ക് പത്മഭൂഷണും 24 പേര്‍ക്ക് പത്മശ്രീയും നല്‍കണമെന്നാണ് ശിപാര്‍ശ. അഷ്ടവൈദ്യന്‍ വൈദ്യമഠം ചെറിയനാരായണന്‍ നമ്പൂതിരിയെയും ഗാന്ധിയന്‍ പി ഗോപിനാഥന്‍നായരെയുമാണ് പത്മഭൂഷണ് വേണ്ടി ശിപാര്‍ശ ചെയ്തിരിക്കുന്നത്.
നടന്‍ ജഗതി ശ്രീകുമാര്‍, സംഗീത സംവിധായകന്‍ പി ജയചന്ദ്രന്‍, ശില്‍പി കാനായി കുഞ്ഞിരാമന്‍, കവി യൂസഫലി കേച്ചേരി, എം ജി ശ്രീകുമാര്‍, ചരിത്രകാരന്‍ എം ജി എസ് നാരായണന്‍ എന്നിവര്‍ക്ക് പത്മശ്രീ ബഹുമതി നല്‍കണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.
സാഹിത്യകാരായ സി രാധാകൃഷ്ണന്‍, ജോര്‍ജ്ജ് ഓണക്കൂര്‍, പെരുമ്പടവം ശ്രീധരന്‍ പത്രപ്രവര്‍ത്തകന്‍ കെ എം റോയി, സൂര്യകൃഷ്ണമൂര്‍ത്തി എന്നിവരും കേരളം ശിപാര്‍ശ ചെയ്ത പത്മശ്രീ പട്ടികയിലുണ്ട്. മെഡിക്കല്‍ വിദ്യാഭ്യാസം എന്ന വിഭാഗത്തില്‍ പെടുത്തി കിംസ് ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ ഡോ.സഹദുള്ളയെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കഥകളി കലാകാരന്‍ മാത്തൂര്‍ ഗോവിന്ദന്‍കുട്ടി. മൃദംഗ വിദ്വാന്‍ മാവേലിക്കര എസ് ആര്‍ രാജു, ഗായകന്‍ കെ ജി ജയന്‍, കാന്‍സര്‍രോഗ വിദഗ്ധന്‍ ഡോ. വി പി ഗംഗാധരന്‍, ഡോ. രാജന്‍ ജോസഫ് മാഞ്ഞൂരാന്‍ എന്നിവര്‍ക്കും പത്മശ്രീ ശിപാര്‍ശയുണ്ട്.
കായിക രംഗത്ത് നിന്ന് വോളിബാള്‍ താരം ടോം ജോസഫ്, പ്രൊഫ.സണ്ണി തോമസ് എന്നിവരും സാമൂഹിക പ്രവര്‍ത്തകരുടെ വിഭാഗത്തില്‍ പി എന്‍ സി മേനോന്‍, പി യു തോമസ്, ജോര്‍ജ്ജ്കുട്ടി കാരേപ്പറമ്പില്‍, സത്യസായി സഭ ട്രസ്റ്റിന്റെ കെ എന്‍ അനന്തകുമാര്‍, വര്‍ഗീസ് കുര്യന്‍ എന്നിവരും പട്ടികയിലിടം പിടിച്ചു. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചാണ് സിവിലിയന്‍ ബഹുമതിയായ പത്മ പുരസ്‌കാരങ്ങള്‍ രാജ്യം നല്‍കിവരുന്നത്. പുരസ്‌കാരത്തിന് ശിപാര്‍ശ ചെയ്യപ്പെടുന്നവരില്‍ അനര്‍ഹര്‍ കടന്നു കൂടുന്നുവെന്ന ആക്ഷേപം വ്യാപകമായപ്പോള്‍ പ്രത്യേക സമതി രൂപവത്കരിച്ച്, ആ സമിതിയുടെ മേല്‍നോട്ടത്തില്‍ വേണം ശിപാര്‍ശകള്‍ സമര്‍പ്പിക്കാനെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത്തവണയും കേരളം സമിതി രൂപവത്കരിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ നിന്ന് നടന്‍ മധുവിന് മാത്രമാണ് പത്മഭൂഷണ്‍ ബഹുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ മധുവിന് പത്മശ്രീയാണ് നല്‍കിയത്. ഇത് വിവാദത്തിന് തിരികൊളുത്തിയിരുന്നു.