നബിദിന സന്ദേശറാലി ഇന്ന് മലപ്പുറത്ത്

Posted on: January 13, 2014 10:52 am | Last updated: January 13, 2014 at 10:52 am

മലപ്പുറം: സുന്നി സംഘടനകളുടെയും മഅ്ദിന്‍ അക്കാദമിയുടെയും സംയുക്താഭിമുഖ്യത്തില്‍ ഇന്ന് മലപ്പുറത്ത് നടക്കുന്ന നബിദിന സന്ദേശറാലി യില്‍ പ്രവാചക സ്‌നേഹികളായ ആയിരങ്ങള്‍ അണിനിരക്കും. ഉച്ചതിരിഞ്ഞ് 3.30ന് മലപ്പുറം എം എസ് പി പരിസരത്ത് നിന്ന് ആരംഭിക്കുന്ന റാലി കിഴക്കെതലയില്‍ സമാപിക്കും. ദഫ്, സ്‌കൗട്ട്, അറബന, ഫഌവര്‍ ഷോ, മെസ്സേജ് ഡിസ്‌പ്ലെ, മൗലിദ് പാരായണം, ഫഌഗ് ജാഥ, പ്രവാചക പ്രകീര്‍ത്തനങ്ങള്‍, കലാ പ്രകടനങ്ങള്‍ തുടങ്ങിയവ റാലിയെ ശ്രദ്ധേയമാക്കും.
റാലിയുടെ മുന്‍നിരയില്‍ നേതാക്കളും പ്രവര്‍ത്തകരും പൊതുജനങ്ങളും ശേഷം മഅ്ദിന്‍ അക്കാദമിയിലെ വിവിധ സ്ഥാപനങ്ങളിലുള്ള വിദ്യാര്‍ഥികള്‍ അണിനിരക്കും. സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ ജില്ലാ അധ്യക്ഷന്‍ സയ്യിദ് യൂസുഫുല്‍ ബുഖാരി വൈലത്തൂര്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും. സമസ്ത ഉപാധ്യക്ഷന്‍ ഇ സുലൈമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം നിര്‍വഹിക്കും.
സയ്യിദ് അഹ്മദ് ഹുസൈന്‍ തങ്ങള്‍ തിരൂര്‍ക്കാട്, സയ്യിദ് ഹബീബ്‌കോയ തങ്ങള്‍ ചെരക്കാപറമ്പ്, പൂക്കോയ തങ്ങള്‍ തലപ്പാറ, സയ്യിദ് കെ പി എച്ച് തങ്ങള്‍ കാവനൂര്‍, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, സയ്യിദ് അബ്ദുര്‍റഹ്മാന്‍ മുല്ലക്കോയ തങ്ങള്‍, സയ്യിദ് അബ്ദുല്ല ഹബീബുറഹ്മാന്‍ ബുഖാരി, സയ്യിദ് ശിഹാബുദ്ദീന്‍ ബുഖാരി, എസ് വൈ എസ് സംസ്ഥാന അധ്യക്ഷന്‍ പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാര്‍, പൊന്മള മൊയ്തീന്‍കുട്ടി ബാഖവി, കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, അലവി സഖാഫി കൊളത്തൂര്‍, പ്രൊഫ. കെ എം എ റഹീം, മുസ്ഥഫ മാസ്റ്റര്‍ കോഡൂര്‍, ബാവ മുസ്‌ലിയാര്‍ ക്ലാരി, ശിഹാബുദ്ദീന്‍ സഖാഫി പെരുമുക്ക് നേതൃത്വം നല്‍കും.
കുന്നുമ്മല്‍, കോട്ടപ്പടി, കിഴക്കെതല എന്നിവിടങ്ങളില്‍ നടക്കുന്ന സംഗമത്തില്‍ എസ് എസ് എഫ് ജില്ലാ സെക്രട്ടറി സി കെ എം ഫാറൂഖ് കൊണ്ടോട്ടി, ഒ പി അബ്ദുസ്സമദ് സഖാഫി, അബ്ബാസ് സഖാഫി കോഡൂര്‍ നബിദിന സന്ദേശ പ്രഭാഷണം നടത്തും. മഅ്ദിന്‍ തഹ്ഫീളുല്‍ ഖുര്‍ആന്‍ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ പ്രവാചക പ്രകീര്‍ത്തന സദസ്സും സംഘടിപ്പിക്കും. നാളെ പുലര്‍ച്ചെ 3.30ന് മഅ്ദിന്‍ ഗ്രാന്റ് മസ്ജിദില്‍ മൗലിദ് പാരായണവും അന്നദാനവും നടക്കും.