ഒഴൂരില്‍ സി പി എം – ബി ജെ പി സംഘട്ടനം; 14 പേര്‍ക്ക് പരുക്ക്‌

Posted on: January 13, 2014 10:51 am | Last updated: January 13, 2014 at 10:51 am

താനൂര്‍/തിരൂര്‍: ഒഴൂരില്‍ സി പി എം- ബി ജെ പി സംഘട്ടനത്തില്‍ 14 പേര്‍ക്ക് പരുക്ക്. ഒഴൂര്‍ വിദ്യാനികേതന്‍ സ്‌കൂളിന് സമീപമാണ് സി പി എം പ്രവര്‍ത്തകരും ബി ജെ പി പ്രവര്‍ത്തകരും തമ്മില്‍ സംഘട്ടനം നടന്നത്. മാരകായുധങ്ങള്‍ ഉപയോഗിച്ചായിരുന്നു അക്രമം.
അടിപിടി കഴിഞ്ഞ് ജില്ലാ ആശുപത്രിയില്‍ ചികിത്സക്കെത്തിയ പ്രവര്‍ത്തകര്‍ തമ്മിലും കൂട്ടത്തല്ലുണ്ടായി. പ്രവര്‍ത്തകര്‍ സംഘടിച്ചെത്തിയതോടെ ജില്ലാ ആശുപത്രി പരിസരം ഏറെ നേരം ഭീതിയിലായി. രാത്രി വൈകിയും തിരൂര്‍-താനൂര്‍ പോലീസ് ആശുപത്രിയില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. ബഹളമായതോടെ പോലീസുകാര്‍ പ്രവര്‍ത്തകരെ വിരട്ടിയോടിച്ചു.
ഒഴൂരില്‍ മാസങ്ങളായി ഇരുവിഭാഗം തമ്മില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണു ഇന്നലെ വൈകിട്ടു ആറരയോടെ വീണ്ടും സംഘര്‍ഷമുണ്ടത്. ഒഴൂരില്‍ സി പി എം പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തിനെതിരെ ബി ജെ പി പ്രവര്‍ത്തകര്‍ കൂവിയെന്നാരോപിച്ചാണ് സംഘട്ടനത്തിനു തുടക്കം കുറിച്ചത്. ഇതില്‍ പ്രതിഷേധിച്ച് സി പി എം പ്രവര്‍ത്തകര്‍ ബി ജെ പി പ്രവര്‍ത്തകനെ അക്രമിച്ചുവെന്നും തുടര്‍ന്നു ഇരുകൂട്ടരും തമ്മില്‍ സ്ഥലത്ത് സംഘര്‍ഷാവസ്ഥയിലായിരുന്നു.
ഇന്നലെ നടന്ന സംഘട്ടനത്തില്‍ താനൂര്‍ സ്വദേശികളായ നെയ്‌തൊടി യഹ്‌യാ(22), ഹമീദ്(23), കൊലക്കാട്ടില്‍ സജിത്(24), തറമ്മല്‍ മുഹമ്മദ് അഷ്‌കര്‍(19), അബ്ദുല്‍ഹമീദ്, ലിജീഷ്, അന്‍വര്‍സാദത്ത്, രതീഷ്, രാജേഷ്, ഗൗതമന്‍, ബൈജു, രാജേന്ദ്രന്‍, രഞ്ജിത്ത് തുടങ്ങിയവര്‍ക്കാണ് പരുക്കേറ്റത്. ഇവര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. തിരൂര്‍ ഡി വൈ എസ് പി സെയ്താലി, താനൂര്‍ എസ് ഐമാരായ സുബ്രഹ്മണ്യന്‍, ജയപ്രകാശ് എന്നിവരുടെ നേതൃത്വത്തില്‍ ഒഴൂരില്‍ ക്യാമ്പ് ചെയ്യുന്നത്.