മാറ്റുവിന്‍ (തിരഞ്ഞെടുപ്പ്) ചട്ടങ്ങളെ

Posted on: January 13, 2014 6:00 am | Last updated: January 13, 2014 at 12:43 am

voteനിലവിലുള്ളതും ഉയര്‍ന്നു വരുന്നതുമായ ജനാധിപത്യ രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യന്‍ ജനാധിപത്യ ഭരണവ്യവസ്ഥക്ക് സവിശേഷമായ സ്ഥാനമാണുള്ളത്. സുതാര്യവും നീതിപൂര്‍വവുമായ തിരഞ്ഞെടുപ്പ് സംവിധാനമാണ് നമ്മുടെ ജനാധിപത്യത്തെ താങ്ങി നിര്‍ത്തുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്നത്. ആറ് പതിറ്റാണ്ടിനിപ്പുറം ജനാധിപത്യത്തിന്റെ സ്ഥിരതയില്‍ നാം ഊറ്റം കൊള്ളുമ്പോഴും തിരഞ്ഞെടുപ്പും ഭരണസംവിധാനങ്ങളും അഴിമതിയുടെ കൂത്തരങ്ങായി മാറുന്നുവെന്ന പഴിയും നമ്മുടെ ജനാധിപത്യം പേറേണ്ടി വരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് പ്രക്രിയ കുറ്റമറ്റതാക്കാന്‍ ജനപ്രാതിനിധ്യ നിയമത്തില്‍ വരുത്തേണ്ട ശിപാര്‍ശകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിക്കുന്നത്. തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ പരിഷ്‌കരണവുമായി ബന്ധപ്പെട്ട് കാലാകാലങ്ങളായി വിവിധ കമ്മിറ്റികള്‍ വിഷയം പഠിക്കുകയും നിരവധി ശിപാര്‍ശകള്‍ നല്‍കുകയും ചെയ്തിട്ടുള്ളതാണ്. എന്നാല്‍ കമ്മീഷന്‍ കേന്ദ്ര സര്‍ക്കാറുകള്‍ക്ക് സമര്‍പ്പിക്കുന്ന ശിപാര്‍ശകളിന്‍മേല്‍ നിയമനിര്‍മാണ സഭകള്‍ കാലാനുസൃതം നടപടിയെടുക്കാത്തത് ഈ വിഷയത്തില്‍ കോടതി ഇടപെടലിനും വഴിവെക്കുന്നു. നിയമനിര്‍മാണത്തിനുള്ള പാര്‍ലിമെന്റിന്റെ അവകാശത്തിന്‍മേലുള്ള കടന്നുകയറ്റമായി കോടതി ഇടപെടലിനെ വ്യാഖ്യാനിക്കുന്നവര്‍ ഉണ്ടെങ്കിലും കോടതി ഇടപെടല്‍ എങ്ങനെയുണ്ടാകുന്നു എന്ന് പാര്‍ലിമെന്ററി വിദഗ്ധര്‍ ചിന്തിക്കുന്നത് ഉചിതമായിരിക്കും. ഏറെ നാളത്തെ വാദപ്രതിവാദങ്ങള്‍ക്കു ശേഷം നിഷേധ വോട്ടിന് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ പ്രത്യേക ബട്ടണ്‍ സ്ഥാപിക്കണമെന്ന സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് ചട്ടങ്ങളില്‍ വരുത്തേണ്ട മാറ്റങ്ങളും ശിപാര്‍ശകളും ചര്‍ച്ച ചെയ്യുന്നത് കാലോചിതമായിരിക്കും.

ക്രിമിനല്‍ പശ്ചാത്തലമുള്ള സ്ഥാനാര്‍ഥികളെ തിരഞ്ഞെടുപ്പില്‍ നിന്ന് ഒഴിവാക്കി നിര്‍ത്താനും തിരഞ്ഞെടുപ്പ് ചെലവുകളില്‍ സുതാര്യത വരുത്താനുമുള്ള നിരവധി നിര്‍ദേശങ്ങളാണ് വിവിധ കമ്മിറ്റികള്‍ സമര്‍പ്പി്ച്ചിട്ടുള്ളത്. 1990ല്‍ നിയമിച്ച ഗോസ്വാമി കമ്മിറ്റി, 1993ലെ വൊഹ്‌റ കമ്മിറ്റി, 1998ലെ ഇന്ദ്രജിത് ഗുപ്ത കമ്മിറ്റി, തിരഞ്ഞെടുപ്പു ചട്ടങ്ങളിലെ പരിഷ്‌കരണം സംബന്ധിച്ച 1999ലെ നിയമ കമ്മീഷന്‍, ഭരണഘടനാ പ്രവര്‍ത്തന വിലയിരുത്തലിനായി രൂപവത്കരിച്ച 2001ലെ ദേശീയ കമ്മീഷന്‍, തിരഞ്ഞെടുപ്പ് പരിഷ്‌കരണം സംബന്ധിച്ച് 2004ല്‍ ഇലക്ഷന്‍ കമ്മീഷന്‍, 2008ലെ രണ്ടാം ഭരണ നവീകരണ കമ്മീഷന്‍ എന്നിങ്ങനെ ഏഴ് കമ്മിറ്റികളാണ് തിരഞ്ഞെടുപ്പ് ചട്ടങ്ങളിലെ പരിഷ്‌കണം നിര്‍ദേശിച്ചിട്ടുള്ളത്. ഇതു കൂടാതെ പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന നിരവധി സംഘടനകളും ഈ ആവശ്യം ഉന്നയിച്ച് സജീവമായി രംഗത്തുണ്ട്. പീപ്പിള്‍സ് യൂനിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് എന്ന സംഘടന കേന്ദ്ര സര്‍ക്കാരിനെതിരെ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിട്ട് ഹരജിയിനിലാണ് നിഷേധ വോട്ട് നടപ്പിലാക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് 2013 സെപ്തംബര്‍ 27ന് സുപ്രീം കോടതി പുറത്തിറക്കിയ ഉത്തരവില്‍ ഇലക്ഷന്‍ കമ്മീഷന് നിര്‍ദേശം നല്‍കിയത്. തിരഞ്ഞെടുപ്പിനെ ഗൗരവമായി സമീപിക്കാത്ത രാഷ്ട്രീയ പാര്‍ട്ടികളുടെ നിയന്ത്രണവും തിരഞ്ഞെടുപ്പില്‍ ചെലവഴിക്കുന്നതും സ്വീകരിക്കുന്നതുമായ പണത്തിന്റെ കണക്കുകള്‍ ഓഡിറ്റിന് വിധേയമാക്കണമെന്ന ആവശ്യങ്ങളും കമ്മീഷന്‍ മുന്നോട്ട് വക്കുന്നു. തിരഞ്ഞെടുപ്പ് പ്രക്രിയ കുറ്റമറ്റതാക്കാന്‍ ജനപ്രാതിനിധ്യനിയമത്തില്‍ വരുത്തേണ്ട ഇത്തരം നിരവധി ശിപാര്‍ശകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്ര സര്‍ക്കാറിന് ഇതിനകം നല്‍കിയിട്ടുണ്ട്. എന്നാല്‍ കമ്മീഷന് അധികാരം പൂര്‍ണമായി വിട്ടുനല്‍കാതെ പാര്‍ലിമെന്ററി ജനാധിപത്യ സംവിധാനത്തില്‍ ചിലതിനോട് മാത്രമാണ് സര്‍ക്കാര്‍ പ്രതികരിച്ചിട്ടുള്ളത്.

പത്ത് ലക്ഷത്തിലധികം പോളിംഗ് ബൂത്തുകളില്‍ 70 കോടി വോട്ടര്‍മാരെ ഉള്‍ക്കൊള്ളിച്ചു നടത്തുന്ന സങ്കീര്‍ണമായ തിരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യവും നീതിപൂര്‍വവുമായി നടത്തുക എന്നതാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരിടുന്ന പ്രധാന വെല്ലുവിളി. കഴിഞ്ഞ ആറ് പതിറ്റാണ്ടിലേറെ നീളുന്ന തിരഞ്ഞെടുപ്പ് പരിചയം ഉള്‍ക്കൊണ്ടാണ് സ്ഥാനാര്‍ഥികള്‍ക്കുളള പെരുമാറ്റച്ചട്ടവും അനുബന്ധ നിബന്ധനകളും കമ്മീഷന്‍ ആവിഷ്‌കരിച്ചത്. എന്നാല്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഉടലെടുത്ത ചില അനഭിലഷണീയ പ്രവണതകള്‍ ജനാധിപത്യത്തിന്റെ സത്ത നശിപ്പിക്കുമെന്ന തിരിച്ചറിവാണ് പുതിയ തിരഞ്ഞെടുപ്പ് പരിഷ്‌കാരങ്ങള്‍ക്ക് കമ്മീഷനെ പ്രേരിപ്പിക്കുന്നത്. ഈ നിലക്ക് മുന്നോട്ട് പോയാല്‍ തിരഞ്ഞെടുപ്പിന്റെ വ്യവസ്ഥാപിതമായ രീതിയില്‍ ജനങ്ങള്‍ക്ക് അവിശ്വാസമുണ്ടാകുകയും ജനാധിപത്യം തന്നെ അപകടത്തിലാകുകയും ചെയ്യുമെന്ന മുന്നറിയിപ്പാണ് കമ്മീഷന്‍ തരുന്നത്. പണത്തിന്റെ ഇടപെടല്‍ വോട്ടിനെ നേരിട്ട് സ്വാധീനിക്കുന്ന അവസ്ഥ ഒഴിവാക്കിയില്ലെങ്കില്‍ കാലക്രമേണ തിരഞ്ഞെടുപ്പ് സംവിധാനത്തിന്റെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടും. ഈ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സുതാര്യവും നീതിയുക്തവുമാകുന്ന തരത്തില്‍ ചട്ടങ്ങളില്‍ മാറ്റം വേണമെന്ന് കമ്മീഷന്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ പല നിര്‍ദേശങ്ങളും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സ്വീകാര്യമാകാത്തതിനാല്‍ ഇക്കാര്യത്തില്‍ പാര്‍ലിമെന്ററി തീരുമാനങ്ങള്‍ വൈകുന്നത് പതിവാകുകയാണ്. പാര്‍ലമെന്റില്‍ നിക്ഷിപ്തമായുള്ള ചില അധികാരങ്ങളെങ്കിലും ജനകീയമായ തിരഞ്ഞെടുപ്പ് നടത്തിപ്പിനായി കമ്മീഷന് കൈയാളാന്‍ സാധിക്കും വിധം ഭരണ സംവിധാനത്തിലെ മാറ്റവും കമ്മീഷന്‍ ആവശ്യപ്പെടുന്നുണ്ട്.

വോട്ടിംഗ് പാറ്റേണും വോട്ടിംഗ് ശതമാനവും പ്രത്യേകം തിരിച്ചറിയാവുന്ന തരത്തില്‍ പോളിംഗ് സ്റ്റേഷന്‍ തിരിച്ച് വോട്ടെണ്ണുന്നത് ഒഴിവാക്കണമെന്നതാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്ര സര്‍ക്കാറിന് നല്‍കിയ പ്രധാന ശിപാര്‍ശകളിലൊന്ന്. പോളിംഗ് സ്റ്റേഷന്‍ തിരിച്ചുള്ള വോട്ടെണ്ണലിലൂടെ പലപ്പോഴും തങ്ങളുടെ സ്വാധീന മേഖലകള്‍ തിരിച്ചറിയാന്‍ രാഷ്ട്രീയ കക്ഷികള്‍ക്ക് കഴിയും. ഇത് പക്ഷപാതത്തിന് വഴിയൊരുക്കും. തിരഞ്ഞെടുപ്പ് കഴിഞ്ഞ് ചില മേഖലകളലുണ്ടാകുന്ന സംഘര്‍ഷങ്ങള്‍ക്ക് പ്രധാന കാരണം പോളിംഗ് സ്‌റ്റേഷന്‍ തിരിച്ചുള്ള വോട്ടിംഗിലൂടെ ലഭിക്കുന്ന വിവരങ്ങളാണെന്ന ആക്ഷേപം പരക്കെ ഉയര്‍ന്നിട്ടുണ്ട്. സ്വാധീനമുള്ള മേഖലകളില്‍ പ്രത്യേക സമീപനമെന്നത് ജനാധിപത്യ പ്രക്രിയയെ ദോഷകരമായി ബാധിക്കുന്ന പ്രവണതകള്‍ സൃഷ്ടിക്കും. മണ്ഡലത്തിലെ പൊതു വികസനത്തിനായി ജനപ്രതിനിധി വിവേചനരഹിതമായി നിലകൊള്ളാന്‍ പോളിംഗ് സ്‌റ്റേഷന്‍ തിരിച്ചുള്ള വോട്ടെണ്ണല്‍ ഒഴിവാക്കണമെന്ന ആവശ്യമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉയര്‍ത്തുന്നത്. നിലവിലുള്ള സംവിധാനത്തിന് പകരം 14 ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ ഏകോപിപ്പിച്ച യൂനിറ്റാക്കി (ടോട്ടലൈസര്‍) വോട്ടെണ്ണിയാല്‍ വിവേചനങ്ങള്‍ ഒഴിവാക്കാനാകും.
മാധ്യമ രംഗത്ത് നിന്നുമുയരുന്ന അനഭിലഷണീയ പ്രവണതകളെയും കമ്മീഷന്‍ ചോദ്യം ചെയ്യുന്നു. പെയ്ഡ് ന്യൂസ് അഥവാ വിലക്ക് വാങ്ങുന്ന വാര്‍ത്തകള്‍ എന്ന പുതിയ രീതി തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സുഗമമായ നടത്തിപ്പിനെ സാരമായി ബാധിക്കുന്നുണ്ടെന്ന നിഗമനത്തിലാണ് കമ്മീഷന്‍. വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ നല്‍കുന്ന ഇത്തരം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതോ നല്‍കാന്‍ പ്രേരിപ്പിക്കുന്നതോ രണ്ട് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമായി പരിഗണിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അഞ്ച് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങള്‍ ചെയ്തതായി കോടതി കണ്ടെത്തിയിട്ടുള്ള വ്യക്തികളെയും കുറ്റവാളിയെന്ന് കോടതി പ്രഥമദൃഷ്ട്യാ കണ്ടെത്തിയിട്ടുള്ളവരെയും മത്സരരംഗത്ത് നിന്നു മാറ്റി നിര്‍ത്തണമെന്ന ആവശ്യവും തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നോട്ട് വെക്കുന്നു. കെട്ടിച്ചമച്ചതെന്ന് പറയപ്പെടുന്ന കേസുകള്‍ ആറ് മാസത്തിന് മുമ്പുള്ളവയാണെങ്കില്‍ അത് അയോഗ്യതക്ക് കാരണമായി പരിഗണിക്കണമെന്നും ഈ സാഹചര്യത്തില്‍ അവരെ മത്സരിക്കുന്നതില്‍ നിന്ന് വിലക്കേണ്ടതാണെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ ജനപ്രതിനിധികളാകുന്നത് ജനാധിപത്യപ്രക്രിയയെ ദോഷകരമായി ബാധിക്കുമെന്ന് കമ്മീഷന്‍ നിരീക്ഷിക്കുന്നു. ആസ്തി ബാധ്യതാ വെളിപ്പെടുത്തലിന് പുറമെ അപ്പോള്‍ നിലനില്‍ക്കുന്ന കേസുകളെക്കുറിച്ച് സ്ഥാനാര്‍ഥികള്‍ അധിക സത്യവാങ്മൂലം സമര്‍പ്പിക്കേണ്ടതുണ്ടെന്നും ശിപാര്‍ശ ചെയ്തിട്ടുണ്ട്. ഈ ശിപാര്‍ശകളില്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പാര്‍ലിമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയെ ചുമതലപ്പെടുത്തി. ഇന്ത്യന്‍ ക്രിമിനല്‍ കോഡിന്റെ 82-ാം വകുപ്പ് അനുസരിച്ച് കുറ്റക്കാരനായി കണ്ട് വാറണ്ട് പുറപ്പെടുവിച്ച ശേഷവും നടപടിക്ക് വിധേയനാകാതെ മാറി നില്‍ക്കുന്ന വ്യക്തികളെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കണമെന്ന് പാര്‍ലിമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി തത്വത്തില്‍ അംഗീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എന്നാല്‍ കുറ്റാരോപിതനായി എന്ന ഒറ്റക്കാരണത്താല്‍ സ്ഥാനാര്‍ഥിയെ വിലക്കാനാകില്ലെന്നും പരമോന്നത കോടതി കുറ്റത്തിന്‍ മേല്‍ ശിക്ഷ വിധിച്ചാല്‍ മാത്രമേ ഇയാളെ കുറ്റക്കാരനായി കണ്ട് മാറ്റി നിര്‍ത്തേണ്ടതുള്ളൂ എന്നും പാര്‍ലിമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി നിരീക്ഷിക്കുന്നു. തിരഞ്ഞെടുപ്പ് അധികാരികള്‍ക്ക് മുമ്പാകെ തെറ്റായ വിവരങ്ങള്‍ നല്‍കുന്നതും ശിക്ഷാര്‍ഹമായ കുറ്റമായി പരിഗണിക്കണമെന്ന ആവശ്യം നിലവില്‍ തന്നെയുണ്ട്. വോട്ടര്‍മാരെ സ്വാധീനിക്കുന്നതും വോട്ട് ചെയ്യുന്നതിനെ തടസ്സപ്പെടുത്തുതും നിലവില്‍ 500 രൂപ പിഴയില്‍ ഒതുങ്ങുന്ന കുറ്റം മാത്രമാണ്. ഇത്തരം കുറ്റങ്ങളുടെ ശിക്ഷ വര്‍ധിപ്പിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെടുന്നു. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഭരണകക്ഷികള്‍ സര്‍ക്കാര്‍ ചെലവില്‍ ഭരണനേട്ടങ്ങള്‍ വ്യക്തമാക്കുന്ന പരസ്യങ്ങള്‍ക്ക് നിരോധം ഏര്‍പ്പെടുത്തണം. സര്‍ക്കാറിന്റെ കാലാവധി തീരുന്നതിന് ആറ് മാസം മുമ്പ് വരെ പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കാം. ആറ് മാസത്തിന് ശേഷം പ്രസിദ്ധീകരിക്കുന്നത് കര്‍ശനമായി നിരോധിക്കണം. അതേ സമയം ആരോഗ്യ സംബന്ധമായതും ദാരിദ്രനിര്‍മാര്‍ജനം സംബന്ധിച്ചുള്ളതുമായി പൊതുജനങ്ങള്‍ അറിയേണ്ട കാര്യങ്ങളും പരസ്യങ്ങളും നിരോധത്തില്‍ നിന്ന് ഒഴിവാക്കണമെന്നും കമ്മീഷനന്‍ ചൂണ്ടിക്കാട്ടുന്നു. ഇതു കൂടാതെ പാര്‍ട്ടി ഓഫീസുകളിലും പൊതുതിരഞ്ഞെടുപ്പ് യോഗങ്ങളിലും ചില നിര്‍ദിഷ്ട സ്ഥലങ്ങളിലുമല്ലാതെ സ്വകാര്യ വ്യക്തികളുടെ മതിലില്‍ ചുവരെഴുത്ത് നടത്തുന്നതും പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തെ തടസപ്പെടുത്തുന്ന പരസ്സ്യപ്പലകകളും ഫഌക്‌സുകളും സ്ഥാപിക്കുന്നതും നിരോധിക്കണമെന്ന ആവശ്യവും കമ്മീഷന്‍ ഉന്നയിക്കുന്നു. തിരഞ്ഞെടുപ്പ് പ്രചാരണ ചിലവ് ചുരുക്കുന്നതിനുള്ള നിര്‍ദേശങ്ങളുടെ ഭാഗമായാണ് കമ്മീഷന്‍ ഈ ശിപാര്‍ശ വെച്ചിട്ടുള്ളത്.
തിരഞ്ഞെടുപ്പിന് 48 മണിക്കൂര്‍ മുമ്പ് വീട് വീടാന്തരം കയറിയിറങ്ങിയുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന നിര്‍ദേശമാണ് മറ്റൊന്ന്. അവസാന ഘട്ടത്തില്‍ ആരുടെയും പ്രേരണയില്ലാതെ സ്വന്തം തീരുമാനം നടപ്പിലാക്കാന്‍ വോട്ടര്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്നതിനായാണ് ഇത്. ഒരു സ്ഥാനാര്‍ഥി ഒന്നിലധികം നിയോജകമണ്ഡലങ്ങളില്‍ നിന്ന് മത്സരിക്കുന്ന രീതി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടിടത്തും ഒരേ സ്ഥാനാര്‍ഥി ജയിക്കുന്നതോടെ ഒരിടത്ത് ഉപതിരഞ്ഞെടുപ്പ് വേണ്ടി വരുന്ന അവസ്ഥ ഉടലെടുക്കുന്നതിനാലാണ് കമ്മീഷന്‍ ഇങ്ങനെയൊരു ആവശ്യമുന്നയിച്ചത്. ഇതോടൊപ്പം കഴിഞ്ഞ കുറേ വര്‍ഷങ്ങളായി തിരഞ്ഞെടുപ്പ് ചെലവുകള്‍ അനിയന്ത്രിതമായി വര്‍ധിച്ചതു കാരണം പാര്‍ട്ടികളുടെ ഫണ്ട് ശേഖരണവും വഴിവിട്ട മാര്‍ഗങ്ങളിലൂടെയായിരിക്കുകയാണ്. നിയമപരമല്ലാതെ വഴിവിട്ട സാമ്പത്തിക സ്രോതസ്സുകളില്‍ നിന്ന് സ്വീകരിക്കുന്ന പാര്‍ട്ടി സംഭാവനകള്‍ക്ക് പകരമായി അധികാരത്തില്‍ വരുമ്പോള്‍ ഇവര്‍ക്കു വേണ്ടി പല വഴിവിട്ട തീരുമാനങ്ങളും പാര്‍ട്ടികള്‍ കൈക്കൊള്ളുന്നതായും കമ്മീഷന്‍ നിരീക്ഷിക്കുന്നു. ഇതിന് തടയിടാന്‍ സ്‌റ്റേറ്റ് തന്നെ തിരഞ്ഞെടുപ്പ് ഫണ്ടിംഗ് നടത്തുന്നതിനുള്ള ശിപാര്‍ശ 1998ലെ ഇന്ദ്രജിത് ഗുപ്ത കമ്മീഷന്‍ നല്‍കിയതാണ്. തിരഞ്ഞെടുപ്പിനായി രാഷ്ട്രീയ പാര്‍ട്ടികള്‍ പണം പിരിക്കാതെ സ്റ്റേറ്റ്, രാഷ്ടീയ പാര്‍ട്ടികള്‍ക്ക് തിരഞ്ഞെടുപ്പിനാവശ്യമായ ഫണ്ട് നല്‍കുന്ന രീതിയാണ് ഗുപ്ത കമ്മീഷന്‍ മുന്നോട്ട് വെച്ചത്. എന്നാല്‍ ഇതിന്റെ പ്രായോഗികത സംബന്ധിച്ച തര്‍ക്കങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ചെറിയ പാര്‍ട്ടികള്‍ക്ക് ഗുണം ലഭിക്കാത്തതും രാഷ്ട്രീയ പാര്‍ട്ടികളില്‍ അംഗങ്ങളല്ലാത്ത സ്വതന്ത്രര്‍ക്ക് ഇതിന്റെ ഗുണം കിട്ടില്ലെന്നതും പോരായ്മകളായി ചൂണ്ടിക്കാട്ടുന്നു. സുതാര്യവും നീതിപൂര്‍വുമായി വോട്ടര്‍ പട്ടിക തയാറാക്കേണ്ടതിന്റെ അവശ്യകതയിലേക്കും ക്മ്മീഷന്‍ വിരല്‍ചൂണ്ടുന്നു. നിലവില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനായി ഒരു സ്ഥാനാര്‍ഥിക്ക് വിനിയോഗിക്കാവുന്ന തുക 25 ലക്ഷവും സംസ്ഥാന നിയമസഭയിലേക്ക് 10 ലക്ഷവുമാണ്. ചെലവ് വര്‍ധിക്കുന്നതനുസരിച്ച് കാലാകാലങ്ങളില്‍ തുക ചെലവഴിക്കാനുള്ള ഉയര്‍ന്ന പരിധി കമ്മീഷന്‍ തന്നെ നിര്‍ണയിക്കണമെന്നും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ഥിയും സ്ഥാനര്‍ഥിക്കുവേണ്ടി ബന്ധുക്കളും സുഹൃത്തുക്കളും ചെലവാക്കുന്ന തുകയും തിരഞ്ഞെടുപ്പ് ചെലവായി പരിഗണിക്കണമെന്നുമുള്ള നിര്‍ദേശം കമ്മീഷന്‍ മുന്നോട്ടു വെക്കുന്നു. വര്‍ഷങ്ങളായി മത്സരിക്കാതിരിക്കുന്ന പാര്‍ട്ടികളുടെ അംഗീകാരം റദ്ദാക്കണമെന്ന സുപ്രധാന ആവശ്യവും കമ്മീഷന്‍ മുന്നോട്ടു വക്കുന്നു. പ്രവര്‍ത്തനം നിലച്ച പാര്‍ട്ടികളുടെ അംഗീകാരം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളുടെ അംഗീകാരം നിയന്ത്രിക്കുന്നതിനും ആവശ്യമെങ്കില്‍ റദ്ദാക്കുന്നതിനും കമ്മീഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. നിലവില്‍ ഇതിന് വ്യവസ്ഥയില്ല. ഇലക്ഷന്‍ കമ്മീഷന് മുന്നില്‍ രാഷ്ട്രീയ പാര്‍ട്ടിയായി രജിസ്റ്റര്‍ ചെയ്താല്‍ പിന്നീട് രജിസ്‌ട്രേഷന്‍ റദ്ദ് ചെയ്യുന്നതിന് നിലവിലെ വ്യവസ്ഥകള്‍ അനുവദിക്കുന്നില്ല. രാഷ്ട്രീയപാര്‍ട്ടികളുടെ വരവു ചെലവ് കണക്കുകള്‍ പരിശോധിക്കാന്‍ നിലവില്‍ നിയതമായ വ്യവസ്ഥകളില്ല. 20,000ല്‍ താഴെയുള്ള സംഭാവനകളുടെ കണക്ക് നിലവില്‍ പാര്‍ട്ടികള്‍ തന്നെ സൂക്ഷിച്ചാല്‍ മതിയെന്നാണ് വ്യവസ്ഥ. 20,000 രൂപയില്‍ കൂടുതലുള്ള സംഭാവനകള്‍ക്ക് ആദായ നികുതി ഇളവ് ലഭിക്കുമെന്നതിനാല്‍ ഇത്തരം സംഭാവനകളുടെ കണക്ക് രാഷ്ട്രീയ പാര്‍ട്ടികള്‍ കമ്മീഷന് സമര്‍പ്പിക്കണമെന്നാണ് ചട്ടം. ഇത് സമര്‍പ്പിച്ചില്ലെങ്കില്‍ നിലവില്‍ നടപടിയൊന്നുമില്ല. മറിച്ച് ആദായ നികുതി ഇളവ് ലഭിക്കില്ലെന്നു മാത്രം. വിദേശത്തു നിന്നോ സര്‍ക്കാര്‍ പൊതുമേഖലാ കമ്പനികളില്‍ നിന്നോ സംഭാവനകള്‍ സ്വീകരിക്കാനാകില്ലെന്ന ഏക നിബന്ധന മാത്രമാണ് നിലവിലുള്ളത്. ഫലത്തില്‍ കള്ളപ്പണം വെളുപ്പിക്കാനുള്ള ഉത്തമ മാര്‍ഗം എന്ന നിലക്ക് രാഷ്ട്രീയപാര്‍ട്ടികള്‍ക്കുള്ള സംഭാവനകള്‍ മാറിയിട്ടുണ്ട്. സ്ഥാനാര്‍ഥികളുടെയും പാര്‍ട്ടികളുടേയും വരവുചെലവ് കണക്കുകള്‍ കൃത്യമായ ഇടവേളകളില്‍ പരിശോധിക്കുകയും അപ്രതീക്ഷിത പരിശോധനകള്‍ നടത്തി നിജസ്ഥിതി വിലയിരുത്തുകയും വേണമെന്നും തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഓഡിറ്റ് ചെയ്ത റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന നിര്‍ദേശവും കമ്മീഷന്‍ മുന്നോട്ടു വെക്കുന്നു. ഈ സാചര്യത്തില്‍ കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍( സി എ ജി), തിരഞ്ഞെടുപ്പ് കമ്മീഷന്‍ എന്നിവ അംഗീകരിച്ച അംഗീകൃത ചാര്‍ട്ടേര്‍ഡ് അക്കൗണ്ടിനെ കൊണ്ട് വര്‍ഷാവര്‍ഷം കണക്കുകള്‍ പരിശോധിപ്പിക്കണമെന്ന സുപ്രധാന ശിപാര്‍ശയാണ് ഇക്കാര്യത്തില്‍ കമ്മീഷന്‍ മുന്നോട്ട് വെക്കുന്നത്. എന്നാല്‍ പ്രത്യേക ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ എത്രകണ്ട് മേല്‍പ്പറഞ്ഞ നിര്‍ദേശങ്ങളോട് യോജിക്കുമെന്നത് കാത്തിരുന്നു തന്നെ കാണേണ്ടി വരും.