കുടിയേറ്റജനതയെ പരിസ്ഥിതി കൈയേറ്റക്കാരായി ചിത്രീകരിക്കാനുള്ള ശ്രമം ആസൂത്രിതം: തോമസ് ഐസക്

Posted on: January 12, 2014 8:10 am | Last updated: January 12, 2014 at 8:10 am

ഇരിട്ടി: മലബാര്‍ കുടിയേറ്റ ജനതയെ പരിസ്ഥിതി കൈയേറ്റക്കാരായി ചിത്രീകരിക്കാനുള്ള ചിലരുടെ ശ്രമം ആസൂത്രിതമാണെ ന്ന് ഡോ. തോമസ് ഐസക്ക് പറഞ്ഞു.
പാട്യം ഗോപാലന്‍ സ്മാരക പഠന ഗവേഷണ കേന്ദ്രം ഇരിട്ടിയില്‍ സംഘടിപ്പിച്ച മലബാര്‍ കുടിയേറ്റ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവിതാംകൂറില്‍ കാര്‍ഷികരംഗത്തുണ്ടായ മാറ്റവും സാമ്പത്തിക തകര്‍ച്ചയുമാണ് മലബാര്‍ കുടിയേറ്റത്തിന് കാരണമായി മാറിയത്. മലബാറിലെ കാര്‍ഷികരംഗം സമൃദ്ധമാക്കിയ കുടിയേറ്റജനതയെ കസ്തൂരിരംഗന്‍-ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ പ്രകൃതി കൈയേറ്റക്കാരായി ചിത്രീകരിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. വിമോചന സമര കാലഘട്ടത്തിലും തുടര്‍ന്നും കുടിയേറ്റക്കാരെ ഇറക്കിവിടാനുള്ള ശ്രമമുണ്ടായിരുന്നു. ഇത്തരം ശക്തികളെ ചെറുത്തുനില്‍പ്പിലൂടെ തോത്പിച്ച സമരമായിരുന്നു 1961ല്‍ എ കെ ജിയുടെയും ഫാ. വടക്കന്റെയും നേതൃത്വത്തില്‍ നടന്നത്. കുടിയേറ്റ ജനതയും കമ്യൂണിസ്റ്റ് പാര്‍ട്ടിയും തമ്മിലുള്ള ബന്ധം ഏതെങ്കിലും പുത്തന്‍ നയ സമീപനത്തില്‍ നിന്നോ രാഷ്ട്രീയ സാഹചര്യങ്ങളില്‍ നിന്നോ ഉയര്‍ന്നുവന്നതല്ലെന്നും തോമസ് ഐസക് പറഞ്ഞു. സി പി എം ജില്ലാ സെക്രട്ടറി പി ജയരാജന്‍ അധ്യക്ഷത വഹിച്ചു. താമരശ്ശേരി പാസ്റ്റര്‍ കൗണ്‍സില്‍ സെക്രട്ടറി കെ സി ചാക്കോ, ഫാ. ടോമി എടാട്ട്, ഡോ. പി ജെ വിന്‍സെന്റ്, ഡോ. എന്‍ സെബാസ്റ്റ്യന്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. കെ കെ ശൈലജ ടീച്ചര്‍, ജെയിംസ് മാത്യു എം എല്‍ എ, അഡ്വ. കെ എ ഫിലിപ്പ് പ്രസംഗിച്ചു.