Connect with us

Wayanad

ബൈപാസിന്റെ ഇരുവശത്തും ദിശാസൂചകങ്ങളോ ട്രാഫിക് പോലീസോ ഇല്ല; വാഹനങ്ങള്‍ പോകുന്നത് ദേശീയപാതയിലൂടെ തന്നെ

Published

|

Last Updated

കല്‍പറ്റ: രണ്ടരപതിറ്റാണ്ടിന്റെ കാത്തിരിപ്പിന് ശേഷം കഴിഞ്ഞ ദിവസം തുറന്നുകൊടുത്ത കല്‍പറ്റ ബൈപാസിന്റെ ഇരുവശത്തും ദിശാസൂചകങ്ങളോ ട്രാഫിക് പോലീസോ ഇല്ലാത്തതിനാല്‍ വാഹനങ്ങള്‍ പോകുന്നത് ദേശീയപാതയിലൂടെ തന്നെ. കൈനാട്ടി മുതല്‍ മേപ്പാടി റോഡ് ജംഗ്ഷന്‍ വരെയുള്ള 3.77 കിലോമീറ്റര്‍ ദൂരത്തിലാണ് ബൈപാസ് നിലവില്‍ വന്നത്.
കല്‍പറ്റ നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് ബൈപാസ് പരിഹാരമാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ബൈപാസ് ഉദ്ഘാടനം കഴിഞ്ഞ രണ്ടാം ദിവസവും ബൈപാസിലൂടെ ഓടുന്നത് ചുരുക്കും ചില വാഹനങ്ങള്‍ മാത്രമാണ്. കര്‍ണാടകയില്‍ നിന്നുള്ള അയ്യപ്പഭക്തരുടെ വാഹനങ്ങള്‍ ഉള്‍പ്പെടെ നഗരത്തിലെ തിരക്കിലൂടെയാണ് ഇന്നലെയും ഓടിയത്. ബൈപാസാണെന്ന് വ്യക്തമാക്കുന്ന സൂചനാബോര്‍ഡുകളൊന്നും കൈനാട്ടി ഭാഗത്തില്ല. ട്രാഫിക് പോലീസിനെയും ഇവിടെ വിന്യസിച്ചിട്ടില്ല. കൈനാട്ടി മുതല്‍ ഒന്നോ രണ്ടോ സ്ഥലത്ത് ബൈപാസിലേക്കുള്ള ദിശാസൂചക ബോര്‍ഡുകള്‍ സ്ഥാപിച്ചാല്‍ മാത്രമേ വാഹനങ്ങള്‍ ഇതുവഴി കടന്നുപോകുകയുള്ളൂവെന്ന് ഡ്രൈവര്‍മാര്‍ തന്നെ ചൂണ്ടിക്കാട്ടുന്നു.
മേപ്പാടി റോഡ് ജംഗ്ഷനില്‍ നിരവധി റോഡുകള്‍ കൂടിച്ചേരുന്നതിനാല്‍ ഡ്രൈവര്‍മാര്‍ക്ക് ആശയക്കുഴപ്പമുണ്ടാകുന്നുണ്ട്. ഇവിടെ ട്രാഫിക് പോലീസ് ഡ്യൂട്ടിയിലുണ്ടെങ്കിലും കോഴിക്കോട് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ക്ക് ബൈപാസിലേക്കുള്ള വഴി സൂചിപ്പിക്കുന്ന ദിശാബോര്‍ഡില്ല. അതേസയമം, കല്‍പറ്റ നഗരത്തില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ക്ക് കാണാനാകുന്ന തരത്തില്‍ ദിശാബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്.
കോഴിക്കോട് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ക്ക് ബൈപാസിലേക്കുള്ള വഴി വ്യക്തമാകുന്ന തരത്തില്‍ ദേശീയപാതയില്‍ ഡീപോള്‍ സ്‌കൂളിന് സമീപം മുതല്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുകയും മാനന്തവാടി, ബത്തേരി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ക്ക് കൈനാട്ടി മുതല്‍ ബൈപാസ് തുടങ്ങുന്ന ജംഗ്ഷന്‍ വരെയും ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ചെയ്താല്‍ തീരുന്ന പ്രശ്‌നമാണിതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കൈനാട്ടി ഭാഗത്ത് ബൈപാസ് ജംഗ്ഷനില്‍ ലൈറ്റുകളില്ലാത്തത് രാത്രിയില്‍ ഡ്രൈവര്‍മാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.
വെള്ളിയാഴ്ചയാണ് പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് ബൈപാസ് റോഡ് ഉദ്ഘാടനം ചെയ്തത്. ബൈപാസില്‍ തെരുവുവിളക്കുകള്‍ സ്ഥാപിക്കുന്നതിന്റെയും അപകടസൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന്റെയും പണി ഏകദേശം പൂര്‍ത്തിയായിട്ടുണ്ട്.