താമരശ്ശേരി താലൂക്ക് ഉദ്ഘാടനം ചൊവ്വാഴ്ച

Posted on: January 12, 2014 8:03 am | Last updated: January 12, 2014 at 8:03 am

താമരശ്ശേരി: ജില്ലയിലെ നാലാമത്തെ താലൂക്ക് ചൊവ്വാഴ്ച വൈകിട്ട് ആറിന് താമരശ്ശേരിയില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. താമരശ്ശേരി പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് നടക്കുന്ന ചടങ്ങില്‍ റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് അധ്യക്ഷത വഹിക്കും. മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി, ഡോ. എം കെ മുനീര്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും. എം പിമാരായ എം കെ രാഘവന്‍, എം ഐ ഷാനവാസ്, എം എല്‍ എമാരായ സി മോയിന്‍കുട്ടി, പുരുഷന്‍ കടലുണ്ടി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല തുടങ്ങിയവര്‍ സംബന്ധിക്കും. താലൂക്ക് ഉദ്ഘാടനത്തിന്റെ ഭാഗമായുള്ള സാംസ്‌കാരിക ഘോഷയാത്ര വൈകിട്ട് നാല് മണിക്ക് കാരാടിയില്‍ നിന്ന് ആരംഭിക്കും.
താമരശ്ശേരി താലൂക്കിന് തഹസില്‍ദാര്‍, ഡെ. തഹസില്‍ദാര്‍ എന്നിവരെ നിയമിച്ചതായും മറ്റു ജീവനക്കാരുടെ നിയമനം ഉടന്‍ പൂര്‍ത്തിയാകുമെന്നും വി എം ഉമ്മര്‍ മാസ്റ്റര്‍ എം എല്‍ എ പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ അരവിന്ദന്‍, കെ സി മാമു മാസ്റ്റര്‍, പി എസ് മുഹമ്മദലി, കെ കെ അബു മാസ്റ്റര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.