അഗസ്ത്യകൂടം കാനന കാഴ്ചകള്‍ക്ക് ഈ മാസം 14 ന് മിഴിതുറക്കും

Posted on: January 12, 2014 12:30 am | Last updated: January 12, 2014 at 12:30 am

മലപ്പുറം: ഓരോ വര്‍ഷത്തിലും ദിവസങ്ങള്‍ മാത്രം സഞ്ചാരികള്‍ക്ക് പ്രവേശം അനുവദിക്കുന്ന അഗസ്ത്യകൂടം മലനിരകളിലെ ജൈവ വൈവിധ്യ മേഖല സന്ദര്‍ശിക്കാന്‍ സഞ്ചാരികള്‍ക്ക് അവസരം. ഈമാസം 14 മുതല്‍ 27 വരെയാണ് വനംവകുപ്പ് സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കുക.
സമുദ്ര നിരപ്പില്‍ നിന്ന് 1,869 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ മലനിരകള്‍ അത്യപൂര്‍വ ജന്തു, സസ്യ ജാലങ്ങളാല്‍ സമൃദ്ധമാണ്. ഇതില്‍ തന്നെ നിരവധി വര്‍ഗത്തില്‍പ്പെട്ട സസ്യ ജാലങ്ങള്‍ വംശനാശ ഭീഷണി നേരിടുന്നവയും. അനേകം കുന്നുകളും സമതലങ്ങളും പുല്‍മേടുകളും ചോല വനങ്ങളും ചേര്‍ന്ന ഈ പ്രദേശം തിരുവനന്തപുരം ജില്ലയിലും, കൊല്ലം, പത്തനംതിട്ട, തമിഴ്‌നാട്ടിലെ കന്യാകുമാരി, തിരുനല്‍വേലി എന്നീ ജില്ലകളുടെയും അതിരുകള്‍ പങ്കിടുന്നു. ഇതില്‍ തന്നെ കേരളത്തിലേയും തമിഴ്‌നാട്ടിലേതുമായ അഞ്ച് സംരക്ഷിത വനപ്രദേശങ്ങളും ഉള്‍പ്പെടുന്നുണ്ട്. കേരളത്തില്‍ സ്ഥിതി ചെയ്യുന്ന ചെന്തുരുണി, പേപ്പാറ, നെയ്യാര്‍, തമിഴ്‌നാട്ടിലെ മുണ്ടന്‍തുറൈ, കളക്കാട് എന്നിവയാണ് ഈ വന്യജീവി സംരക്ഷണ കേന്ദ്രങ്ങള്‍.
എന്നാല്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പ്രഖ്യാപിച്ച സംരക്ഷിത മേഖലയായ നാച്ച്വറല്‍ സോണിലേക്ക് സഞ്ചാരികള്‍ക്ക് പ്രവേശന സാതന്ത്ര്യം നല്‍കില്ല. നൂറു പേര്‍ക്കാണ് ഓരോ ദിവസവും പ്രവേശം അനുവദിക്കുക.
സന്ദര്‍ശകര്‍ക്കുള്ള പാസുകള്‍ നാളെ എട്ട് മുതല്‍ തിരുവനന്തപുരം പി ടി പി നഗറിലെ വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഓഫീസില്‍ നിന്നും ലഭിക്കും. ഒരാള്‍ക്ക് 500 രൂപയാണ് ഫീസ്. സ്ത്രീകള്‍ക്കും 14 വയസ്സിന് താഴെയുള്ളവര്‍ക്കും പ്രവേശം അനുവദിക്കില്ല. പാസ് ആവശ്യമുള്ളവര്‍ ടീം ലീഡറുടെയും മറ്റ് അംഗങ്ങളുടെയും തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പുകള്‍ അപേക്ഷയോടൊപ്പം നല്‍കണം. പ്ലാസ്റ്റിക്, മദ്യം, മറ്റു ലഹരി പഥാര്‍ഥങ്ങള്‍ എന്നിവ കൊണ്ടുപോകാന്‍ അനുവദിക്കില്ല.
യാത്രക്കാര്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ യാത്ര ചെയ്യണം. യാത്രയിലുണ്ടാകുന്ന കഷ്ട നഷ്ടങ്ങള്‍ക്ക് വനം വകുപ്പിനോ ഇക്കോ ഡെവലപ്‌മെന്റ് കമ്മിറ്റിക്കോ ഉത്തരവാദിത്വമുണ്ടാകില്ല. ബോണക്കാട്, അതിരുമല എന്നിവിടങ്ങളില്‍ ഇക്കോ ഡെവലപ്പ്‌മെന്റ് കമ്മിറ്റിയുടെ കാന്റീനുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതാണ്.