ഡൗണ്‍ ടൗണില്‍ വാടകയില്‍ സംഭവിച്ചത് 100 ശതമാനം വര്‍ധന

Posted on: January 11, 2014 7:49 pm | Last updated: January 11, 2014 at 7:49 pm

ദുബൈ: വേള്‍ഡ് എക്‌സ്‌പോ 2020നായി രാജ്യം ഒരുങ്ങുന്നതിനിടയില്‍ നഗരത്തിന്റെ ആഡംബര മുഖമായ ഡൗണ്‍ ടൗണില്‍ വാടകയില്‍ സംഭവിച്ചത് 100 ശതമാനം വര്‍ധനവ്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും താമസക്കാര്‍ ഒന്നടങ്കം വാടക വര്‍ധിക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നിതിനിടയിലാണ് ഡൗണ്‍ ടൗണ്‍ മേഖലയില്‍ വാടക കുത്തനെ വര്‍ധിച്ചിരിക്കുന്നതെന്ന് ‘പ്രോപര്‍ട്ടി പോര്‍ട്ടല്‍ പ്രോപര്‍ട്ടിഫൈന്റര്‍. എഇ’ നടത്തിയ പഠനം. ദുബൈയില്‍ 2012 മുതല്‍ വാടകയില്‍ ക്രമാനുഗമമായ വര്‍ധനവ് സംഭവിക്കുന്നതായാണ് വ്യക്തമാവുന്നത്.

എമിറേറ്റില്‍ വാടക ഏറ്റവും കൂടുതല്‍ വര്‍ധിച്ചിരിക്കുന്നതും ഡൗണ്‍ ടൗണ്‍ മേഖലയിലാണ്. മറ്റിടങ്ങളില്‍ 30 ശതമാനത്തില്‍ അധികം വര്‍ധനവ് ഉണ്ടായിരിക്കുന്നതായും പോര്‍ട്ടല്‍ എടുത്തു പറയുന്നു. അനിയന്ത്രിതമായി വാടക വര്‍ധിപ്പിക്കുന്ന പ്രവണതക്ക് തടയിടാനുള്ള ശ്രമത്തിലാണ് ദുബൈ ലാന്റ് ഡിപാര്‍ട്ട്‌മെന്റെന്ന് ഡയറക്ടര്‍ ജനറല്‍ സുല്‍ത്താന്‍ ബിന്‍ മെജ്‌റന്‍ പറഞ്ഞു. താമസത്തിനും വാണിജ്യാവശ്യങ്ങള്‍ക്കുമുള്ള വസ്തുവിന് വെവ്വേറെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കാനായി പഠനം നടത്തി വരികയാണ്.
ഈ വര്‍ഷം ജൂണോടെയോ വര്‍ഷത്തിന്റെ മൂന്നാം പാദത്തിലോ വാടകക്ക് കടുത്ത മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാടക അമിതമായി വര്‍ധിപ്പിക്കുന്ന പ്രവണതക്ക് കടിഞ്ഞാണിടാന്‍ പുതുതായി ഉണ്ടാക്കുന്ന വാടക കരാറുകളില്‍ ആവശ്യമായ നിയന്ത്രണങ്ങള്‍ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദുബൈ മറീനയില്‍ 36 ശതമാനത്തോളം വര്‍ധനവാണ് ഓരോ വര്‍ഷത്തിലും സംഭവിച്ചത്. 2013ന്റെ അവസാന മാസങ്ങളില്‍ അതിഭീമമായ വര്‍ധനവാണ് സംഭവിച്ചത്. ജുമൈറ ലേക് ടവറുകളിലും വാടകയില്‍ വന്‍ വര്‍ധനവാണ് കഴിഞ്ഞ ഏതാനും മാസങ്ങളില്‍ സംഭവിച്ചിരിക്കുന്നത്. പാം ജുമൈറ മേഖലയില്‍ വാടകയില്‍ വലിയ വര്‍ധനവ് ഉണ്ടായിട്ടില്ല. എന്നാല്‍ ഈ മേഖലയില്‍ ഒറ്റ മുറി അപാര്‍ട്ട്‌മെന്റുകള്‍ക്ക് 14 ശതമാനം വാടക വര്‍ധിച്ചിട്ടുണ്ട്. റിപോര്‍ട്ട് പ്രകാരം അ ഞ്ചാം സ്ഥാനമാണ് ജുമൈറക്കുള്ളത്.
ദുബൈ സ്‌പോര്‍ട്‌സ് സിറ്റി വാടക വര്‍ധനവില്‍ 18ാം സ്ഥാനത്തായിരുന്നുവെങ്കില്‍ 2013 മൂന്നാം വാരത്തിലെ റെന്റ് റിപോര്‍ട്ടോടെ ഇത് ആറാം സ്ഥാനത്തേക്ക് എത്തിയിരിക്കയാണ്. ഈ മേഖല തുടര്‍ച്ചയായി കായികമത്സരങ്ങളുടെ വേദിയാവുന്നതും രാജ്യാന്തര നിലവാരമുള്ള വിദ്യാലയങ്ങളുടെ സാന്നിധ്യവും മികച്ച ആരോഗ്യ സേവന കേന്ദ്രങ്ങളും ഹോട്ടലുകളുടെ സമീപ്യവുമാണ് മേഖലയിലേക്ക് താമസക്കാരെ ആഘര്‍ഷിക്കുന്നത്.
എക്‌സ്‌പോക്കായി നഗരം ഒരുങ്ങുന്നതിനാല്‍ പ്രോപര്‍ട്ടിയില്‍ പണം നിക്ഷേപിക്കുന്നത് മികച്ച ലാഭം ലഭിക്കാന്‍ ഉപകരിക്കുമെന്നാണ് പ്രോപര്‍ട്ടി പോര്‍ട്ടല്‍ പ്രോപര്‍ട്ടിഫൈന്റര്‍.എഇ നിക്ഷേപകരോട് ഉപദേശിക്കുന്നത്.