ലോകത്തെ 40 മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ സെര്‍ ബനിയാസും

Posted on: January 11, 2014 7:42 pm | Last updated: January 11, 2014 at 7:42 pm

അബുദാബി: ലോകത്തെ ഏറ്റവും മികച്ച 40 വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ സെര്‍ ബനി യാസ് ഐലന്റും. ലോകത്ത് നിശ്ചയമായും കണ്ടിരിക്കേണ്ട 40 കേന്ദ്രങ്ങളുടെ കൂട്ടത്തിലാണ് സെര്‍ ബനി യാസ് ഇടം കണ്ടെത്തിയിരിക്കുന്നത്. ബ്രിട്ടീഷ് ദിനപത്രമായ ഗാര്‍ഡിയനാണ് 40 കേന്ദ്രങ്ങളുടെ പട്ടിക പുറത്തുവിട്ടത്. ഇവിടെയുള്ള അനന്തര റിസോര്‍ട്ടിനെ പുകഴ്ത്താനും ബ്രിട്ടീഷ് പത്രം മറന്നില്ല.

ചുറ്റുമുള്ള സുന്ദര വസ്തുക്കളില്‍ നിന്നും സെര്‍ ബനി യാസ് ഐലന്റ് പ്രകൃതിദത്തമായ സൗന്ദര്യത്താല്‍ വേറിട്ടു നില്‍ക്കുന്നു. അല്‍ യാം എന്ന പേരിലുള്ള കടല്‍ക്കരയിലേക്ക് മുഖം നോക്കി നില്‍ക്കുന്ന 30 വില്ലകളും കടലാമകള്‍ക്ക് മുട്ടയിടാനായി ഒരുക്കിയിരിക്കുന്ന മേഖലയും അല്‍ ഷാഹലിലെ 30 വില്ലകളുമെല്ലാം മനുഷ്യ ജന്മത്തില്‍ കണ്ടിരിക്കേണ്ടവയാണ്. അറേബ്യന്‍ ഗള്‍ഫ് മേഖലയില്‍ നിന്നും ഗാര്‍ഡിയന്‍ പട്ടികയില്‍ ഇടം കണ്ടെത്തിയ ഏക കേന്ദ്രമാണ് സെര്‍ ബനി യാസ് ഐലന്റ്.
സെര്‍ ബനി യാസ് ഐലന്റിനെ ഗാര്‍ഡിയന്‍ പത്രം, കണ്ടിരിക്കേണ്ട 40 കേന്ദ്രങ്ങളില്‍ ഒന്നായി തിരഞ്ഞെടുത്തതില്‍ അതിയായ സന്തോഷമുണ്ടെന്ന് അനന്തരയുടെ ജനറല്‍ മാനേജര്‍ വലീദ് സഊദ് അഭിപ്രായപ്പെട്ടു.
ഇത് സൂചിപ്പിക്കുന്നത് സെര്‍ ബനി യാസ് ഐലന്റിന്റെ ഖ്യാതി മാത്രമല്ല, ആഡംബരത്തിനൊപ്പം പ്രകൃതിദത്തമായ ഒരുപാട് കാര്യങ്ങളും ഈ പ്രദേശത്തെ മറ്റുള്ളവയില്‍ നിന്നും വേറിട്ടതാക്കുന്നു. അഢംബരവും പ്രകൃതി ഭംഗിയും ഇഴപിരിക്കാനാവാത്ത സൗന്ദര്യം ഇവിടത്തെ പോലെ മറ്റൊരിടത്തും ദൃശ്യമാവണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
യു എ ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെ സ്വകാര്യ കാഴ്ച ബംഗ്ലാവിലൂടെയാണ് സെര്‍ ബനി യാസ് ഐലന്റ് തുടക്കത്തില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. 2007ലാണ് ഇതിനെ വിനോദസഞ്ചാര കേന്ദ്രമായി പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്.